
ശ്രീധരൻ പിള്ളയുടെ
കോടതിച്ചിരി
ബി.ജെ.പി നേതാവു കൂടിയായ അഡ്വ. പി.എസ്. ശ്രീധരൻപിള്ളയുടെ കോടതി അനുഭവങ്ങളുടെ ഹാസ്യാത്മക അവതരണമാണ്, 'ചിരിയും ചിന്തയും കറുത്ത കോട്ടിൽ." എഴുത്ത് ശ്രീധരൻപിള്ളയ്ക്ക് ശ്വാസവായു തന്നെയാണ്. ഏത് ഔദ്യോഗികപദവി വഹിക്കുമ്പോഴും പിരിമുറുക്കംകൊണ്ട് കറുത്തു പോകാത്ത മനസും മുഖവുമാണ് ഗ്രന്ഥകാരന്റേത്. ആ ലാളിത്യവും ഹൃദയവിശാലതയും ഈ പുസ്തകത്തിലും നിലാവുപോലെ തെളിഞ്ഞുനില്പുണ്ട്. നാട്ടരുവി പോലുള്ള രചന എന്നാണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്ന പ്രൊഫ. വി. മധുസൂദനൻ നായരുടെ വിലയിരുത്തൽ. ഒന്നോ ഒന്നരയോ പേജിൽ കവിയാത്തതാണ് ഓരോ ചിരിയദ്ധ്യായവും എന്നതുതന്നെ ഈ പുസ്തകത്തെ കൂടുതൽ വായനാക്ഷമമാക്കുന്നുണ്ട്.
പ്രസാധകർ:
കറന്റ് ബുക്സ്
സ്ത്രീപക്ഷ
സങ്കടങ്ങൾ
സ്ത്രീജീവിതത്തിന്റെ സംഘർഷങ്ങളും സങ്കടങ്ങളും അക്ഷരങ്ങളിൽ ആവാഹിക്കുന്ന ചെറുകവിതകളുടെ സമാഹാരമാണ് രാജൻ സി.എച്ച് എഴുതിയ 'പാമ്പായും പറവയായുമുള്ള ഉപമകൾ." ഈ കവിതകളിൽ കണ്ടുമുട്ടുന്ന സ്ത്രീജീവിതങ്ങൾ നമ്മുടെ അനുഭവ പരിസരവുമായി അഗാധബന്ധമുള്ളതാണ്. ആമുഖമോ മുഖവുരയോ ഒന്നുമില്ലാതെ നേരിട്ട് കവിതകളിലേക്ക് തുഴഞ്ഞിറങ്ങാവുന്ന പുസ്തകത്തിലെ കവിതകളെക്കുറിച്ച് സംസാരിക്കുന്നത് ആ കവിതകൾ തന്നെയാണെന്ന് വായനയിൽ ബോദ്ധ്യപ്പെടുക തന്നെ ചെയ്യും.
പ്രസാധകർ: ടുഡേ ബുക്സ്
തിരുവനന്തപുരം
മനസ് എന്ന
പെൺകവിത
കടന്നുപോകുന്ന കാലത്തിന്റെ ഓർമ്മപ്പെടുത്തലുകൾ എന്നു വിശേഷിപ്പിക്കാവുന്ന, കുളത്തൂർ വിക്രമൻ നായരുടെ മുപ്പത്തിയാറ് കവിതകളുടെ സമാഹാരമാണ് 'മനസ്." പിന്നിട്ട വഴികളിൽ കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമൊന്നും മറന്നുകളയാനുള്ളതല്ലെന്നും, അവ പകർന്നു നല്കിയ പാഠങ്ങൾ അനന്തര തലമുറയ്ക്ക് പങ്കുവയ്ക്കാൻ കൂടിയുള്ളതാണെന്നുമുള്ള തിരിച്ചറിവാണ് ഈ സമാഹാരത്തിലെ ഓരോ കവിതയുടെയും പിറവിക്കു പിന്നിൽ. ജീവിതത്തെ അനശ്വരമാക്കുന്ന കലയുടെ തത്വശാസ്ത്രത്തെ സരളമായി പ്രതിപാദിക്കുന്നവയാണ് ഈ കവിതകളെന്ന് അവതാരികയിൽ ഡോ. എസ്. രവീന്ദ്രൻ നായർ സാക്ഷ്യപ്പെടുത്തുന്നു. കവി തന്നെയാണ് പ്രസാധകനും.
ശൈലന്റെ
ഞാനും മറ്റും
കവിതയിലും കഥയിലും മാത്രമല്ല, അവയുടെ പ്രസാധനത്തിലും പരീക്ഷണങ്ങളും പുതുമകളും അരങ്ങേറുന്ന കാലമാണ്. അത്തരമൊരു കൗതുകമാണ് ശൈലന്റെ 'ഞാനും മറ്റും" എന്ന പുസ്തകം വായനക്കാരനു മുന്നിൽ തുറന്നുവയ്ക്കുന്നത്. കവിതകളാണ് ശൈലൻ എഴുതിത്തുടങ്ങിയത്. പിന്നെയത് കവിതയെന്നോ കഥയെന്നോ തിരിക്കാനാവാത്തൊരു ഗദ്യത്തിന്റെ ചാലിലേക്ക് ഒഴുകുകയായിരുന്നു എന്ന് ഇതിലെ ഓരോ കുറിപ്പും വിളിച്ചുപറയുന്നു. കുറിപ്പുകൾക്ക് പേരിടുന്നതിലും, പേജുകളുടെ രൂപകല്പനയിലുമൊക്കെ ഒരു പുതിയ സൗരഭമുണ്ടെന്ന് പറയാതെ വയ്യ. തീരെച്ചെറിയ ആത്മക്കുറിപ്പുകൾ.
പ്രസാധകർ:
ഒലിവ്, കോഴിക്കോട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |