
സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളുടെ ശേഷി 2,196 മെഗാവാട്ട്. ഇതിൽ നിന്ന് പ്രതിവർഷം ഉത്പാദിപ്പിക്കുന്നത് ശരാശരി 7200 മില്യൺ (720കോടി) യൂണിറ്റിലേറെ വൈദ്യുതി. മഴ കൃത്യമായി ലഭിച്ചാൽ ഇത് 9000 മില്യൺ യൂണിറ്റു വരെയാകും. വരൾച്ച രൂക്ഷമാകുമ്പോൾ ഉത്പാദനം 5000-6000 മില്യൺ യൂണിറ്റിലേക്ക് താഴും. മഴയെ ആശ്രയിച്ചു മാത്രം മുന്നോട്ടു പോകേണ്ടി വരുന്നതാണ് ജലവൈദ്യുത പദ്ധതികളുടെ പരിമിതി. വൈദ്യുതി ഉത്പാദനത്തിന് സാദ്ധ്യമായ മറ്റു മാർഗങ്ങൾ കണ്ടെത്താനാകാത്തതാണ് വൈദ്യുതി വാങ്ങൽ കരാറുകൾ എന്ന എളുപ്പമാർഗത്തിലേക്ക് കെ.എസ്.ഇ.ബിയെ നയിച്ചത്.
രാജ്യത്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്ന വൻകിട കമ്പനികളുടെ 'മികച്ച കസ്റ്റമർ' ആയി കെ.എസ്.ഇ.ബി മാറി. വൈദ്യുതിയുടെ വില താരതമ്യേന കുറവുള്ള ദീർഘകാല കരാറുകൾ, താരതമ്യേന വിലയുള്ള ഹ്രസ്വകാല കരാറുകൾ എന്നിവയിലേർപ്പെട്ടും തത്സമയ വിപണിയിൽ നിന്നും വൈദ്യുതി വാങ്ങി ഉപഭോക്താക്കൾക്കു നൽകുന്ന ഇടനിലക്കാരനെപ്പോലെ കെ.എസ്.ഇ.ബി മാറി. വൈദ്യുതി അധികമുള്ളപ്പോൾ കൊടുക്കുകയും ക്ഷാമമുള്ളപ്പോൾ തിരിച്ചുവാങ്ങുകയും ചെയ്യുന്ന 'കൈമാറ്റകരാർ' അടക്കം സംവിധാനങ്ങളുമുണ്ട്.
പ്രതിദിന ഉപയോഗം കഴിഞ്ഞ ദിവസങ്ങളിൽ 110 ദശലക്ഷം യൂണിറ്റിലെത്തിയപ്പോൾ വാങ്ങിയത് 90 ദശലക്ഷം യൂണിറ്റിലധികം വൈദ്യുതിയാണ്. യൂണിറ്റിന് പത്തുരൂപയും അതിലധികവും നൽകി വാങ്ങുന്നതുമൂലം കെ.എസ്.ഇ.ബിക്ക് ഉണ്ടാകുന്ന അധികബാദ്ധ്യത ഉപഭോക്താക്കളുടെ ചുമലിൽ എത്തുകയും ചെയ്യും.
കുറഞ്ഞ വിലയ്ക്കുള്ള ദീർഘകാല കരാർ റദ്ദാക്കിയതാണ് നിലവിലെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിന് ഇടയാക്കിയ ഘടകങ്ങളിലൊന്ന്. 465 മെഗാവാട്ട് വൈദ്യുതി 2040 വരെ യൂണിറ്റിന് ശരാശരി 4.29 രൂപയ്ക്ക് വാങ്ങാൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ചില കമ്പനികളുമായി കരാർ ഒപ്പിട്ടിരുന്നു. കരാർ നൽകിയത് നടപടിക്രമങ്ങൾ പാലിച്ചല്ലെന്ന് ചൂണ്ടിക്കാട്ടി രണ്ടുവർഷം മുമ്പ് റഗുലേറ്ററി കമ്മിഷൻ ഇത് റദ്ദാക്കി. ഇതിനുപിന്നിൽ സർക്കാർതല ഇടപെടലുകളുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കരാർ റദ്ദാക്കപ്പെട്ടതോടെ 6-12 രൂപയ്ക്കു വൈദ്യുതി വാങ്ങേണ്ടി വന്നു. ഇതിലൂടെ പ്രതിദിനം ഉണ്ടായ നഷ്ടം 15-20 കോടിവരെ. ഇതിന്റെ ബാദ്ധ്യത ജനങ്ങളും പേറേണ്ടിവരുന്നു.
കരാർ തുടർന്നിരുന്നെങ്കിൽ ഇപ്പോഴത്തെ അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഒഴിവാക്കാമായിരുന്നു. 2040വരെ 4.29 രൂപ നിരക്കിൽമാത്രം വൈദ്യുതി നൽകാനുള്ള ബാദ്ധ്യതയിൽ നിന്ന് കരാർ റദ്ദാക്കിയതിലൂടെ കമ്പനികൾ രക്ഷപ്പെടുകയും ചെയ്തു. 2000 കോടിയാണ് ജിൻഡാൽ പവർ ലിമിറ്റഡ്, ജിൻഡാൽ തെർമൽ പവർ ലിമിറ്റഡ്, ജാബുവ പവർ ലിമിറ്റഡ് തുടങ്ങിയ കമ്പനികൾക്ക് ഇതിലൂടെ ലാഭിക്കാനായത്. കെ.എസ്.ഇ.ബിക്കാവട്ടെ നഷ്ടവും. കരാർ റദ്ദാക്കിയതിലൂടെ നിലച്ച 465 മെഗാവാട്ട് വൈദ്യുതികൂടി ഉയർന്ന വിലയ്ക്ക് മറ്റ് കമ്പനികളിൽ നിന്ന് വാങ്ങേണ്ടിവരുന്നു.
ഓവർലോഡ് താങ്ങാനാവാതെ..
അമിതവില നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങിയാലും അത് സുഗമമായി വിതരണം ചെയ്യാനാകാത്തതാണ് കെ.എസ്.ഇ.ബി നേരിടുന്ന വലിയ പ്രതിസന്ധി. വർദ്ധിക്കുന്ന ഊർജ്ജ ഉപഭോഗത്തിന് അനുസൃതമായി ഗ്രിഡ് ശക്തമല്ലാത്തതാണ് പ്രശ്നം. ആവശ്യത്തിന് വൈദ്യുതി ലഭിച്ചാലും പീക്ക് സമയ ഉപഭോഗം 6000 മെഗാവാട്ടിലേക്ക് എത്തുന്നതോടെ നിയന്ത്രണം വേണ്ടിവരുന്നു.
വേനൽ രൂക്ഷമായ 2024ൽ ഓവർലോഡുമൂലമുള്ള വലിയ പ്രതിസന്ധി ഉണ്ടായി. തുടർന്ന് പ്രസരണ ശൃംഖല ശക്തിപ്പെടുത്തുന്ന വിവിധ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ലെന്നാണ് അപ്രഖ്യാപിത വൈദ്യുതി മുടക്കം ബോദ്ധ്യപ്പെടുത്തുന്നത്. 2025-26ൽ സിംഗിൾ ഫേസ് ലൈനുകൾ ത്രീഫേസിലേക്ക് മാറ്റുകയും ശേഷികൂടിയ ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കുകയും ചെയ്തു. എന്നിട്ടും ഓവർലോഡ് വരുമ്പോൾ ട്രാൻസ്ഫോർമറുകൾ തകരാറിലാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. വിതരണ ശൃംഖല ദുർബലമായ മലബാർ മേഖലയിലാണ് ഈ അവസ്ഥ വ്യാപകം.
പരിധിയില്ലാതെ സർചാർജ്
വേനൽക്കാലത്ത് ഉയർന്ന വിലയ്ക്ക് പവർ എക്‌സ്‌ചേഞ്ചുകളിൽ നിന്നടക്കം വൈദ്യുതി വാങ്ങുന്നതിന്റെ ബാദ്ധ്യത കെ.എസ്.ഇ.ബിയുടെ ചെലവ് കൂട്ടും. അപ്പോൾ നിരക്ക് വർദ്ധനയ്ക്കായി റഗുലേറ്ററി കമ്മിഷനെ സമീപിക്കും. കണക്കുകൾ പരിശോധിച്ചും തെളിവെടുപ്പ് നടത്തിയും കമ്മിഷൻ അനുമതി നൽകും. ഇതിനൊപ്പം ഓരോ മാസവും അധികബാദ്ധ്യത സർചാർജായും ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നു. സർചാർജ് യൂണിറ്റിന് 10 പൈസ എന്ന പരിധി നേരത്തെ ഉണ്ടായിരുന്നെങ്കിലും സർക്കാർ ആവശ്യപ്പെട്ടപ്രകാരം അടുത്തിടെ റഗുലേറ്ററി കമ്മിഷൻ ഇത് നീക്കിയിരുന്നു.
മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അരശതമാനം കൂടി കടമെടുപ്പു പരിധി കൂട്ടാൻ കേന്ദ്രം മുന്നോട്ടുവച്ച വ്യവസ്ഥ പാലിക്കാനാണ് സർചാർജ് പരിധി നീക്കിയത്. ഉപഭോക്താക്കൾക്ക് അമിത ഭാരമുണ്ടാകാതിരിക്കാനാണ് കമ്മിഷൻ നേരത്തേ സർചാർജിനു പരിധി നിശ്ചയിച്ചിരുന്നത്. 10 പൈസ പരിധി നീങ്ങിയതോടെ കെ.എസ്.ഇ.ബി ആവശ്യപ്പെടുന്ന സർചാർജ് എത്ര കൂടുതലാണെങ്കിലും റഗുലേറ്ററി കമ്മിഷനു ബോദ്ധ്യപ്പെട്ടാൽ അതതു മാസത്തെ വൈദ്യുതി ബില്ലിൽ ഉൾപ്പെടുത്താൻ അനുമതി നൽകും.
28148.34 ദശലക്ഷം യൂണിറ്റ്
2024-25ൽ കെ.എസ്.ഇ.ബി
വിതരണം ചെയ്ത വൈദ്യുതി
25337.3 ദശലക്ഷം യൂണിറ്റ്
2024-25ൽ പുറത്തുനിന്ന്
വാങ്ങിയത്
22883.6 ദശലക്ഷം യൂണിറ്റ്
പുറത്തു നിന്ന് വാങ്ങാൻ റഗുലേറ്ററി
കമ്മിഷൻ അനുവദിച്ചത്
2453.7 ദശലക്ഷം യൂണിറ്റ്
അധികം വാങ്ങിയത്
കെ.എസ്.ഇ.ബി വൈദ്യുതി
ഉത്പാദന ശേഷി
(മെഗാവാട്ടിൽ)
ജലവൈദ്യുത നിലയങ്ങൾ.............. 2196.36
താപനിലയം..................................... 159.96
കാറ്റാടിനിലയം................................. 2.025
സോളാർ........................................... 51.43
ആകെ............................................... 2409.775
പുറത്തുനിന്നു വാങ്ങുന്ന
വൈദ്യുതിയുടെ വില
(യൂണിറ്റിന്, രൂപയിൽ)
ഹ്രസ്വകാല കരാറുകളിൽ നിന്ന്.................................... 6.48
ദീർഘകാലകരാറുകളിൽ നിന്ന്..................................... 4.29
തത്സമയ മാർക്കറ്റിൽനിന്ന്............................................ 10
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |