
പാമ്പുകടിയേറ്റ് മരണം സംഭവിക്കുന്നതിന് പ്രധാന കാരണം ചികിത്സ വൈകിപ്പിക്കുന്നതും പ്രഥമ ശുശ്രൂഷയിലെ അപാകതകളുമാണ്. നാലുമണിക്കൂറിനകമെങ്കിലും ആന്റിവെനം കുത്തിവച്ചാൽ ജീവൻ രക്ഷിക്കാം.
മാളം വിട്ടിറങ്ങുന്ന വിഷപ്പാമ്പുകൾ മനുഷ്യന്റെ ഉറക്കം കെടുത്തുകയാണ്. പാമ്പുകടിയെപ്പറ്റിയുള്ള മനുഷ്യന്റെ അറിവ് പരിമിതമാണ്. പലതും തെറ്റുമാണ്. കൗമുദി ചാനൽ പോലെയുള്ള അപൂർവം മാദ്ധ്യമങ്ങൾ മാത്രമേ ഇക്കാര്യത്തിലുള്ള ബോധവത്കരണത്തിന് തയ്യാറാവുന്നുള്ളൂ. കൗമുദി ചാനലിലെ 'സ്‌നേക്ക് മാസ്റ്ററിലൂടെ' വാവ സുരേഷ് സൃഷ്ടിച്ച ആത്മവിശ്വാസവും അവബോധവും ചെറുതല്ല.
അപകടകരമായ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. പാമ്പുകൾ ഇര പിടിച്ചതിനുശേഷമുള്ള കടികളിലും പല്ലുകൾ ആഴത്തിൽ ഇറങ്ങാത്ത കടികളിലും മരണ കാരണമാകാവുന്ന അളവിൽ വിഷം പ്രവേശിക്കണമെന്നില്ല.
പാമ്പുകടിയേറ്റാൽ പേടിക്കരുത്. പാമ്പുകടിയേൽക്കുമ്പോൾ അറിയാതെ ഉത്പാദിപ്പിക്കപ്പെടുന്ന അഡ്രിനാലിൻ എന്ന ഹോർമോണാണ് പ്രധാനമായും ഭയം ഉണ്ടാകുന്നത്. ഭയം ചങ്കിടിപ്പും രക്തചംക്രമണവും വർദ്ധിപ്പിക്കും. വിഷം ശരീരത്തിൽ പെട്ടെന്ന് വ്യാപിക്കാൻ ഇതുകാരണമാകും. കടിയേറ്റ ഭാഗം ഹൃദയത്തിന് മുകളിലേക്ക് ഉയരാതെയും അനങ്ങാതിരിക്കാനും ശ്രദ്ധിക്കണം. വാച്ച്, വളകൾ, മാലകൾ, പാദസരങ്ങൾ, പാദരക്ഷകൾ എന്നിവയൊക്കെ ഊരിമാറ്റുക.
മുറിവ് വികൃതമാക്കുകയോ വിഷം ഊറ്റികളയാനുള്ള ശ്രമങ്ങളോ പാടില്ല. മുറിവിന് മുകൾഭാഗത്ത് കെട്ടാം. പക്ഷേ, മുറുകരുത്. ഐസുകട്ട മുറിവുഭാഗത്ത് വയ്ക്കരുത്. കടിച്ച പാമ്പിനെ അന്വേഷിച്ച് സമയം കളയാതെ കടിയേറ്റയാളെ ആന്റിവെനം ലഭ്യതയുള്ള ആശുപത്രിയിലെത്തിക്കണം. ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വിഷം വ്യാപിക്കാതിരിക്കാനുള്ള ശുശ്രൂഷയാണ് പ്രാഥമിക ലക്ഷ്യം. നിലവിൽ ഇന്ത്യയിലുടനീളം ഉപയോഗിക്കുന്ന പോളിവാലന്റ് മരുന്ന് വളരെ ഫലപ്രദമാണ്.
മൂർഖൻ പാമ്പിന്റെ വിഷം ശരീരത്തിലെ നാഡീവ്യൂഹത്തെയും പേശികളുടെ പ്രവർത്തനത്തെയുമാണ് നേരിട്ട് ബാധിക്കുന്നത്. അണലിയുടേത് രക്തചംക്രമണ വ്യൂഹത്തെയും. ശംഖുവരയൻ (വെള്ളിക്കെട്ടൻ) കടിച്ചാൽ വേദനക്കുറവുകാരണം പലപ്പോഴും അറിയണമെന്നില്ല. കടിയേറ്റ ഭാഗത്തെ രണ്ട് കുത്തുകൾ വിഷപ്പാമ്പുകടിയെ സൂചിപ്പിക്കുന്നു.
മരണത്തിലേക്ക്
തള്ളിവിടരുത്
പാമ്പുകടിയേറ്റ് മരണം സംഭവിക്കുന്നതിന് പ്രധാന കാരണം ചികിത്സ വൈകിപ്പിക്കുന്നതും പ്രഥമ ശുശ്രൂഷയിലെ അപാകതകളുമാണ്. നാലുമണിക്കൂറിനകമെങ്കിലും ആന്റിവെനം കുത്തിവച്ചാൽ ജീവൻ രക്ഷിക്കാം. പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. അതിനെ നിർവീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളിൽ നിന്നാണ് നിർമ്മിക്കുന്നത്.മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂർഖൻ, ശംഖുവരയൻ, അണലി, ചുരുട്ട മണ്ഡലി എന്നീ പാമ്പുകളുടെ വിഷം കുതിരയിൽ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തിൽ നിന്നും വേർതിരിച്ചെടുക്കുന്നു. ഇതാണ് മറുമരുന്ന്.
കേരളത്തിൽ മൂർഖൻ, ശംഖുവരയൻ എന്നിവയ്ക്കും അണലി, ചുരുട്ട മണ്ഡലി എന്നീ രണ്ടിനം അണലികൾക്കുമെതിരെയുള്ള ആന്റിവെനം മാത്രമേയുള്ളൂ. ഉഗ്രവിഷമുള്ള രാജവെമ്പാലയുടെ കടി നാട്ടിൻപുറങ്ങളിൽ അപൂർവമാണ്. രക്തത്തിൽ ഒഴുകി നടക്കുന്ന വിഷത്തെ നിർവീര്യമാക്കാനുള്ള കഴിവ് മാത്രമേ ആന്റിവെനത്തിനുള്ളൂ. വിഷം ആന്തരികാവയവങ്ങളെ ബാധിച്ചാൽ അതിനെ നിർവീര്യമാക്കാൻ ആന്റിവെനം ഫലപ്രദമല്ല. പാമ്പുകടിച്ചാൽ കാലതാമസം കൂടാതെ ചികിത്സാ സൗകര്യമുള്ള ആശുപത്രിയിൽ എത്തിക്കുകയാണ് പ്രധാനം.
ലക്ഷണങ്ങൾ തിരിച്ചറിയണം
കഠിനമായ വേദന, നീർവീക്കം, നിറംമാറൽ, തലകറക്കം, ശ്വാസംമുട്ടൽ, ഛർദ്ദി, പേശീവലിവ് എന്നിവയാണ് വിഷപ്പാമ്പുകടിയുടെ പൊതുവായ ലക്ഷണങ്ങൾ. രക്തസ്രാവം അണലിയുടെ കടിയേറ്റാലുള്ള ലക്ഷണങ്ങളിലൊന്നാണ്. പ്രത്യേകിച്ച് മൂക്കിൽ നിന്നും വായിൽനിന്നും. രക്തം ഛർദ്ദിക്കാനും ഇടയുണ്ട്. പാമ്പുകടിയേറ്റാൽ വിഷമുള്ള പാമ്പാണോ, അല്ലയോ എന്നറിയാൻ മുറിവുകളുടെ രീതി നോക്കുക. വിഷപ്പാമ്പുകൾ കടിച്ചാൽ സൂചിക്കുത്ത് ഏറ്റതുപോലെ രണ്ട് അടയാളങ്ങൾ കാണാം. കടിച്ച പാമ്പിന്റെ വലിപ്പത്തെ ആശ്രയിച്ച് രണ്ട് അടയാളങ്ങളും വ്യത്യാസപ്പെട്ടിരിക്കും. പാമ്പിന്റെ മറ്റുപല്ലുകളും പതിഞ്ഞേക്കാമെങ്കിലും വിഷപ്പല്ലുകൾ മാത്രമാണ് സൂചിക്കുത്തുപോലെ കാണപ്പെടുന്നത്. വിഷപ്പാമ്പാണെങ്കിൽ കടിച്ച ഭാഗത്ത് വിഷം കലർന്നിട്ടുണ്ടെങ്കിൽ കഠിനമായ നീറ്റലും തരിപ്പും അനുഭവപ്പെടും.പാമ്പിന്റെ ഇനം, ഉള്ളിൽ കടന്ന വിഷത്തിന്റെ അളവ് എന്നവയ്ക്കനുസരിച്ച് നീറ്റലിന് ഏറ്റക്കുറച്ചിലുണ്ടാകാം.
ശംഖുവരയൻ
ശംഖുവരയൻ കടിച്ചാൽ കടിയേറ്റ ഭാഗത്ത് വേദനയോ വീക്കമോ മറ്റു പ്രശ്‌നങ്ങളോ കാണാറില്ല. ഉറങ്ങിക്കിടക്കുന്ന ഒരാളെ ശംഖുവരയൻ കടിച്ചാൽ, പാമ്പുകടി എന്ന സാദ്ധ്യതപോലും ചിലപ്പോൾ ഡോക്ടർമാർ ചിന്തിക്കില്ല. കടിച്ച മുറിവോ വേദനയോ വീക്കമോ ഒന്നുമില്ലാതെ വയറുവേദനയും ഛർദ്ദിയുമായി രോഗി വന്നാൽ ഉദര സംബന്ധമായ അസുഖങ്ങൾ സംശയിച്ച് ചികിത്സിക്കും. നാഡീവ്യൂഹം തളരുന്നതിന്റെ ആദ്യ ലക്ഷണങ്ങളായ കൺപോളകൾ അടഞ്ഞു
പോകുന്നതുപോലും അവശതയുടെ ലക്ഷണങ്ങളായി തെറ്റിദ്ധരിക്കും. രോഗ നിർണയം
പൂർണമായി തെറ്റുകയോ വൈകിപോവുകയോ ചെയ്യുന്നത് രോഗിയുടെ ജീവൻ അപകടത്തിലാക്കും.
മൂർഖൻ
മൂർഖന്റെ വിഷവും നാഡീവ്യൂഹത്തെ ബാധിക്കുന്നതിനാൽ കണ്ണ് താനെ അടഞ്ഞു പോവുക, നാവു കുഴയുക, കാഴ്ച മങ്ങുക, ഒരു വസ്തുവിനെ രണ്ടെണ്ണമായി കാണുക തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കും. ചികിത്സ വൈകിയാൽ മരണം സംഭവിക്കും.
അണലി
അണലി വിഷം രക്തക്കുഴലുകളേയും കിഡ്‌നിയുടെ പ്രവർത്തനത്തെയാണ് ബാധിക്കുക. രക്തം കട്ടിയാവാനുള്ള ശേഷി നഷ്ടപ്പെടും. താത്കാലികമായോ സ്ഥിരമായോ ഉണ്ടാകുന്ന ഹോർമോൺ തകരാറുകളും അപൂർവമായുണ്ടാകും.
പാമ്പിന് പിന്നാലെ പോകരുത്
കടിച്ച പാമ്പ് ഏതാണെന്ന് അറിയുന്നത് ചികിത്സയ്ക്ക് നിർബന്ധമുള്ള കാര്യമല്ല. വിഷബാധ ഉണ്ടോ ഇല്ലയോ എന്ന് ലക്ഷണങ്ങൾ നോക്കിവിലയിരുത്തുകയാണ് പ്രധാനം. പാമ്പിനെ പിടിക്കാൻ ശ്രമിച്ച് സമയം പാഴാക്കരുത്. വിഷം ആന്തരികാവയവങ്ങളിൽ വ്യാപിച്ചശേഷം നൽകുന്ന ആന്റിവെനത്തിന് ഫലമുണ്ടാകില്ല. ചികിത്സ കിട്ടിയ ശേഷവും ചിലർ മരണപ്പെടുന്നതിന്റെ കാരണമിതാണ്. മൂർഖൻ,ശംഖുവരയൻ എന്നിവ കടിച്ച് ശ്വസനപേശികൾ തളർന്ന് ശ്വാസതടസം നേരിടുന്നവരെ, വിഷത്തിന്റെ പിടിയിൽനിന്നും ശരീരം മുക്തമാകുന്നതുവരെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കാറുണ്ട്. അണലി വിഷബാധയിൽ വൃക്കകളുടെ പ്രവർത്തനം കാര്യമായി തകരാറിലായാൽ ഡയാലിസിസ് വേണ്ടിവന്നേക്കാം. രോഗി രക്ഷപ്പെടുന്നതോടെ വൃക്കകളുടെ പ്രവർത്തനം പൂർവസ്ഥിതിയിലാവാറാണ് പതിവ്.
(മൃഗസംരക്ഷണവകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടറാണ് ലേഖകൻ)
ഫോൺ: 9447324846
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |