
കൊച്ചി: രാജ്യത്ത് മത്സ്യ സമ്പത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം. സിഎംഎഫ്ആര്‍ഐ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ തീരത്ത് നിന്ന് പിടികൂടിയത് 35.7 ലക്ഷം ടണ്‍ മത്സ്യമാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനത്തിന്റെ വര്‍ദ്ധനവാണ് കണക്കില്‍ രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തമിഴ്‌നാട് തീരത്ത് നിന്നാണ് രാജ്യത്ത് ഏറ്റവും അധികം മത്സ്യം പിടികൂടിയത്. 6.85 ലക്ഷം ടണ്‍ ആണ് തമിഴ്‌നാട്ടില്‍ പിടികൂടിയത്.
ഗുജറാത്ത് ആണ് രണ്ടാം സ്ഥാനത്തുള്ളത്, കേരളം മൂന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. കേരളീയരുടെ ഇഷ്ട മത്സ്യമായ മത്തിയുടെ ലഭ്യതയും ഉയര്‍ന്നിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനമാണ് മത്തിയുടെ അളവിലെ വര്‍ദ്ധനവ്. 1.68 ലക്ഷം ടണ്ണുമായി സംസ്ഥാനത്ത് ഏറ്റവുമധികം പിടിച്ച മത്സ്യവും മത്തിയാണ്. കഴിഞ്ഞ വര്‍ഷം 1.49 ലക്ഷം ടണ്‍ മത്തിയാണ് കേരളത്തില്‍ നിന്ന് ലഭിച്ചത്. ഇപ്പോള്‍ കിട്ടിയ 1.68 ലക്ഷം ടണ്‍ എന്നത് 2013ന് ശേഷമുളള ഏറ്റവും വലിയ കണക്കാണ്.
കേരളത്തിലെ ആകെ സമുദ്രമത്സ്യ ലഭ്യത 6.24 ലക്ഷം ടണ്ണാണ്. മത്തിക്ക് പുറമെ, കിളിമീന്‍, കണവ-കൂന്തല്‍-നീരാളി ഇനങ്ങളുടെ ലഭ്യതയിലും വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍, തിരിയാന്‍, ചെമ്മീന്‍, പാമ്പാട എന്നിവ കുറഞ്ഞു. മത്തി കഴിഞ്ഞാല്‍, അയല (62,269 ടണ്‍), കൊഴുവ (43,917 ടണ്‍), കിളിമീന്‍ (43,184 ടണ്‍), ചെമ്മീന്‍ (40,443 ടണ്‍) എന്നിവയാണ് കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യയിനങ്ങള്‍.
രാജ്യത്ത് ആകെയുള്ള കണക്ക് പരിശോധിച്ചാല്‍ അയലയാണ് ഏറ്റവും അധികം കിട്ടിയ മീന്‍. 2.70 ലക്ഷം ടണ്‍ അയലയാണ് ഇന്ത്യന്‍ തീരത്ത് നിന്ന് പിടികൂടിയത്. സമുദ്ര മത്സ്യോല്‍പാദനത്തില്‍ കര്‍ണാടകയില്‍ 44 ശതമാനവും മഹാരാഷ്ട്രയില്‍ 18 ശതമാനവും വര്‍ദ്ധനവ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |