
തൊടുപുഴ: ഉടുമ്പന്നൂർ ഉപ്പുകുന്ന് കള്ളിക്കൽ ആദിവാസി ഊരിലെ കണ്ണാടിപ്പായ ഇനി അറബിനാട്ടിലേക്കും. ബഹ്റൈനിൽ നിന്ന് പ്രവാസി മലയാളിയുടേതാണ് ഓർഡർ. യു.എസ്,ബംഗളൂരു,ഡൽഹി തുടങ്ങി വിവിധയിടങ്ങളിലേയ്ക്കും കണ്ണാടിപ്പായ നൽകിയിട്ടുണ്ടെങ്കിലും ഗൾഫ് രാജ്യത്ത് നിന്ന് ആവശ്യക്കാരെത്തുന്നത് ആദ്യമാണ്.
പാലമൂട്ടിൽ അംബുജം ഭാസ്ക്കരന്റെ (46) നേതൃത്വത്തിലുള്ള പല്ലവി നെയ്ത്ത് യൂണിറ്റിലെ 10 സ്ത്രീകളാണ് പരമ്പരാഗത രീതിയിൽ പായ നിർമ്മിക്കുന്നത്. 'മെയ്യീറ്റ' (ഞൂഞ്ഞലീറ്റ) എന്ന പ്രത്യേകതരം മുള ഉപയോഗിച്ചാണ് നിർമ്മാണം. ഇടുക്കിയിലെ വൈശാലി വനത്തിൽ നിന്നാണ് ഇവ വെട്ടിയെടുക്കുന്നത്. ഒരു പായ നെയ്തെടുക്കാൻ 15-20 ദിവസം വേണം. വലിപ്പമനുസരിച്ച് 1,500 മുതൽ 40,000 വരെയാണ് വില. തണുത്ത കാലാവസ്ഥയിൽ ചൂടും വരണ്ട കാലാവസ്ഥയിൽ തണുപ്പും നൽകുന്ന പായ 10 വർഷത്തോളം നിലനിൽക്കും.
വിശറി,മുറം,വല്ലം,പരമ്പ്,പുട്ടുകുറ്റി,മുളഅലമാര,പൂവ്,മൊബൈൽ സ്റ്റാൻഡ് തുടങ്ങിയ മുളയുത്പന്നങ്ങളും ഇവിടെ വിൽക്കുന്നുണ്ട്. ഉത്സവപറമ്പുകളും സർക്കാർ സ്റ്റാളുകളുമാണ് പ്രധാന വിപണി. ദൂരസ്ഥലങ്ങളിലേയ്ക്ക് സാധനങ്ങൾ കൊറിയറായി അയയ്ക്കും. കൂടാതെ ആവശ്യകാർക്ക് പരിശീലന ക്ലാസുമുണ്ട്. കൂടാതെ,അംബുജവും സംഘവും തനത് കലാരൂപങ്ങളായ പരിചമുട്ടും കമ്പ്കളിയും നിരവധിവേദികളിൽ അവതരിപ്പിക്കുന്നുണ്ട്.
രാഷ്ട്രപതിയും വാങ്ങി
2025 മാർച്ചിൽ ഡൽഹിയിൽ നടന്ന അമൃത് മഹോത്സവത്തിൽ കേരളത്തിലെ മുളഉത്പന്നങ്ങൾ പ്രദർശിപ്പിച്ച സ്റ്റാളിൽ നിന്ന് രാഷ്ട്രപതി ദ്രൗപദി മുർമു കണ്ണാടിപ്പായ മേടിച്ചത് അംബുജത്തിന് ഇന്നും മറക്കാനാവത്ത നിമിഷമാണ്. നാല് വർഷങ്ങൾക്ക് മുമ്പ് ഉപ്പുകുന്നിൽ മൃഗാശുപത്രിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്റി ജെ. ചിഞ്ചുറാണിയ്ക്ക് ഉപഹാരമായി നൽകിയ കണ്ണാടിപ്പായ സ്വീകരിച്ചശേഷം ചോദിച്ചത് ഇതിൽ കണ്ണാടി എവിടെയെന്നാണ്. കണ്ണാടികൂടി ചേർത്താണ് പായ നെയ്യുന്നതെന്നായിരുന്നു മന്ത്റി കരുതിയത്. പ്രകാശമേറ്റാൽ നല്ല തിളക്കം അനുഭവപ്പെടുന്നതിനാലാണ് ഇത് കണ്ണാടിപ്പായ എന്നറിയപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |