SignIn
Kerala Kaumudi Online
Friday, 01 May 2026 6.16 AM IST

വൈദ്യുതി ബോർഡ് കണ്ണു തുറക്കണം

Increase Font Size Decrease Font Size Print Page
ss

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കൂടിയ വിലയ്ക്ക് പുറംവൈദ്യുതി വാങ്ങുന്നതിന് അനുമതി ചോദിച്ചു ചെന്ന സംസ്ഥാന വൈദ്യുതി ബോ‌ർഡിനോട് റഗുലേറ്ററി കമ്മിഷൻ ചോദിച്ച ലളിതമായൊരു ചോദ്യമുണ്ട്- ഈ പ്രതിസന്ധി മുന്നിൽക്കാണാതിരുന്നത് എന്ത്? കെ.എസ്.ഇ.ബി അന്ന് ഉത്തരമൊന്നും പറഞ്ഞില്ലെങ്കിലും അത് ഉപഭോക്താക്കൾക്ക് അറിയാം: മുന്നിലും പിന്നിലും ഒന്നും കണ്ടുമില്ല; ഒരു ചുക്കും ചെയ്തുമില്ല! അന്ന് കമ്മിഷന്റെ അനുമതി കിട്ടാതിരുന്നതിനു പിന്നാലെയാണ് മുന്നറിയിപ്പില്ലാതെ വൈദ്യുതിബന്ധം വിച്ഛേദിച്ച് ഊർജ്ജക്ഷാമം നേരിടുന്ന ചെപ്പടിവിദ്യയ്‌ക്ക് ബോർഡ് ഒരുങ്ങിയത്. പീക്ക് സമയത്ത് പതിനഞ്ചും ഇരുപതും മിനിട്ട് നേരത്തേക്ക് കറന്റ് കട്ടാക്കി,​ ജനത്തെ കെ.എസ്.ഇ.ബി വിയർപ്പിച്ചു കിടത്തി! ആക്ഷേപം കടുത്തപ്പോൾ,​ അത് ഔദ്യോഗികമാക്കുകയും അരമണിക്കൂർ വീതം ലോഡ് ഷെഡിംഗ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഭാഗ്യത്തിന് അത് രണ്ടുദിവസത്തേക്കേ വേണ്ടിവന്നുള്ളൂ. അപ്പോഴേക്കും കേന്ദ്രത്തിൽ നിന്ന് പ്രതിദിനം 200 മെഗാവാട്ട് വൈദ്യുതി കിട്ടിത്തുടങ്ങിയതാണ് കാര്യം.

യഥാർത്ഥത്തിൽ ഇത്തവണ വേനൽ കടുത്തതായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കിയിരുന്നതാണ്. വേനൽ കടുക്കുമ്പോൾ അണകളിലെ വെള്ളം പെട്ടെന്ന് നീരാവിയാകും. ജലനിരപ്പ് താഴും. വൈദ്യുതി ഉത്പാദനം കുറയും. അത്യുഷ്ണം സഹിക്കാനാവാതെ ജനം രാപകലില്ലാതെ ഫാൻ ഉപയോഗിക്കും. വല്ല നിവൃത്തിയുമുള്ളവർ എയർ കണ്ടിഷണറുകൾ വാങ്ങി ഫിറ്റ് ചെയ്യും. അല്ലെങ്കിൽത്തന്നെ,​ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഗൃഹോപകരണങ്ങളുടെ വില്പന ഓരോ ദിവസവും കൂടിവരികയാണ്. ചുരുക്കിപ്പറഞ്ഞാൽ,​ വൈദ്യുതിയുടെ കാര്യത്തിൽ ഇത്തവണ നമ്മൾ 'നമശ്ശിവായ' ചൊല്ലേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി ഒഴികെ സർവമാന പേർക്കും നേരത്തേ അറിയാമായിരുന്നതാണ്. ബോർഡ് മാത്രം ഇതൊന്നും കണ്ടുമില്ല,​ കേട്ടുമില്ല. അതിന് ഒരു കാരണമേയുള്ളൂ- പ്രതിസന്ധി വരുമ്പോൾ ഓടിച്ചെന്ന് അന്യായവിലയ്ക്ക് പുറംവൈദ്യുതി വാങ്ങാം. വിലപേശി കമ്മിഷൻ കീശയിലാക്കാം. ബാദ്ധ്യത ഉപഭോക്താവിന്റെ തലയിലിരിക്കുകയും ചെയ്യും.

ജലവൈദ്യുതി ഉത്പാദനവുമായി ബന്ധപ്പെട്ട് ഡാം മാനേജ്മെന്റ് എന്നൊരു സംഭവമുണ്ട്. മഴക്കാലത്ത് അണക്കെട്ടുകളിൽ സംഭരിക്കപ്പെടുന്ന വെള്ളം ഏതെല്ലാം മാസങ്ങളിൽ വൈദ്യുതി ഉത്പാദനത്തിന് വിനിയോഗിക്കണമെന്നും,​ വേനലിലെ പ്രതിസന്ധി മറികടക്കാൻ എത്ര വെള്ളം നിലനിറുത്തണമെന്നും മറ്റുമുള്ള ശാസ്ത്രീയമായ കണക്കുകൂട്ടലാണ് ആ മാനേജ്മെന്റ്. ഇക്കഴിഞ്ഞ വർഷം നമ്മുടെ വൈദ്യുതി വിദഗ്ദ്ധന്മാരാരും ആ മാനേജ്മെന്റ് പാഠം ഉൾക്കൊണ്ടില്ലെന്നാണ് വാർത്തകൾ വെളിവാക്കുന്നത്. കഴിഞ്ഞ ജൂൺ മുതൽ,​ ഡാമുകളിൽ വേണ്ടത്ര വെള്ളമുണ്ടായിരുന്ന അഞ്ചുമാസക്കാലത്ത് ഗംഭീരമായ ഉത്പാദനം നടത്തി 'ദീവാളികുളിച്ചു!' ആ സമയത്ത് ആവശ്യത്തിന് വൈദ്യുതി ഉത്പാദിപ്പിക്കേണ്ടേ എന്ന ചോദ്യം ന്യായമാണ്. പക്ഷേ,​ കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്ന് ആ സമയത്ത് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടുമായിരുന്നു! അത് കൃത്യമായി വാങ്ങുകയും,​ അണകളിലെ വെള്ളം വേനൽക്കാല വൈദ്യുതി ഉത്പാദനത്തിനായി സംഭരിച്ചു നിറുത്തുകയും ചെയ്തിരുന്നെങ്കിൽ സൂര്യകോപത്തിന്റെ കാലത്ത് ഇങ്ങനെ വിയർക്കേണ്ടിവരില്ലായിരുന്നു. ആ വകതിരിവ് ഇല്ലാതെപോയത് എന്താണെന്നാണ് കമ്മിഷൻ ചോദിച്ചത്.

തക്കസമയത്ത് കേന്ദ്രവൈദ്യുതിയുടെ ഔദാര്യംകൊണ്ട് തത്കാലം രക്ഷപ്പെട്ടു. അടുത്ത വർഷം സ്ഥിതി ഇതിനേക്കാൾ രൂക്ഷമായിരിക്കുമെന്ന് തീർച്ചയാണ്. സമ്പൂർണ വൈദ്യുതീകൃത സംസ്ഥാനമാണ് കേരളം. എല്ലാ വീട്ടിലും വൈദ്യുതിയുണ്ട്. ജനങ്ങളുടെ ജീവിതനിലവാരം ഉയരുന്നതിന് അനുസരിച്ച് അവർ വൈദ്യുതി ഉപകരണങ്ങൾ വാങ്ങിക്കൊണ്ടിരിക്കും. മുമ്പ് ആഡംബരമായിരുന്ന എയർ കണ്ടിഷണർ ആണ് ഇപ്പോൾ അവശ്യ ഉപകരണമായി മാറിയിരിക്കുന്നത്. ആളുകളുടെ ക്രയശേഷി കൂടിയതോടെ എന്തിനുമേതിനും വൈദ്യുതി ഉപകരണങ്ങൾ വേണമെന്നായി. സൗരവൈദ്യുതി രാത്രിനേരത്തേക്ക് സംഭരിച്ചുവയ്ക്കുന്നതിനുള്ള 'ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം' (ബെസ്)​ ഒരുക്കുന്ന പണി വൈകിയാണെങ്കിലും തുടങ്ങിയിട്ടുണ്ട്. കാസർകോട്ടെ മൈലാട്ടിയിൽ തുടങ്ങിയ 'ബെസി'ന്റെ പണി തീരാൻ ആറുമാസമെടുക്കും. മലപ്പുറം,​ ആലപ്പുഴ,​ തിരുവനന്തപുരം ജില്ലകളിലും 'ബെസ്' സ്ഥാപിക്കുന്നുണ്ട്. അടുത്ത കൊല്ലത്തെ വേനൽ ആകുമ്പോഴത്തേക്കെങ്കിലും ഇതെല്ലാം പ്രവർത്തനസജ്ജമായാൽ മതിയായിരുന്നു. അതിനുള്ള കരുണയും കരുതലും കെ.എസ്.ഇ.ബി കാണിക്കണം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.