
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന ശ്രീനാരായണഗുരുവിന്റെ ജീവിതവും ദർശനവും എന്ന ഒരു വർഷ ഡിപ്ലോമ കോഴ്‌സിന് മേയ് 10 വരെ അപേക്ഷിക്കാം.
ശ്രീനാരായണഗുരുവിന്റെ ജീവിതം, സാമൂഹികവും സാംസ്‌കാരികവും മതപരവുമായ ഇടപെടലുകൾ, രചനകളും പ്രസംഗങ്ങളും, ദർശനം എന്നിവയാണ് പ്രധാന പഠനമേഖലകൾ. എസ്.എസ്.എൽ.സി അഥവാ തത്തുല്യ പരീക്ഷ വിജയിച്ചവർക്ക് stp.sgou.ac.in വഴി അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. രണ്ട് സെമസ്റ്ററുകളിലായി ക്രമീകരിച്ചിരിക്കുന്ന കോഴ്സിൽ ഓൺലൈനായും ഓഫ് ലൈനായും ക്ലാസുകൾ (ഹൈബ്രിഡ് മോഡിൽ) ക്രമീകരിച്ചിട്ടുണ്ട്. മലയാളം മാദ്ധ്യമമായുള്ള പാഠ്യപദ്ധതിയിൽ 24 ക്രെഡിറ്റുകളാണുള്ളത്. മുപ്പത് ശതമാനം ഇന്റേണൽ മാർക്കും എഴുപത് ശതമാനം സെമസ്റ്റർ പരീക്ഷാ മാർക്കും അടിസ്ഥാനമാക്കിയാണ് മൂല്യനിർണയം.
അപേക്ഷാ സമയത്ത് 250 രൂപ രജിസ്ട്രേഷൻ ഫീസായി ഒടുക്കണം. സെമസ്റ്റർ ഫീസ്, പരീക്ഷാ ഫീസ്, സിലബസ് എന്നിവയ്ക്കായി യൂണിവേഴ്സിറ്റി വെബ്സൈറ്റ് സന്ദർശിക്കണം. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ രേഖയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷാ വേളയിൽ അപ്‌ലോഡ് ചെയ്യണം. ഫോൺ: 9188909901, 0474-2966841. സാങ്കേതിക സഹായങ്ങൾക്ക് ഫോൺ: 9188909903
ഓപ്പൺ യൂണി. പഠനകേന്ദ്രങ്ങളാകാൻ അപേക്ഷിക്കാം
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ലേണർ സപ്പോർട്ട് സെന്ററുകൾ (പഠന കേന്ദ്രം), പരീക്ഷാ കേന്ദ്രങ്ങൾ, കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങൾ എന്നിവയായി പ്രവർത്തിക്കുന്നതിന് താത്പര്യമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമുള്ള സർക്കാർ എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിൽ പ്രവർത്തിക്കുന്നതും കേരളത്തിലെ ഏതെങ്കിലും സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ളതുമായ എൻജിനിയറിംഗ് കോളേജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് അർഹത. മതിയായ അടിസ്ഥാന സൗകര്യങ്ങളുണ്ടാവണം. യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള ഫോർമാറ്റിൽ അപേക്ഷ പൂരിപ്പിച്ച് registrar@sgou.acവഴി മേയ് 20ന് മുൻപ് അയയ്ക്കണം. വിശദവിവരങ്ങളും അപേക്ഷാ ഫോമും യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |