
ഹൈദരാബാദ്: സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയെയും കാമുകനെയും അറസ്റ്റുചെയ്‌ത് പൊലീസ്. ഹൈദരാബാദിലെ ഹുസൈൻ സാഗർ തടാകത്തിൽ ചാടിമരിച്ച 36കാരനായ എസ്. സീതാറാം റെഡ്ഡിയുടെ മരണത്തിലാണ് ഭാര്യ രേണുകയ്ക്കും കാമുകനുമെതിരെ പൊലീസ് നടപടിയെടുത്തത്.
കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ് സീതാറാം റെഡ്ഡിയെ ഹുസൈൻ സാഗർ തടാകത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുന്നത്. മരണത്തിന് പിന്നിൽ ഭാര്യയുടെയും കാമുകന്റെയും മാനസിക പീഡനമാണെന്നാണ് സീതാറാമിന്റെ കുടുംബം പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രേണുകയ്ക്ക് ബിസിനസുകാരനായ എം. രമണ റെഡ്ഡിയുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്.
ജനുവരിയിൽ രേണുക വീടുവിട്ടിറങ്ങിയതോടെ ദമ്പതികൾക്കിടയിൽ തർക്കം രൂക്ഷമായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് സീതാറാം റെഡ്ഡി നേരത്തെ പരാതി നൽകിയിരുന്നു. രേണുകയുമായി ബന്ധപ്പെട്ട സ്വകാര്യ വീഡിയോകൾ സീതാറാമിന് ലഭിച്ചിരുന്നതായും ഇത് അദ്ദേഹത്തെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയെന്നും കുടുംബം ആരോപിച്ചു. 2018ലായിരുന്നു ഇവരുടെ വിവാഹം. അഞ്ചും ഏഴും വയസുള്ള രണ്ട് കുട്ടികളുണ്ട്. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്ത് രേണുകയെയും കാമുകൻ രമണ റെഡ്ഡിയെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |