
മലപ്പുറം: ലഹരി പരിശോധനയ്‌ക്കെത്തിയ മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതി പിടിയിൽ. ചെറുമുക്ക് പള്ളിക്കൽത്തായം വയലോരത്ത് താമസിക്കുന്ന സഹൽ ഇബ്നു അബ്ദുള്ളയെയാണ് ( 29 ) പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് തിരുരങ്ങാടി പൊലിസ് സംഘവും താനൂർ ഡന്സാഫ് ടീമും ചേർന്ന് കഴിഞ്ഞ ദിവസം പുലർച്ച കോട്ടക്കലിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
ഫ്രെബുവരിയിലാണ് സംഭവം നടന്നത്. ചെറുമുക്ക് പള്ളിക്കൽ താഴം വയലോരത്ത് ലഹരി വിൽപ്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് പരിശോധനയ്ക്ക് എത്തിയ മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ പി പ്രഭാകരൻ (52), സിവിൽ എക്സൈസ് ഓഫീസർ വിപിൻ (35) എന്നിവർക്ക് പരിക്കേറ്റത്. സംഭവത്തിൽ മുന്നിയൂർ തലപ്പാറ സ്വദേശി കൈതകത്ത് അഹ്‌മൽ (32) മമ്പറം കാവുങ്ങൽ പാറ സ്വദേശി മുഹമ്മദ് ഷഫീക് (30 )എന്നിവരെ നേരത്തെ തന്നെ പൊലീസ് പിടികൂടിയിരുന്നു.
2025 സെപ്തംബർ നാലിന് 05.21 ഗ്രാം മെത്താംഫെറ്റമെെൻ കൈവശം വച്ച കേസിൽ പ്രതിയായ കെ പി സഹലിനെ മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വഡിന്റെ നേതൃത്വത്തിൽ പിടികൂടി പരപ്പനങ്ങാടി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
ജാമ്യത്തിൽ ഇറങ്ങിയ സഹൽ വീണ്ടും എംഡിഎംഎ വില്പന തുടങ്ങിയതായി രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്നാണ് എക്സൈസ് ഉദ്യോഗസ്‌ഥർ മഫ്തിയിൽ സ്കൂട്ടറിൽ പരിശോധനയ്ക്കായി ചെറുമുക്ക് പള്ളിക്കൽ താഴത്ത് എത്തിയത്. അതിനിടെ സമീപത്തെ റോഡിൽ നിർത്തിയിട്ടിരുന്ന 'KL 52 C 3251' ഓട്ടോറിക്ഷയിൽ സഹലും സംഘവും ഉണ്ടായിരുന്നു. ഉദ്യോഗസ്ഥരെ കണ്ട പ്രതികൾ ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങി കാറിലേക്ക് കയറി എക്സൈസ് ഉദ്യോഗസ്‌ഥരുടെ നേരെ പാഞ്ഞെത്തി. സ്കൂട്ടറിൽ ഇടിച്ചശേഷം അൽപം ദൂരം മുന്നോട്ട് കൊണ്ടുപോയി. തുടർന്ന് കാറുമായി ചെമ്മാട് സി കെ നഗർ ഭാഗത്തേക്ക് രക്ഷപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥർക്ക് കെെയിലും കെെലിലും പരിക്കേറ്റിരുന്നു. നാട്ടുകാരാണ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ എത്തിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |