
കൊച്ചി: ട്രെയിനിൽ അംഗപരിമിതനായ വയോധികനെ കവർച്ച ചെയ്ത കുറ്റവാളിയെ എറണാകുളം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. 14 ക്രിമിനൽ കേസുകളിലെ പ്രതി മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി പോക്കിലത് പുറക്കൽ വീട്ടിൽ റസൽ ജാസിയാണ് (26) പിടിയിലായത്.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് വ്യാഴാഴ്ച രാത്രി 8.30ന് പുറപ്പെട്ട കാരയ്ക്കൽ എക്സ്‌പ്രസ് ട്രെയിനിന്റെ പിന്നിലെ അംഗപരിമിതർക്കുള്ള കോച്ചിൽ യാത്ര ചെയ്ത 73കാരനായ കൊല്ലം സ്വദേശിയാണ് കവർച്ചയ്ക്ക് ഇരയായത്. തമിഴ്നാട്ടിൽ ചികിത്സയ്ക്ക് പോയതായിരുന്നു.
ട്രെയിൻ സ്റ്റേഷൻ വിട്ടയുടൻ മൊബൈൽ ഫോണും 8000 രൂപയടങ്ങിയ പഴ്സും തട്ടിയെടുത്ത പ്രതി പുല്ലേപ്പടിക്കും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനുമിടെ ട്രെയിൻ വേഗം കുറച്ച തക്കത്തിന് ചാടിയിറങ്ങി കടന്നു.
സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചുള്ള തെരച്ചിലിൽ വെള്ളിയാഴ്ച പുലർച്ചെ സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇയാൾ പിടിയിലായത്. കവർന്ന മൊബൈൽ ഫോണും ബാക്കിയുണ്ടായിരുന്ന 2500 രൂപയും കൈവശം കണ്ടെടുത്തു. എറണാകുളം റെയിൽ ഇൻസ്പെക്ടർ കെ.ബാലൻ, ആർ.പി.എഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണി, എസ്.ഐ സാജു പോൾ, എസ്.സി.പി.ഒ ഷഹേഷ് രവീന്ദ്രൻ, സി.പി.ഒ റിസ്വാൻ, എച്ച്.സിമാർ അനീഷ് തോമസ്, ഷിബു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |