
വിഴിഞ്ഞം: മത്സ്യബന്ധന സീസണിനെ വേരവേൽക്കാനൊരുങ്ങി വിഴിഞ്ഞം തീരം. ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന സീസണ് മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് മത്സ്യത്തൊഴിലാളികൾ.
അവധി ദിവസങ്ങളിലുൾപ്പെടെ വലകളുടെ പണികളിലാണ് നിലവിൽ മത്സ്യത്തൊഴിലാളികൾ. ഈ മാസം പകുതിയോടെ പൊലീസ് എയ്‌ഡ്‌പോസ്റ്റും തീരത്ത് തയ്യാറാകും. സീസണിന് തുടക്കം കുറിച്ച് തമിഴ്‌നാട്ടിൽ നിന്നുൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികൾ എത്തും. വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ മുഴുവൻ സമയ കൺട്രോൾ റൂം പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. സുരക്ഷയ്ക്കായി ഫിഷറീസ് വകുപ്പിന്റെ മറൈൻ ആംബുലൻസ് 'പ്രതീക്ഷ' വിഴിഞ്ഞത്ത് സജ്ജമായിരിക്കും. ഇത് ഇപ്പോൾ കട്ടപ്പുറത്താണ്. താത്കാലിക ലൈഫ് ഗാർഡുമാരെയും നിയമിക്കും. ഒരുക്കങ്ങൾക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവരെ പങ്കെടുഷിച്ച് കളക്ടറുടെ നേതൃത്വത്തിൽ യോഗം വിളിക്കും. അടുത്ത മാസം ആദ്യ ആഴ്ചയോടെ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുമ്പോൾ വിഴിഞ്ഞത്ത് ചാകരക്കാലമാണ്.സീസൺ ആരംഭിക്കുന്നതോടെ തമിഴ്‌നാട് അതിർത്തി തീരങ്ങൾ,അഞ്ചുതെങ്ങ്,പൂവാർ, പെരുമാതുറ,പൂന്തുറ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികൾ ഇവിടേയ്ക്കെത്തും.
ക്യാമറകൾ മിഴിതുറക്കും
ഫിഷ്ലാൻഡും പരിസരവും സി.സി.ടി.വി ക്യാമറകളുടെ നിരീക്ഷണത്തിലാകും. നിലവിലുള്ള അറ്റകുറ്റപ്പണികൾ തീർത്ത് പ്രവർത്തനക്ഷമമാക്കാനാണ് പദ്ധതിയെന്ന് ഫിഷറീസ് അധികൃതർ പറഞ്ഞു.അടുത്ത ആഴ്ചയോടെ അറ്റകുറ്റപ്പണികൾ തുടങ്ങും.നിലവിൽ 20ഓളം ക്യാമറകളാണ് വിഴിഞ്ഞത്തും പരിസരത്തും സ്ഥാപിച്ചിട്ടുള്ളത്, ഇവയിലേറെയും മിഴിയടച്ചിരിക്കുകയാണ്.ഫിഷറീസ് സ്റ്റേഷനിലാണ് ക്യാമറയുടെ കൺട്രോൾ യൂണിറ്റ്. മത്സ്യത്തൊഴിലാളികൾക്കുള്ള കാലാവസ്ഥ മുന്നറിയിപ്പുൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാകുന്ന ഡിസ്പ്ലേ ബോർഡും അറ്റകുറ്റപ്പണി ചെയ്യും.
സീസൺ പ്രതീക്ഷ
കൊഞ്ചു ലഭിച്ചു തുടങ്ങും. കണവയും ചെറുമത്സ്യങ്ങളും വാളയും എത്തുന്നതോടെ സീസൺ തിരശ്ശീല വീഴുകയാണ് പതിവ്. കഴിഞ്ഞ സീസണിൽ തീരത്ത് മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾ നിറയെ മീൻ ലഭിച്ചു.ഇത് മത്സ്യബന്ധന മേഖലയിലെ അനുബന്ധ കച്ചവടക്കാർക്കും നല്ലകാലമാണ്.
ലഘുഭക്ഷണം ഒരുങ്ങും
ദൂരദേശത്തു നിന്ന് വരുന്നവർ ഉൾപ്പെടെയുള്ളവർക്കായി താത്കാലിക ലഘു ഭക്ഷണശാലകൾ ഒരുങ്ങും.തീരത്തോട് ചേർന്ന വീടുകളിലാകും ഇത്.ചൂണ്ട മുതൽ മത്സ്യബന്ധന ഉപകരണങ്ങളുടെ കച്ചവടവും തീരത്ത് സജീവമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |