SignIn
Kerala Kaumudi Online
Sunday, 03 May 2026 6.31 PM IST

മംഗളാദേവിയിലേക്ക് വാഹനസൗകര്യം ഒരുക്കിയതിൽ വീഴ്ച

Increase Font Size Decrease Font Size Print Page

que
കുമളിയിൽ ടാക്സികൂപ്പണെടുക്കാൻ വരി നിൽക്കുന്ന ഭക്തർ

തൊടുപുഴ: മംഗളാദേവി ചിത്രപൗർണമി ഉത്സവത്തിനെത്തിയ ഭക്തർക്ക് മതിയായ വാഹനസൗകര്യം ലഭ്യമായില്ലെന്ന് ആരോപണം. ദർശനത്തിനായി വണ്ണാത്തിപ്പാറയിലെ മലമുകളിലെത്താൻ മണിക്കൂറുകളോളമാണ് ഭക്തർ കുമളിയിൽ വരി നിന്നത്. കടുത്ത ചൂടിലും ഇത്തവണ ദർശനത്തിന് മുൻ വർഷത്തേക്കാൾ ഇരട്ടി ജനം വരുമെന്ന വിലയിരുത്തൽ കേരള- തമിഴ്നാട് ഭരണകൂടങ്ങൾക്ക് ഉണ്ടായിരുന്നതിനാൽ ഇതനുസരിച്ച് വാഹനക്രമീകരണം ഒരുക്കുമെന്ന് ജില്ലാഭരണകൂടം അറിയിച്ചിരുന്നെങ്കിലും ഇത് പൊതുജനത്തിന് ഉപകാരപ്പെട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

562 വാഹനങ്ങളാണ് മോട്ടോർ വാഹനവകുപ്പ് സജ്ജമാക്കിയിരുന്നത്. ഇതിൽ 362 ടാക്സിയും മറ്റുള്ളവ കേരള- തമിഴ്നാട് സർക്കാർ വാഹനങ്ങളുമായിരുന്നു. എന്നാൽ 200 രൂപ നിരക്കിൽ നിശ്ചയിച്ചിരുന്ന വാഹനങ്ങൾ പലതും ഉയർന്ന തുക വാങ്ങി സ്പെഷ്യൽ സർവീസ് നടത്തുകയായിരുന്നു. 5000 മുതൽ 6000 രൂപ വരെ വാങ്ങി ട്രിപ്പ് നടത്തിയതായാണ് ആരോപണം. ചിലർ ആളൊന്നിന് 1500 രൂപ എന്ന നിരക്കിൽ പണം വാങ്ങിയതായും ആരോപണമുണ്ട്. രാവിലെ ആറിന് ക്ഷേത്രത്തിലേയ്ക്ക് പ്രവേശനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പണം വാങ്ങി തങ്ങൾ നടത്തുന്ന ട്രിപ്പ് ആദ്യം കയറ്റിവിടണമെന്ന നിലപാട് ഡ്രൈവർമാർ എടുത്തതോടെ 200 രൂപയ്ക്ക് ദർശനത്തിനൊരുങ്ങിയ ഭക്തരെ 6.30 മുതലാണ് കടത്തിവിടാനായതെന്നും പറയപ്പെടുന്നു. ടാക്സി പെർമിറ്റുള്ള വാഹങ്ങളെ മാത്രമാണ് ഇത്തവണ അനുവദിച്ചിരുന്നത്. കഴിഞ്ഞ തവണ സ്വകാര്യവാഹനങ്ങൾക്കും അനുമതിയുണ്ടായിരുന്നു. ഇത്തരത്തിൽ ട്രിപ്പ് പേ‌ായ ഡ്രൈവർമാർ സ്പെഷ്യൽ ഓട്ടമെന്ന് പറഞ്ഞ് ദർശനം കഴിഞ്ഞിറങ്ങിയ ഭക്തരെ വാഹനത്തിൽ കയറ്റാതെ ഒഴിവാക്കിയതായും പരാതിയുണ്ട്.

വി.ഐ.പി ദർശനവും മോശം പെരുമാറ്റവും വില്ലനായി

സർക്കാർ വകുപ്പുകളുടെ വാഹനങ്ങളിൽ സ്വാധീനമുള്ളവർ വി.ഐ.പി ദർശനം നടത്തിയതോടെ ദുരിതത്തിലായത് 14 കിലോമീറ്ററോളം മലകയറിയ സാധാരണക്കാരാണ്. ക്ഷേത്രത്തിനകത്ത് ഭക്തജനങ്ങളെ തിരക്കിന്റെ പേരിൽ കോളറിൽ പിടിച്ച് വലിക്കാനും മറ്റുമാണ് കേരളത്തിലെ വനിതാ പൊലീസ് അടക്കമുള്ളവർ ശ്രമിച്ചത്. എന്നാൽ തമിഴ്നാട് പൊലീസ് തിരക്കിനെ ഫലപ്രദമായി കൈകാര്യം ചെയ്തതിനൊപ്പം ദർശനസൗകര്യവും ഒരുക്കി. ഭക്ഷണവും കുടിവെള്ളവും മരുന്നും മുടക്കമില്ലാതെ കിട്ടിയത് മാത്രമാണ് മല നടന്ന് കയറിയ ഭക്തർക്ക് ആശ്വാസമായത്.

''ഉത്സവം പരമാവധി ഭംഗിയായി കൈകാര്യം ചെയ്യാനായി. ചില വാഹനങ്ങൾ അമിതനിരക്ക് ഈടാക്കിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിലും രേഖാമൂലം പരാതി ലഭിച്ചിട്ടില്ല. നടപടി സ്വീകരിയ്ക്കുന്നതിന് പരിമിതികളുണ്ട് ""

-നിഖിൽ സ്കറിയ ( പീരുമേട് ജോ.ആർ.ഡി.ഒ)

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.