
വാഷിംഗ്ടൺ: 'ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു" -യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച അമേരിക്കൻ കോൺഗ്രസിനയച്ച കത്തിൽ ഇങ്ങനെയെഴുതി. ഇറാനെ തകർക്കുമെന്ന് ആവർത്തിക്കുന്നതിനിടയിലാണിത്.
ചില്ലറ ആശയക്കുഴപ്പമല്ല ഈ പരാമർശം സൃഷ്ടിച്ചത്. എന്നാൽ ഭരണഘടനാപരമായ നൂലാമാലകൾ മറികടക്കാനുള്ള ട്രംപിന്റെ വിദ്യയാണിത്.
1973ലെ യുദ്ധാധികാര പ്രമേയമനുസരിച്ച് യുദ്ധം ആരംഭിച്ച് 60 ദിവസത്തിനുള്ളിൽ കോൺഗ്രസിന്റെ അംഗീകാരം പ്രസിഡന്റ് നേടണം. മറിച്ചായാൽ സൈന്യത്തെ പിൻവലിക്കണം. ഇറാൻ യുദ്ധത്തിന് അംഗീകാരം നേടേണ്ട അവസാന ദിനം വെള്ളിയാഴ്ചയായിരുന്നു. കോൺഗ്രസിന്റെ അംഗീകാരം തേടലും സൈനിക പിന്മാറ്റവും ഒഴിവാക്കാനാണ് ഈ തന്ത്രം ട്രംപ് പ്രയോഗിച്ചത്.
ഏപ്രിൽ 8ന് പ്രാബല്യത്തിൽ വന്ന വെടിനിറുത്തൽ 60 ദിന പരിധിയെ അപ്രസക്തമാക്കിയെന്ന് ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് പറയുന്നു. യുദ്ധാധികാര പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്നാണ് ട്രംപിന്റെ നിലപാട്. അതേസമയം യുദ്ധം അവസാനിപ്പിച്ചെന്ന വാദം അംഗീകരിക്കാനാകില്ലെന്നും ഇറാനെതിരെ തുടരുന്ന നാവിക ഉപരോധവും സൈനിക സാന്നിദ്ധ്യവും ചൂണ്ടിക്കാട്ടി ഡെമോക്രാറ്റിക് അംഗങ്ങൾ പറഞ്ഞു. പോരാട്ടം അവസാനിച്ചതിനാൽ ഇനി കോൺഗ്രസിന്റെ അനുമതി തേടേണ്ടതില്ലെന്നും സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
സമാധാന
നിർദ്ദേശം തള്ളി
പാകിസ്ഥാൻ മുഖേന ഇറാൻ സമർപ്പിച്ച സമാധാന കരാർ ട്രംപ് തള്ളി. കരാറിലെ നിർദ്ദേശങ്ങളിൽ തൃപ്തനല്ലെന്ന് ട്രംപ് പറഞ്ഞു. നാവിക ഉപരോധം നീക്കിയാൽ, ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന് ഇറാൻ പറയുന്നു. എന്നാൽ ആണവ ചർച്ച പിന്നീടുമതിയെന്ന ഇറാന്റെ നിലപാടാണ് ട്രംപിനെ ചൊടിപ്പിച്ചത്.
ജർമ്മനിയോട്
ഇടഞ്ഞ്
യുദ്ധത്തിന്റെ പേരിൽ യൂറോപ്യൻ നേതാക്കളുമായി ഇടഞ്ഞ ട്രംപ്, നാറ്റോ സഖ്യ കക്ഷിയായ ജർമ്മനിയിൽ നിന്ന് 5,000 അമേരിക്കൻ സൈനികരെ അടുത്ത വർഷത്തിനുള്ളിൽ പിൻവലിക്കും. യു.എസിന് വ്യക്തമായ യുദ്ധതന്ത്രമില്ലെന്ന് ജർമ്മൻ ചാൻസലർ ഫ്രീഡ്റിക് മെർസ് വിമർശിച്ച പിന്നാലെയാണിത്. സ്പെയിൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നും സൈന്യത്തെ പിൻവലിച്ചേക്കും.
അരാഗ്ചിയെ
പുറത്താക്കാൻ നീക്കം
ഇറാനിൽ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെ പുറത്താക്കാൻ നീക്കം. സമാധാന ചർച്ചകളിൽ പ്രസിഡന്റ് മസൂദ് പെസഷ്കിയാന് പകരം റെവല്യൂഷണറി ഗാർഡിന്റെ നിർദ്ദേശങ്ങൾ സ്വീകരിച്ചെന്ന ആരോപണമാണ് പിന്നിൽ. അരാഗ്ചി പെസഷ്കിയാനെ അറിയിക്കാതെ റെവല്യൂഷണറി ഗാർഡ് മേധാവി അഹ്‌മ്മദ് വഹീദിയുടെ നീക്കങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയാണെന്നും പറയപ്പെടുന്നു.
വീണ്ടും നോബൽ
പ്രതീക്ഷ
ഇക്കൊല്ലത്തെ സമാധാന നോബലിനായി കംബോഡിയ, ഇസ്രയേൽ, പാകിസ്ഥാൻ എന്നിവർ ട്രംപിനെ നോമിനേറ്റ് ചെയ്തെന്ന് റിപ്പോർട്ട്. നോമിനേഷനുകൾ നോബൽ കമ്മിറ്റി പരസ്യപ്പെടുത്താറില്ല. ഒക്ടോബറിലാണ് സമ്മാന പ്രഖ്യാപനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |