SignIn
Kerala Kaumudi Online
Monday, 04 May 2026 7.53 PM IST

സിപിഎം അറിയുന്നുണ്ടാകും വീഴ്‌ചകളെപ്പോലും നർമോക്തി കൊണ്ട് തിരുത്തിയിരുന്ന ആ സെക്രട്ടറിയുടെ കുറവ്, എം വി ഗോവിന്ദന് പിഴച്ചത് എവിടെ?

Increase Font Size Decrease Font Size Print Page
govindan

കണ്ണൂർ: 'വിവാദങ്ങളിൽ പെടാതെ പാർട്ടി നേതാക്കൾ നാവടക്കണം' എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിർദ്ദേശിച്ചത് മാസങ്ങൾക്ക് മുൻപ് ചേർന്ന സംസ്ഥാനസമിതി യോഗത്തിലാണ്. എന്നാൽ കോടിയേരി ബാലകൃഷ്‌ണന്റെ മരണത്തിന് പിന്നാലെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദൻ പല തവണ തന്റെ സംസാരം വഴി പാർട്ടിയെ പ്രതിരോധത്തിലാക്കാൻ ഇടയാക്കിയിട്ടുള്ള നേതാവാണ്. സംസാരം വഴി മാത്രമല്ല അദ്ദേഹത്തിന്റെ പേരിൽ മറ്റ് വിവാദങ്ങളും ഇടയ്‌ക്കിടെയുണ്ടായി.

തലശേരി എംഎൽഎയും പിന്നീട് പ്രതിപക്ഷ ഉപനേതാവും ശേഷം 2006 മുതൽ 2011 വരെ വി എസ് മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയുമായിരുന്നു കോടിയേരി ബാലകൃഷ്‌ണൻ. പ്രതിപക്ഷ ഉപനേതാവായിരുന്ന കാലത്ത് നിരവധി സമരങ്ങൾക്കും മന്ത്രിയായപ്പോൾ സംസ്ഥാനത്തെ പൊലീസിനെ ജനകീയമാക്കുന്നതിലും ആഭ്യന്തര വകുപ്പിനെ നവീകരിക്കുന്നതിലും ജയിൽ നിയമം പരിഷ്‌കരിക്കാനും അദ്ദേഹത്തിനായി. പിന്നീട് 2015ലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ സ്ഥാനം അദ്ദേഹത്തെ തേടിയെത്തിയത്. രണ്ടാം പിണറായി സഭയിലെ സ്‌പീക്കറും അക്കാലത്ത് യുവനേതാവുമായിരുന്ന എ എൻ ഷംസീർ അദ്ദേഹത്തിന്റെ പ്രവർത്തനത്തെ കുറിച്ച് ഓർത്ത് പറഞ്ഞത് ഇങ്ങനെയാണ് ' ചില ഘട്ടങ്ങളിൽ ഞങ്ങൾ ക്ഷോഭിച്ചു സംസാരിച്ചാൽപ്പോലും അദ്ദേഹം ക്ഷമയോടെ കേട്ടിരുന്ന് ഉചിതമായ പരിഹാരങ്ങൾ നിർദ്ദേശിച്ചു. ഞങ്ങളുടെയൊക്കെ പ്രവർത്തനങ്ങളിൽ പരിചയക്കുറവുകൊണ്ട് സംഭവിക്കുന്ന വീഴ്ചകളെ അദ്ദേഹം നർമോക്തികളിലൂടെ തിരുത്തിച്ചിരുന്നു. എല്ലാവരും പറയുന്നത് ശ്രദ്ധയോടെ കേൾക്കാനും ഉചിതമായ മറുപടി നൽകാനുമുള്ള കഴിവ് പ്രത്യേകം എടുത്തു പറയേണ്ടതാണ്.' ഇത്തരത്തിൽ പാർട്ടിയിൽ ജനകീയനായിരുന്നു കോടിയേരി. യുവനേതാക്കൾക്ക് പോലും സമീപിക്കാവുന്നയാൾ.

കോടിയേരിയുടെ മരണത്തെ തുടർന്ന് എ വിജയരാഘവൻ പാർട്ടി സെക്രട്ടറിയുടെ താൽക്കാലിക ചുമതലയേറ്റു പിന്നീട് 2022 ഓഗസ്റ്റിലാണ് എം വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായത്. നിരവധി വിവാദങ്ങളാണ് അദ്ദേഹത്തിൽ നിന്ന് പാ‌ർട്ടിയ്‌ക്ക് ഉണ്ടായത്. 2023ൽ തൃശൂരിലെ സിപിഎം ജനകീയ പ്രതിരോധ ജാഥക്കിടെ പ്രസംഗിക്കവെ മൈക്ക് ശരിയാക്കാൻ നി‌ർദ്ദേശം നൽകാനെത്തിയ മൈക്ക് ഓപ്പറേറ്ററെ അദ്ദേഹം 'നിന്റെ മൈക്കിന്റെ' എന്ന്‌ പറഞ്ഞ് അപ്പോൾ തന്നെ ശാസിച്ചത് പാർട്ടി അനുഭാവികൾക്ക് പോലും അവമതിപ്പുണ്ടാക്കി.

സിൽവർ ലൈൻ വിരുദ്ധ സമരം ശക്തിപ്പെട്ട സമയത്ത് സിൽവർ ലൈൻ പദ്ധതിയുടെ ഗുണങ്ങൾ വിശദീകരിക്കവെ പാലക്കാട് കൂറ്റനാട് നിന്ന് അപ്പം ഉണ്ടാക്കി കൊച്ചിയിൽ വിൽക്കാൻ ഈ റെയിലിലൂടെ പറ്റുമെന്ന് പറഞ്ഞത് മറ്റൊരു വിവാദമായി. പലപ്പോഴും അദ്ദേഹത്തിന്റെ നിലപാടുകൾ പാർട്ടിക്കുള്ളിൽ തന്നെ പ്രതികരണവും ഉണ്ടാക്കി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചതിന് പിന്നാലെ റെഡ് ആർമി എന്ന ഇടത് അനുകൂല പേജിൽ 'നന്ദി ഉണ്ട് മാഷേ' എന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. ഇത് ഗോവിന്ദനെ ഉദ്ദേശിച്ചായിരുന്നു.

വികസന മുന്നേറ്റ ജാഥ നയിച്ച് തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ നയിച്ച എം വി ഗോവിന്ദൻ 2021ൽ ജയിച്ച തളിപ്പറമ്പിൽ ഇത്തവണ യുഡിഎഫിനാണ് മുൻതൂക്കം. 10,000ലധികം വോട്ടിന് അദ്ദേഹത്തിന്റെ ഭാര്യയും ഇത്തവണ സിപിഎം സ്ഥാനാർത്ഥിയുമായ പി കെ ശ്യാമള പിന്നിലാണ്. പാർട്ടി അനുഭാവികൾ പലരും സമൂഹമാദ്ധ്യമങ്ങളിൽ സെക്രട്ടറി സ്ഥാനത്ത് നിന്നും അദ്ദേഹം പടിയിറങ്ങണം എന്ന് കമന്റ് ചെയ്യുന്നുണ്ട്. അടിയന്തരാവസ്ഥ കാലത്തിന് ശേഷം ഏറ്റവും വലിയ തകർച്ച പാർട്ടി നേരിടുന്ന ഈ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ച സെക്രട്ടറിയായി അദ്ദേഹം മാറി. ഈ തകർച്ചയെ എങ്ങനെ സിപിഎം കാണുന്നു എന്നതും അതിനെ എങ്ങനെ മറികടക്കും എന്നത് വരുംദിവസങ്ങളിൽ നമുക്കറിയാം.

TAGS: MVGOVINDAN, CPM, KODIYERI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.