
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് എൽഡിഎഫിന് നേരിടേണ്ടി വന്നിരിക്കുന്നത്. 102 സീറ്റുകളിൽ യുഡിഎഫ് വിജയിച്ചപ്പോൾ 35 സീറ്റുകൾ മാത്രമാണ് എൽഡിഎഫിന് നേടാനായത്. ബിജെപി വീണ്ടും അക്കൗണ്ട് തുറക്കുക മാത്രമല്ല മൂന്നിടത്ത് വിജയിക്കുകയും ചെയ്തു. ഇതിനിടെ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധനേടുകയാണ്.
കുറിപ്പിന്റെ പൂർണരൂപം
“പാർട്ടിക്ക് പിണറായിയെ പോലൊരു മുഖ്യമന്ത്രിയെ കിട്ടിയേക്കാം പക്ഷെ കോടിയേരിയെ പോലൊരു പാർട്ടി സെക്രട്ടറിയെ കിട്ടില്ല. ചില നഷ്ടങ്ങൾ നികത്താനാവില്ല”. സഖാക്കൾ ഇപ്പോൾ പങ്കുവച്ച ഒരു വാചകമാണ്..
“ഞാൻ” എല്ലാത്തിനും വലുതാണ് എന്ന ചിന്ത ആധുനിക സമൂഹത്തിൽ ആർക്കും ഭൂഷണമല്ല. ഇത് പാർട്ടിക്ക് എതിരെ ഉള്ള ജനവിധി ആയി കാണാനാവില്ല, വ്യക്തികേന്ദ്രീകൃതമായ നിലപാടുകൾക്കെതിരെ ഉള്ളതാണ്, പരമ്പരാഗതമായി പാർട്ടിക്ക് ഒപ്പം നിന്ന മണ്ഡലങ്ങളിൽ പോലും വോട്ടുകൾ ലഭിക്കാത്തത് വ്യക്തികേന്ദ്രീകൃതമായ തെറ്റുകൾ തിരുത്തണം എന്ന മനോഭാവത്തോടെയാണ് പാർട്ടി അനുഭാവികൾ ഉൾപ്പെടെ വോട്ട് ചെയ്തത് എന്നത് കൊണ്ടാണ്.
അത് സാഹചര്യത്തിന്റെ വൈകാരികതയാണ്. അതിനെ മാനിക്കണം. അതാണ് തിരഞ്ഞെടുപ്പ് വിധി കാണിക്കുന്നത്. ഒരു തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ എല്ലാം ആയി തോറ്റാൽ എല്ലാം പോയി എന്നതല്ല കമ്മ്യൂണിസ്റ്റ് പാർട്ടി രീതി. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നിരാശയോ, വിജയിച്ചാൽ അമിതാഹ്ളാദമോ കമ്മ്യൂണിസ്റ്റ്കാർക്ക് ഉണ്ടാകാറില്ല, ഉണ്ടാകാൻ പാടില്ല.
കാരണം, തിരഞ്ഞെടുപ്പ് അവരെ സംബന്ധിച്ചിടത്തോളം മറ്റേതൊരു രാഷ്ട്രീയ സമരവും പോലെ തന്നെയാണ്. കമ്യൂണിസ്റ്റ്കാരന്റെ ദൗത്യം തിരഞ്ഞെടുപ്പിനും അപ്പുറത്തേക്ക് അനീതിക്കും ചൂഷണത്തിനുമെതിരായ സംഘം ചേരലാണ്, നിരന്തരമായ പോരാട്ടമാണ്. വിനയത്തോടെ ജനവിധി അംഗീകരിച്ച് നമുക്ക് മുന്നോട്ട് പോകാം. ജനങ്ങൾക്കൊപ്പം നിന്ന് തെറ്റുകൾ തിരുത്തി നമ്മൾ മുന്നോട്ട് പോകും. ജനങ്ങൾക്കൊപ്പം നിന്ന് നമ്മൾ തിരിച്ചു വരും.
സഖാക്കളെ മുന്നോട്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |