
തൃശൂർ: അടുത്ത കാലത്തൊന്നും ഇത്രയേറെ സന്തോഷം കോൺഗ്രസിനുണ്ടായിട്ടില്ല. സി.എൻ വിട പറഞ്ഞശേഷം നാഥനില്ലാതായെന്ന് തോന്നിച്ച ക്ഷീണകാലമായിരുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 13 മണ്ഡലങ്ങളിൽ ആറിടത്ത് ജയിച്ചതാണ് തിളക്കമാർന്ന വിജയം. പിന്നീട് 2016ലും 2021ലും നിയമസഭയിലേക്ക് ഒരാളെയെത്തിക്കാനേ യു.ഡി.എഫിനായുള്ളൂ. 2016ൽ വടക്കാഞ്ചേരിയിൽ അനിൽ അക്കരയും 2021ൽ ചാലക്കുടിയിൽ സനീഷ് കുമാർ ജോസഫുമാണ് ജയിച്ചത്. സനീഷ് കുമാർ ജോസഫ് വീണ്ടും വിജയിച്ചപ്പോൾ എൽ.ഡി.എഫിനൊപ്പം നിന്ന മറ്റ് മൂന്ന് സീറ്റുകൾ കൂടി യു.ഡി.എഫ് പിടിച്ചെടുത്തു. 1057 വോട്ട് നേടിയിടത്ത് 20,099 വോട്ടിനാണ് ഇപ്രാവശ്യത്തെ വിജയം.
മന്ത്രി ഡോ. ആർ.ബിന്ദു ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടനോട് പരാജയപ്പെട്ടത് സർക്കാരിനേറ്റ പ്രഹരമായി. കൊടുങ്ങല്ലൂരിൽ സിറ്റിംഗ് എം.എൽ.എ അഡ്വ. വി.ആർ.സുനിൽകുമാറിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ.ജനീഷാണ് തോൽപ്പിച്ചത്. എൽ.ഡി.എഫിന്റെ കൈയിലുണ്ടായിരുന്ന തൃശൂരും പിടിച്ചെടുത്ത് കോൺഗ്രസ് കരുത്തുകാട്ടി. 26,803 വോട്ടുകൾക്കാണ് രാജൻ പല്ലന്റെ വിജയം. 60,290 വോട്ട് യു.ഡി.എഫ് നേടിയപ്പോൾ രണ്ടാമതെത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആലങ്കോട് ലീലാകൃഷ്ണന് 33,457 വോട്ടും എൻ.ഡി.എ സ്ഥാനാർത്ഥി പത്മജ വേണുഗോപാലിന് 28,662 വോട്ടും മാത്രമേ നേടാനായുള്ളൂ. പക്ഷേ മിന്നും ജയത്തിനിടയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ.പ്രതാപൻ പ്രൊഫ. സി.രവീന്ദ്രനാഥിനോട് 126 വോട്ടിന് തോറ്റത് കോൺഗ്രസിന് തിരിച്ചടിയായി.
ഭൂരിപക്ഷം കുറഞ്ഞ് എൽ.ഡി.എഫ്
ഗുരുവായൂർ
എൻ.കെ.അക്ബർ.
ഭൂരിപക്ഷം 1,998 (2021ൽ 18,268)
കുന്നംകുളം
എ.സി.മൊയ്തീൻ 4,563 (2021ൽ 26,631)
മണലൂർ
പ്രൊഫ.സി.രവീന്ദ്രനാഥ് 126 (29,876)
വടക്കാഞ്ചേരി
സേവ്യർ ചിറ്റിലപ്പിള്ളി 5,690 (15,168)
ഒല്ലൂർ
കെ.രാജൻ 8,884 (21,506)
നാട്ടിക
ഗീത ഗോപി 7,093 (28,431)
കയ്പമംഗലം
കെ.കെ.വത്സരാജ് 9,944 (22,698)
പുതുക്കാട്
കെ.കെ.രാമചന്ദ്രൻ 2,853 (27,353)
ചേലക്കര
യു.ആർ.പ്രദീപ് 29,386 (ഉപതിരഞ്ഞെടുപ്പ് 12,201)
നിറംമങ്ങി, അഭിമാന വിജയം
കൃഷ്ണകുമാർ ആമലത്ത്
തൃശൂർ : ആഞ്ഞടിച്ച യു.ഡി.എഫ് തരംഗത്തിനിടയിൽ, ഒമ്പത് സീറ്റ് ലഭിച്ചത് എൽ.ഡി.എഫിന് ആശ്വാസമായി. കഴിഞ്ഞതവണ ചാലക്കുടിയിലും തൃശൂരിലും ഇരിങ്ങാലക്കുടയിലും ഒഴികെ എല്ലാ മണ്ഡലത്തിലും 15,000ൽ ഏറെ ഭൂരിപക്ഷത്തിൽ വിജയിച്ച എൽ.ഡി.എഫിന് ഇത്തവണ ചേലക്കരയിൽ മാത്രമാണ് മികച്ച ഭൂരിപക്ഷം ലഭിച്ചത്. ബാക്കിയുള്ള എല്ലാ സീറ്റിലും പതിനായിരത്തിൽ താഴെയായിരുന്നു ലീഡ്. ഇതിൽ ഗുരുവായൂരും മണലൂരും പുതുക്കാടും അയ്യായിരത്തിൽ താഴെ മാത്രമാണ് ഭൂരിപക്ഷം. കോൺഗ്രസിന്റെ ടി.എൻ.പ്രതാപന് മണലൂരിൽ ഫോട്ടോ ഫിനിഷിംഗിലായിരുന്നു തോൽവി.
2016ലും 2021ലും 13ൽ 12 സീറ്റും നേടിയ എൽ.ഡി.എഫിന് ഇത്തവണ മൂന്ന് സീറ്റ് അടിയറവ് പറയേണ്ടി വന്നു. രണ്ടെണ്ണം സി.പി.ഐയുടേതായിരുന്നെങ്കിൽ ഒരെണ്ണം സി.പി.എമ്മിന്റെതാണ്. ചാലക്കുടി കഴിഞ്ഞതവണ നിസാര വോട്ടിന് ജയിച്ചത് ഇത്തവണ വൻ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് നിലനിറുത്തിയത്. കയ്പ്പമംഗലത്ത് കെ.കെ.വത്സരാജ് പല ഘട്ടങ്ങളിലും പിന്നിലേക്ക് പോയെങ്കിലും അവസാനം ജയിച്ചുകയറി.
പുതുക്കാട് മുൻതിരഞ്ഞെടുപ്പിൽ വമ്പൻ ഭൂരിപക്ഷത്തിൽ വിജയിച്ച കെ.കെ.രാമചന്ദ്രൻ പലഘട്ടത്തിലും പിന്നിലേക്ക് പോയി. അവസാനം വെറും 2,853 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കടന്നുകൂടിയത്. മന്ത്രി കെ.രാജൻ കഴിഞ്ഞതവണ 21,000ൽ ഏറെ വോട്ടിനായിരുന്നു വിജയിച്ചതെങ്കിൽ ഭൂരിപക്ഷം കുറഞ്ഞു. വടക്കാഞ്ചേരിയിൽ സേവ്യർ ചിറ്റിലപ്പിള്ളിയും ഗുരുവായൂരിൽ എൻ.കെ.അക്ബറും മണലൂരിൽ പ്രൊഫ.സി.രവീന്ദ്രനാഥുമെല്ലാം വിയർത്ത് കുളിച്ചാണ് കടന്നുകയറിയത്.
അഞ്ചാംതവണയും മൊയ്തീൻ
കുന്നംകുളത്ത് എ.സി.മൊയ്തീൻ വടക്കാഞ്ചേരിയിലും കുന്നംകുളത്തുമായി തുടർച്ചയായി അഞ്ചാം തവണയും വിജയിച്ചപ്പോൾ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ തവണ 26,631 ആയിരുന്നെങ്കിൽ ഇത്തവണയത് എണ്ണായിരത്തിന് മുകളിലായി.
സി.പി.എമ്മിന് ആശ്വാസം
സി.പി.എമ്മിന് ഒരു സീറ്റാണ് ഇപ്രാവശ്യം നഷ്ടമായത്. മന്ത്രി മണ്ഡലമായ ഇരിങ്ങാലക്കുട കൈവിട്ടു. എല്ലായിടത്തും ഭൂരിപക്ഷം കുറഞ്ഞെങ്കിലും യു.ഡി.എഫ് തരംഗത്തിൽ പിടിച്ചുനിന്നു. സി.പി.എമ്മിന്റെ ഉരുക്കു കോട്ടയായ കണ്ണൂരിൽ പോലും പാർട്ടി അടപടലം തകർന്നു.
സി.പി.ഐക്ക് തിരിച്ചടി
കഴിഞ്ഞതവണ മത്സരിച്ച അഞ്ച് മണ്ഡലങ്ങളിലും വിജയം നേടിയ സി.പി.ഐ ഇത്തവണ മൂന്ന് സീറ്റിലാണ് വിജയിച്ചത്. കഴിഞ്ഞതവണ തൃശൂർ, ഒല്ലൂർ, നാട്ടിക, കയ്പ്പമംഗലം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ വിജയിച്ചപ്പോൾ ഇത്തവണ തൃശൂരും കൊടുങ്ങല്ലൂരും കൈവിട്ടു. ജയിച്ച ഇടങ്ങളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനേക്കാൾ നേർപ്പകുതിയായി ഭൂരിപക്ഷം.
നോട്ടയേറെ നാട്ടികയിൽ
തൃശൂർ: ജില്ലയിലെ 13 മണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ നോട്ടയ്ക്ക് വോട്ട് ലഭിച്ചത് ത്രികോണ മത്സരം നടന്ന നാട്ടികയിൽ, 1454. നോട്ടയിൽ രണ്ടാമതും മൂന്നാമതും എത്തിയത് ചേലക്കരയും പുതുക്കാടുമാണ്, യഥാക്രമം, 1232, 1231. തൃശൂർ (1043), കുന്നംകുളം (1115), വടക്കാഞ്ചേരി (1184) മണ്ഡലങ്ങളിലും നോട്ട ആയിരം കടന്നു.
ഒല്ലൂർ പ്രതിപക്ഷത്തേക്ക്,
കെ.രാജന് ഹാട്രിക്
തൃശൂർ: രാഷ്ട്രീയ ചരിത്രത്തിലാദ്യമായി ഒല്ലൂർ പ്രതിപക്ഷത്ത്. മണ്ഡലം രൂപീകരിച്ച 1982 മുതലുള്ള എട്ട് തിരഞ്ഞെടുപ്പുകളിൽ ഒല്ലൂരിൽ വിജയിച്ച മുന്നണിക്കായിരുന്നു കേരളഭരണം. 1982, 1991, 2001, 2011 എന്നീ വർഷങ്ങളിൽ യു.ഡി.എഫും 1987, 1996, 2006, 2016, 2021 വർഷങ്ങളിൽ എൽ.ഡി.എഫുമാണ് വിജയിച്ചത്. ഈ വർഷങ്ങളിൽ ഇവിടെ ജയിച്ച മുന്നണിക്കായിരുന്നു ഭരണം.
പ്രീ പോൾ, എക്സിറ്റ് പോൾ സർവേകൾ കേരളഭരണം യു.ഡി.എഫിനെന്ന് പ്രഖ്യാപിച്ചപ്പോൾ ഇടതുമന്ത്രിസഭയിലെ രണ്ടാമനായ മന്ത്രി കെ.രാജൻ തോൽക്കുമോയെന്നായിരുന്നു പലരുടെയും ആശങ്ക. എന്നാൽ, ചരിത്രം തിരുത്തിക്കുറിച്ചാണ് ഇക്കുറി കെ.രാജന്റെ വിജയം.
'മതനിരപേക്ഷ മനസുള്ളവരുടെ വിജയം. വ്യക്തിപരമല്ല, എൽ.ഡി.എഫിന്റെ ജനകീയ വികസന പ്രവർത്തനങ്ങളുടെ പേരിലുള്ള വിജയം. മറ്റ് കാര്യങ്ങളിൽ പഠിച്ച ശേഷം മാത്രം പ്രതികരണം.' വിജയത്തെക്കുറിച്ച് കെ.രാജന്റെ ആദ്യ പ്രതികരണമിങ്ങനെയായിരുന്നു
യു.ഡി.എഫ് നില മെച്ചപ്പെടുത്തി: അഡ്വ. ജോസഫ് ടാജറ്റ്
തൃശൂർ: മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി യു.ഡി.എഫിന് ജില്ലയിൽ നിലമെച്ചപ്പെടുത്താൻ കഴിഞ്ഞുവെന്ന് മാത്രമല്ല ആദ്യമായി എം.പിയെ ലഭിച്ച തൃശൂർ ജില്ലയിൽ ബി.ജെ.പിയെ മൂന്നാംസ്ഥാനത്ത് എത്തിച്ചുവെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. തൃശൂർ, കൊടുങ്ങല്ലൂർ നിയോജക മണ്ഡലങ്ങൾ ഉൾപ്പെടെ ബി.ജെ.പി മേഖലകളിൽ യു.ഡി.എഫ് നേടിയ മുന്നേറ്റം ബി.ജെ.പിയെ തളയ്ക്കാൻ സാധിച്ചുവെന്നതിന്റെ തെളിവാണ്.
2016ലും 2021ലും ഒരു സീറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അത് നാല് സീറ്റിലേക്ക് എത്തിക്കാൻ സാധിച്ചത് കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമാണ്. പരാജയപ്പെട്ട മണ്ഡലങ്ങളിലെ സാഹചര്യങ്ങൾ പരിശോധിക്കുമെന്നും അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.
എൽ.ഡി.എഫ് ഭൂരിപക്ഷത്തിൽ
ഒന്നാമനായി പ്രദീപ്
ചേലക്കര: യു.ഡി.എഫ് തരംഗത്തിലും കുലുങ്ങാതെ ചേലക്കരയിൽ വിജയക്കൊടി നാട്ടി യു.ആർ.പ്രദീപ്. എൽ.ഡി.എഫ് സ്ഥാനാർത്ഥികളിൽ ഏറ്റവും കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് പ്രദീപ് വിജയിച്ചത്. 29,386 ആണ് ഭൂരിപക്ഷം. 2016ലെ തിരഞ്ഞെടുപ്പിൽ 10,200 വോട്ടുകളുടെ ഭൂരിപക്ഷത്തിലും 2024ലെ ഉപ തിരഞ്ഞെടുപ്പിൽ 12,201 വോട്ടുകളുടെ ഭൂരിപക്ഷത്തിലുമാണ് പ്രദീപ് ചേലക്കരയിൽ വിജയിച്ചത്.
ജനാധിപത്യ വിശ്വാസികൾക്ക്
അഭിനന്ദനം: ആർ.ശങ്കർ ഫോറം
തൃശൂർ: ജനാധിപത്യ വിരുദ്ധ ഭരണത്തിന് കനത്ത തിരിച്ചടി നൽകി വിസ്മയം സൃഷ്ടിച്ച മുഴുവൻ ജനാധിപത്യ വിശ്വാസികളെയും അത്ഭുതവിജയം കൈവരിച്ച യു.ഡി.എഫ് എം.എൽ.എമാരെയും ആർ.ശങ്കർ ഫോറം സംസ്ഥാന പ്രസിഡന്റ് ടി.ആർ.രഞ്ജുവും ജനറൽ സെക്രട്ടറി എ.വി.സജീവും അഭിനന്ദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |