SignIn
Kerala Kaumudi Online
Saturday, 09 May 2026 11.53 AM IST

ഓക്‌സിജൻ മാസ്‌ക് നിർബന്ധം; ഈ ട്രെയിനിൽ യാത്ര ചെയ്‌താൽ മേഘങ്ങളെ തൊട്ടരികിൽ കാണാം, ടിക്കറ്റിന് വെറും 212 രൂപ

Increase Font Size Decrease Font Size Print Page
train

യാത്രകൾ ഇഷ്‌ടപ്പെടാത്തവർ വളരെ കുറവാണ്. പ്രത്യേകിച്ച് ട്രെയിൻ യാത്രകൾ. ചെലവ് കുറവായതതും ബസിനെ അപേക്ഷിച്ച് സുഖകരമാണെന്നതുമാണ് ഇതിന്റെ പ്രധാന കാരണം. എന്നാൽ, ആശുപത്രിയിലേതുപോലെ ഓക്‌സിജൻ സിലിണ്ടറുകളുടെയും ട്യൂബുകളുടെയും സഹായത്തോടെ ഒരു ട്രെയിൻ യാത്രയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ പാതയായ ചൈനയിലെ ചിംഗ്‌ഹായ് - ടിബറ്റ് റെയിൽവേയിലാണ് ഈ അപൂർവ യാത്രയുള്ളത്. മേഘങ്ങൾക്കിടയിലൂടെയാണ് ഈ ട്രെയിൻ സഞ്ചരിക്കുന്നത്.

ടിബറ്റിന്റെ തലസ്ഥാനമായ ലാസയിലേക്കാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. 1,956 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ട്രെയിൻ യാത്രയുടെ ഭൂരിഭാഗവും സമുദ്രനിരപ്പിൽ നിന്ന് 4,000 മീറ്റർ ഉയരത്തിലൂടെയാണ് സഞ്ചരിക്കുന്നത്. 5,072 മീറ്റർ ഉയരത്തിലുള്ള താംഗ്‌ഗുല പാസ് ആണ് ഈ യാത്രയിൽ കടന്നുപോകുന്ന ഏറ്റവും ഉയരമുള്ള പ്രദേശം. ഇത്രയും ഉയരത്തിൽ ഓക്‌സിജൻ ലഭ്യത കുറവായിരിക്കും. അതിനാൽ രണ്ട് തരത്തിലുള്ള ഓക്‌സിജൻ സംവിധാനങ്ങൾ ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്.

ട്രെയിനിലെ എ സി വഴി കോച്ചുകളിലേക്ക് ഓക്‌സിജൻ നൽകുന്നതാണ് ഒന്നാമത്തെ സംവിധാനം. 2,829 മീറ്റർ ഉയരത്തിലുള്ള ഗോൽമുഡ് പിന്നിടുമ്പോഴാണ് ഈ സംവിധാനം പ്രവർത്തിച്ചുതുടങ്ങുന്നത്. രണ്ടാമത്തേത്, സീറ്റുകൾക്ക് സമീപമുള്ള ചെറിയ പൈപ്പുകൾ വഴി നേരിട്ട് ഓക്‌സിജൻ എത്തിക്കുന്ന രീതിയാണ്.

ബീജിംഗിൽ നിന്നാണ് ലാസയിലേക്കുള്ള ട്രെയിൻ കയറേണ്ടത്. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ ആദ്യം ഡൽഹിയിൽ നിന്നും വിമാനമാർഗം ബീജിംഗിലെത്തണം. ട്രെയിനിൽ മൂന്ന് രീതിയിലുള്ള സീറ്റുകൾ ലഭ്യമാണ്. ഏറ്റവും സൗകര്യപ്രദമായ സോഫ്‌റ്റ് സ്ലീപ്പർ ക്യാബിനിൽ നാല് ബർത്തുകൾ വീതമുണ്ടാകും. ലഗേജ് വയ്‌ക്കാനുള്ള സ്ഥലം, ടി വി, ടേബിൾ, ഓക്‌സിജൻ ഔട്ട്‌ലെറ്റുകൾ, സ്വകാര്യത ഉറപ്പുവരുത്താനുള്ള ഡോറുകൾ എന്നിവയും ഈ കോച്ചുകളിൽ ലഭ്യമാണ്. ഇതിലെ മുകളിലത്തെ ബർത്തിന് ഏകദേശം 675 രൂപയും താഴത്തെ ബർത്തിന് 700 രൂപയുമാണ് നിരക്ക്.

കുറച്ചുകൂടി നിരക്ക് കുറഞ്ഞ ഹാർഡ് സ്ലീപ്പർ കമ്പാർട്ട്‌മെന്റിൽ ആറ് ബർത്തുകളുണ്ടാകും. ഇവിടെ ഡോർ ഉണ്ടായിരിക്കില്ല. യാത്രക്കാർക്ക് തലയിണയും പുതപ്പും ലഭിക്കും. മുകളിലെ ബർത്തിന് 425 രൂപയും നടുവിലത്തെ ബർത്തിന് 440 രൂപയും താഴത്തെ ബർത്തിന് 450 രൂപയുമാണ് ഇതിലെ ഏകദേശ നിരക്കുകൾ. ട്രെയിനിലെ ഏറ്റവും നിരക്ക് കുറഞ്ഞ ഹാർഡ് സീറ്റ് കമ്പാർട്ട്‌മെന്റിൽ വെറും 212 രൂപ മാത്രമാണ് ടിക്കറ്റ് ചാർജ്.

TAGS: TRAIN, CHINA, TRAVEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.