SignIn
Kerala Kaumudi Online
Sunday, 10 May 2026 4.47 AM IST

കേരളത്തിൽ നേട്ടം കൊയ്തത് ഈ സ്ഥാപനങ്ങൾ,​ മൂന്നുമാസത്തിനിടെ ലാഭം 1912 കോടി രൂപ

Increase Font Size Decrease Font Size Print Page
cash

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസക്കാലയളവിൽ ലാഭക്ഷമതയിലും ആസ്തി ഗുണമേന്മയിലും മികച്ച പ്രകടനവുമായി കേരളത്തിലെ സ്വകാര്യ ബാങ്കുകൾ. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ സംസ്ഥാനത്തെ മുൻനിര ബാങ്കുകളായ ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്‌മി ബാങ്ക്, സി.എസ്.ബി ബാങ്ക് എന്നിവയുടെ അറ്റാദായം കുതിച്ചുയർന്നു. കഴിഞ്ഞ വർഷം ഡിസംബറിന് ശേഷം റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കിൽ മാറ്റം വരുത്താതിരുന്നതും ചെലവ് ചുരുക്കൽ നടപടികൾ ശക്തമാക്കിയതുമാണ് നേട്ടമായത്.

സംസ്ഥാനത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിന്റെ അറ്റാദായം അവലോകന കാലയളവിൽ 22 ശതമാനം വർദ്ധനയോടെ 1,258.1 കോടി രൂപയായി. അറ്റ പലിശ വരുമാനത്തിലെ കുതിപ്പാണ് കരുത്തായത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം 19 ശതമാനം ഉയർന്ന് 408 കോടി രൂപയായി. ധനലക്‌ഷ്മി ബാങ്കിന്റെ അറ്റാദായം 50 ശതമാനം കുതിപ്പോടെ 43.49 കോടി രൂപയിലെത്തി. സി.എസ്.ബി ബാങ്ക് അറ്റാദായം ആറ് ശതമാനം ഉയർന്ന് 202 കോടി രൂപയായി.

പലിശ മാർജിൻ കൂടുന്നു

ബാങ്കുകളുടെ പലിശ മാർജിൻ ഇക്കാലയളവിൽ ഗണ്യമായി മെച്ചപ്പെട്ടു. ഫെഡറൽ ബാങ്കിന്റെ പലിശ മാർജിൻ 3.12 ശതമാനത്തിൽ നിന്നും 3.74 ശതമാനമായി ഉയർന്നു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മാർജിൻ 2.95 ശതമാനത്തിലേക്ക് വർദ്ധിച്ചു.

കിട്ടാക്കടങ്ങൾ കുറയുന്നു

അവലോകന കാലയളവിൽ ബാങ്കുകളുടെ കിട്ടാക്കടം കുത്തനെ താഴ്ന്നു. ഫെഡറൽ ബാങ്കിന്റെ അറ്റ നിഷ്ക്രിയ ആസ്‌തി 0.42 ശതമാനത്തിൽ നിന്ന് 0.2 ശതമാനത്തിലേക്ക് കുറഞ്ഞു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റ എൻ.പി.എ 0.29 ശതമാനത്തിലേക്ക് ഇടിഞ്ഞു, സി.എസ്.ബി ബാങ്കിന്റെ കിട്ടാക്കടം 0.4 ശതമാനമാണ്.

ഓഹരി ഉടമകൾക്ക് കോളടിച്ചു

കേരളത്തിലെ ബാങ്കുകൾ ഇത്തവണ ഓഹരി ഉടമകൾക്ക് മികച്ച ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. ഓഹരി ഒന്നിന് 1.2 രൂപയാണ് ഫെഡറൽ ബാങ്ക് നൽകുന്നത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ലാഭവിഹിതം ഓഹരിയൊന്നിന് 45 ശതമാനമാണ്.

ജനുവരി-മാർച്ച് കാലയളവിലെ കേരള ബാങ്കുകളുടെ മൊത്തം ലാഭം

1912.59 കോടി രൂപ

TAGS: FINANCE, FINANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.