
ആലപ്പുഴ: കനത്തമഴയിൽ മൂടിയില്ലാത്ത ഓടയിൽ വീണ് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ ചാത്തനാട് മുനിസിപ്പൽ കോളനി 43ാം നമ്പർ വീട്ടിൽ പരേതനായ തങ്കച്ചന്റെ മകൻ മഹേഷ് (ബോബൻ -45) ആണ് മരിച്ചത്.
ചാത്തനാട് മുനിസിപ്പൽ കോളനി-കവിത ഐ.ടി.ഐ റോഡിലെ കാടൂമൂടിയ ഓടയിലേക്കാണ് വെള്ളിയാഴ്ച രാത്രി ബോബൻ വീണത്. പുലർച്ചെ 1.50ന് സമീപത്തെ ഹോംസ്റ്റേയിൽ എത്തിയവരാണ് ഓടയിൽ വീണുകിടക്കുന്നത് ആദ്യംകണ്ടത്. തുടർന്ന് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിച്ചു. അഗ്നിരക്ഷാസേനാംഗങ്ങൾ കരയ്ക്കെത്തിച്ചെങ്കിലും മരിച്ചനിലയിലായിരുന്നു.
മരപ്പണിക്കാരനായ ബോബൻ വെള്ളിയാഴ്ച രാത്രി 9ന് സാധനങ്ങൾ വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയതാണ്. 200 മീറ്റർ അകലെ മൂടിയും കൈവരിയുമില്ലാത്ത ഓടയിലേക്ക് കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമികനിഗമനം. മഴവെള്ളവും ചെളിയും നിറഞ്ഞ ഓടയിലേക്ക് മുഖവും കുത്തി വീണ നിലയിലായിരുന്നു.
വർഷങ്ങളായി തുറന്നു കിടക്കുന്ന നിലയിലാണ് ഓടയെന്ന് പ്രദേശവാസികൾ പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുമ്പ് റോഡിന്റെയും ഓടയുടെയും നിർമ്മാണോദ്ഘാടനം നടത്തിയിരുന്നു. എന്നാൽ നിർമ്മാണം ആരംഭിച്ചില്ല. മെഡിക്കൽകോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം ആലപ്പുഴ മൗണ്ട്കാർമൽ കത്ത്രീഡൽ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ഭാര്യ: പ്രിയ. മാതാവ്: ശ്യാമള. സഹോദരൻ: പോൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |