
ലീഗിന് 5 മന്ത്രിമാർ, 2 പേർക്കായി ജോസഫ്, ഷിബുവും ജോണും ഇൻ, മാണി സി.കാപ്പൻ ഔട്ട്
തിരുവനന്തപുരം: പിണങ്ങി നിന്ന രമേശ് ചെന്നിത്തലയ്ക്ക് ഗ്ളാമർ വകുപ്പായ ആഭ്യന്തരവും വിജിലൻസും നൽകി സമവായം. നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ വീട്ടിൽ നേരിട്ടെത്തിയാണ് സമ്മതമറിയിച്ചത്. സതീശൻ ധനകാര്യവും കൈകാര്യം ചെയ്തേക്കും.
മന്ത്രിസഭയിൽ ചേരണമെങ്കിൽ ആഭ്യന്തരം കിട്ടണമെന്ന രമേശിന്റെ ഡിമാന്റാണ് തർക്കത്തിലേക്ക് പോകാതെ അംഗീകരിച്ചത്. ഡി.ജി.പിയുമായി രമേശ് ഇന്ന് കൂടിക്കാഴ്ച നടത്തും. ഉമ്മൻചാണ്ടി സർക്കാരിലും രമേശ് ആഭ്യന്തര മന്ത്രിയായിരുന്നു. ഒപ്പം നിൽക്കുന്ന അൻവർ സാദത്തിനും ഐ.സി.ബാലകൃഷ്ണനും മന്ത്രിസ്ഥാനം നൽകണമെന്ന ചെന്നിത്തലയുടെ ആവശ്യവും പരിഗണനയിലാണ്. സതീശൻ വന്നുകണ്ടതിന് പിന്നാലെ കെ.സി.വേണുഗോപാലും കെ.സുധാകരനും രമേശിനെ സന്ദർശിച്ചു. സതീശൻ ഇന്നലെ കെ.സിയെയും വീട്ടിൽപോയി കണ്ടു.
ധാരണയനുസരിച്ച് മന്ത്രിസഭയിൽ കെ.സി വിഭാഗത്തിനാണ് മേൽക്കൈ, ഏഴു മന്ത്രിമാർ. ചെന്നിത്തല പക്ഷത്തിന് മൂന്ന്. മുഖ്യമന്ത്രി ഉൾപ്പെടെ ഗ്രൂപ്പില്ലാത്ത രണ്ടു പേരും.
തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കെ, ഇന്ന് വൈകിട്ടോടെ പൂർണ ചിത്രമാകും. സതീശന്റേയും സണ്ണി ജോസഫിന്റേയും നേതൃത്വത്തിൽ തിരക്കിട്ട ചർച്ചകളാണ് ഇന്നലെ രാപകൽ നടന്നത്. കെ.സിയും ദീപദാസ് മുൻഷിയും ചർച്ചയിൽ പങ്കാളികളായി.
ഘടകകക്ഷികളിൽ ലീഗിനു അഞ്ച് മന്ത്രിമാർ. കേരള കോൺഗ്രസ് ജോസഫിന് ഒരു മന്ത്രിയും ചീഫ് വിപ്പും. ആർ.എസ്.പി, കേരള കോൺഗ്രസ് ജേക്കബ്,സി.എം.പി എന്നിവർക്ക് ഓരോ മന്ത്രിമാർ വീതം. അതേസമയം, രണ്ട് മന്ത്രിയെന്നതിൽ ജോസഫ് ഉറച്ചുനിൽക്കുന്നുണ്ട്.
മുഖ്യമന്ത്രിയുൾപ്പെടെ 12 പേർ കോൺഗ്രസിനും 9 പേർ ഘടകകക്ഷികൾക്കും ലഭിക്കും. സ്പീക്കറും ഡെപ്യൂട്ടിസ്പീക്കറും കോൺഗ്രസിനാണ്. എൻ.ശക്തൻ സ്പീക്കറാകും. ഡെപ്യൂട്ടി സ്പീക്കറെ തീരുമാനിച്ചില്ല. വകുപ്പ് വിഭജനത്തിലും അന്തിമ തീരുമാനമായില്ല. ആർ.എം.പിക്കും മാണി സി.കാപ്പനും സി.പി.എം വിട്ടുവന്ന മൂന്നുപേരടങ്ങിയ സ്വതന്ത്ര ഗ്രൂപ്പിനും മന്ത്രിസ്ഥാനമില്ല. അനൂപ് ജേക്കബും മാണി സി.കാപ്പനും ടേം വ്യവസ്ഥ കോൺഗ്രസ് മുന്നോട്ടുവച്ചെങ്കിലും അനൂപ് വഴങ്ങിയില്ല.
പട്ടിക ഇന്ന് പൂർത്തിയാക്കി എ.ഐ.സി.സി നേതൃത്വത്തിന്റെ അംഗീകാരം നേടിയശേഷം ഗവർണർക്ക് സമർപ്പിക്കും. തിങ്കളാഴ്ച രാവിലെ 10നാണ് സത്യപ്രതിജ്ഞ.
മന്ത്രിമാർ ഇവർ
( ഉറപ്പായത്)
കോൺഗ്രസ്: മുഖ്യമന്ത്രിക്ക് പുറമെ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ.മുരളീധരൻ, എ.പി.അനിൽകുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, ബിന്ദുകൃഷ്ണ, എം.ലിജു, പി.സി.വിഷ്ണുനാഥ്
മുസ്ളിം ലീഗ്: പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.ഷാജി, പാറയ്ക്കൽ അബ്ദുള്ള, എൻ.ഷംസുദ്ദീൻ, എം.ഇ.അബ്ദുൽഗഫൂർ
കേരളകോൺഗ്രസ് (ജോസഫ്): മോൻസ് ജോസഫ്
ജേക്കബ് വിഭാഗം: അനൂപ് ജേക്കബ്
ആർ.എസ്.പി: ഷിബു ബേബി ജോൺ
സി.എം.പി: സി.പി.ജോൺ
വെറും രണ്ട് മന്ത്രി;
ഈഴവർ തഴയപ്പെട്ടു
ധാരണയനുസരിച്ച് ജാതി,സമുദായ പ്രാതിനിദ്ധ്യത്തിൽ തഴയപ്പെട്ടത് ഈഴവരാണ്. വെറും രണ്ട് മന്ത്രിമാർ. മുസ്ളിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ആറു പേർ വീതം. നായർ സമുദായത്തിന് അഞ്ച്, പട്ടികജാതി,പട്ടികവർഗം ഓരോന്ന് വീതം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |