പാലക്കാട് വാളയാറിൽ പാറക്കെട്ടുകൾ നിറഞ്ഞ അട്ടപ്പള്ളത്തെ ഒറ്റമുറി ചായ്പ്പിൽ നിസഹായരായ അമ്മയും അച്ഛനുമുണ്ട്, ചിറകുവിരിക്കും മുമ്പ് ചിതയിൽ ഒടുങ്ങേണ്ടിവന്ന തന്റെ രണ്ടു പെൺമക്കളെയോർത്ത് രണ്ടരക്കൊല്ലമായി കണ്ണീരു കുടിക്കുന്നവർ... ഇന്ന് ആ കണ്ണീരിന് തീക്കനലിന്റെ ചൂടുണ്ട്. മക്കളുടെ മരണത്തിന് കാരണക്കാരായവരെ ദഹിപ്പിക്കാൻ പോന്നത്രേം ചൂട്...
അന്ന് 56 ദിവസങ്ങളുടെ ഇടവേളയിൽ ഇവർക്ക് നഷ്ടമായത് രണ്ട് സ്വപ്നങ്ങളെയാണ്. പ്രതീക്ഷകളെയാണ്. മക്കളുടെ മരണത്തിന് കാരണക്കാരായവരെ തെളിവുകളുടെ അഭാവത്തിൽ പോക്സോ കോടതി വിട്ടയച്ചിരിക്കുന്നു. കുട്ടികൾക്കെതിരായ അതിക്രമം, പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമം, ആത്മഹത്യ തുടങ്ങിയവയ്ക്കെല്ലാം തെളിവ് കണ്ടെത്തുന്നതിൽ പൊലീസ് പരാജയപ്പെട്ടിരിക്കുന്നു. കേസിൽ പുനരന്വേഷണം സാദ്ധ്യമോ എന്നുള്ള ചർച്ചകൾ സമാന്തരമായി നടക്കുമ്പോൾ പെൺകുട്ടികളുടെ അമ്മ കേസിൽ പൊലീസിന് സംഭവിച്ച വീഴ്ചകളെപ്പറ്റി കേരളകൗമുദിയോട് സംസാരിച്ചു.
രണ്ടു വർഷത്തിലേറെ നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ പ്രതികളോരോരുത്തരും കുറ്റവിമുക്തരാകുന്നു. എന്താണ് പറയാനുള്ളത്?
ഇങ്ങനെയൊരു വിധി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പ്രതികളെ വെറുതേ വിടുമെന്ന് കരുതിയിരുന്നില്ല. കേസന്വേഷണം തുടക്കം മുതലേ ശരിയായ രീതിയിലായിരുന്നില്ല മുന്നോട്ട് പോയിരുന്നത്. മൂത്ത മകൾ മരിച്ചപ്പോൾ തന്നെ പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചിരുന്നെങ്കിൽ, തെളിവുകൾ ശാസ്ത്രീയമായ രീതിയിൽ ശേഖരിച്ചിരുന്നെങ്കിൽ ഒരുപക്ഷേ, പ്രതികളെല്ലാവരും ഇന്ന് ശിക്ഷിക്കപ്പെടുമായിരുന്നു. മാത്രമല്ല, എന്റെ ചെറുതിനെയെങ്കിലും ഞങ്ങൾക്ക് കിട്ടുമായിരുന്നു. മൂത്തമകളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തന്നെ കിട്ടിയത് മാസങ്ങൾക്ക് ശേഷമായിരുന്നു. ഇതിനിടെ പല തെളിവുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ടാകാം. എന്താണ് സംഭവിച്ചതെന്നും എന്തുപറയണമെന്നും അറിയാത്ത അവസ്ഥയിലാണ് ഞങ്ങൾ.
കേസന്വേഷണം ഗൗരവമായി നടന്നില്ലെന്ന് തോന്നിയിരുന്നോ? അപ്പോൾ ഇതിനെതിരെ പ്രതികരിച്ചിരുന്നില്ലേ?
2017 ജനുവരി 13നാണ് മൂത്തമകൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. അന്നവൾക്ക് 11 വയസും ആറുമാസവും പ്രായമുണ്ടായിരുന്നു. ലൈംഗിക ചൂഷണത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു, കൂടാതെ ആത്മഹത്യയല്ല കൊലപാതകമാണെന്നും സംശയമുണ്ടായിരുന്നു. പക്ഷേ, പൊലീസ് ആ രീതിയിൽ കേസന്വേഷിക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല ആത്മഹത്യയാണെന്ന നിഗമനത്തിലാണ് എത്തിയത്.
മാർച്ച് നാലിനാണ് രണ്ടാമത്തെ കുട്ടി സമാന സാഹചര്യത്തിൽ മരിക്കുന്നത്. ഈ കേസിലും കുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ടുണ്ടായിരുന്നു. മരിച്ച് രണ്ടുമാസം കഴിഞ്ഞാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചത്. 'ഒമ്പത് വയസുകാരിക്ക് ഒറ്റയ്ക്ക് തൂങ്ങിമരിക്കാൻ കഴിയാത്ത രൂപത്തിലാണ് മൃതദേഹം കാണപ്പെട്ടത്. അതിനാൽ കൊലപാതക സാദ്ധ്യത പരിശോധിക്കണം'. എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു എന്നാൽ ആത്മഹത്യയാണെന്നായിരുന്നു പൊലീസ് വാദം. പിന്നീട് കേസന്വേഷണത്തെക്കുറിച്ച് പരാതികളുയർന്നതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്.
മൂത്തമകളുടെ ബാഗും പുസ്തകങ്ങളും അന്നുതന്നെ പൊലീസ് കൊണ്ടുപോയിരുന്നു, അദ്ധ്യാപകരുടെയും കൂട്ടുകാരുടെയും മൊഴിയും രേഖപ്പെടുത്തിയിരുന്നു . പക്ഷേ, ഇതൊന്നും കേസിൽ തെളിവുകളായി വന്നില്ല. നേരിൽക്കണ്ട കാര്യങ്ങൾ പൊലീസിനോടും കോടതിയോടും ഞാനും അച്ഛനും പറഞ്ഞതാണ്. അതുപോലും രേഖപ്പെടുത്തിയില്ലെന്ന് അറിയുമ്പോൾ... കരഞ്ഞുകൊണ്ട് ആ അമ്മ പറഞ്ഞു നിറുത്തി.
പ്രതികളെല്ലാം പുറത്തുവന്നു. ഇനിയെന്ത്?
എന്റെ മക്കളുടെ മരണത്തിന് ഉത്തരവാദികൾ ഇവരാണെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. അവരെല്ലാവരും ശിക്ഷിക്കപ്പെടണം. അതിനായി ഏതറ്റം വരെയും പോകും. കൈയിലുള്ള വീടും ഭൂമിയും വിറ്റിട്ടാണെങ്കിലും കേസ് നടത്തും. നിയമത്തിൽ ഇപ്പോഴും വിശ്വാസമുണ്ട്. മക്കളുടെ ജീവനെടുത്തവർ നാട്ടിൽ കൺമുന്നിലൂടെ നടക്കുമ്പോൾ അമ്മയും അച്ഛനുമായ ഞങ്ങൾ ജീവിച്ചിരുന്നിട്ട് എന്താ കാര്യം. വിധിവന്നപ്പോൾ തൃശൂർ റേഞ്ച് ഐ.ജി വിളിച്ചിരുന്നു, കേസുമായി മുന്നോട്ട് പോകുകയല്ലേ എന്നു ചോദിച്ചിരുന്നു. അതെയെന്ന് ഞാൻ പറഞ്ഞു.
കേസിൽ ആദ്യാവസാനം രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്നോ?
കേസന്വേഷണം പ്രതികളുടെ രാഷ്ട്രീയ സ്വാധീനത്തെത്തുടർന്ന് അട്ടിമറിക്കപ്പെട്ടതാണ്. കേസിന്റെ ആദ്യഘട്ടത്തിൽ എന്റെ ബന്ധുക്കളായ മൂന്നുപേരെ അറസ്റ്റ് ചെയ്തെങ്കിലും അവരെ ഭരണകക്ഷിയിലെ പ്രാദേശിക നേതൃത്വം ഇടപെട്ട് പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് സ്കൂൾബാഗ് ഉൾപ്പെടെ പല തെളിവുകളും പൊലീസ് നശിപ്പിച്ചതായും ഞങ്ങൾ സംശയിക്കുന്നു. കേസിന്റെ തീയതി എന്നാണെന്ന് പറയുകയല്ലാതെ കൂടുതൽ വിവരങ്ങളൊന്നും പ്രോസിക്യൂഷനും പങ്കുവച്ചില്ല. വിധി പറയുന്നത് എന്നാണെന്ന് പോലും ഞങ്ങൾക്ക് അറിയില്ലായിരുന്നു. എന്തുകൊണ്ട് അതറിയിച്ചില്ലെന്ന് ഉദ്യോഗസ്ഥർ വിശദീകരിക്കണം. അതിൽ നിന്നുതന്നെ വ്യക്തമാണ് കേസിലെ രാഷ്ട്രീയ സ്വാധീനം. ഇത്രയേറെ ചർച്ചചെയ്യപ്പെട്ട കേസിലെ കുറ്റവാളികൾ രക്ഷപ്പെട്ടു നിൽക്കുന്ന കാഴ്ച കേരളത്തിന് യോജിക്കുന്നതല്ല. കേസിലെ പുനരന്വേഷണ സാദ്ധ്യതകൾ ഉണ്ടെങ്കിൽ അതിന് സർക്കാർ തയ്യാറാവണം. അതിന് കേരള ജനത ഒപ്പമുണ്ടാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |