കൊച്ചി: പ്രണയം എതിർത്തതിന് കാമുകിയുടെ പിതാവിനെ ബൈക്കിടിച്ച് വീഴ്‌ത്തിയ കേസിൽ യുവാവിന്റെ ശിക്ഷ കുറച്ചും പിഴത്തുക കൂട്ടിയും ഹൈക്കോടതി. നിസാര പരിക്കായിരുന്നു എന്നതടക്കം കണക്കിലെടുത്താണ് വിചാരണക്കോടതി ശിക്ഷിച്ച ആറുമാസത്തെ സാധാരണ തടവ് ഹൈക്കോടതി ഒരു ദിവസമാക്കിയത്. ഒരു ദിവസം കോടതി പിരിയും വരെയാണ് ശിക്ഷ അനുഭവിക്കേണ്ടത്. എന്നാൽ പിഴ 2000 രൂപയിൽ നിന്ന് 50,000 ആക്കി.
വിചാരണക്കോടതി വിധിക്കെതിരെ കൊല്ലം പന്മന സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ശിക്ഷയിൽ ഇളവ് നൽകുന്നതിനെ എതിർത്ത് കാമുകിയുടെ പിതാവും ഹൈക്കോടതിയിലെത്തിയിരുന്നു. മകൾ ഇപ്പോൾ മറ്റൊരാളെ വിവാഹം കഴിച്ച് സ്വസ്ഥമായി താമസിക്കുകയാണെന്ന് പിതാവ് അറിയിച്ചതും കോടതി കണക്കിലെടുത്തു.
2005 മേയ് 11ന് രാത്രി 9.20ന് ജോലികഴിഞ്ഞ് പോവുകയായിരുന്ന കാമുകിയുടെ പിതാവിനെ പിന്നിൽ നിന്ന് ബൈക്കിടിച്ച് വീഴ്‌ത്തിയെന്നായിരുന്നു കേസ്. ചുണ്ടിനാണ് മുറിവേറ്റത്. കേസിൽ കരുനാഗപ്പള്ളി മജിസ്‌ട്രേറ്റ് കോടതി ആറുമാസം സാധാരണ തടവിനാണ് ശിക്ഷിച്ചത്. ഇത് കൊല്ലം സെഷൻസ് കോടതിയും ശരിവച്ചിരുന്നു. മാരകായുധം ഉപയോഗിച്ച് ആക്രമിച്ചെന്നായിരുന്നു കേസ്.
'ബൈക്ക് മാരകായുധം"
സംഭവം അപകടമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ബൈക്ക് മാരകായുധമല്ലെന്നും വാദിച്ചു. എന്നാൽ അപകടമല്ലെന്ന് സാക്ഷിമൊഴികളിൽ നിന്ന് വ്യക്തമാണെന്ന് കോടതി വിലയിരുത്തി. ബൈക്കിടിക്കുന്നത് മരണത്തിനുവരെ കാരണമാകും. അതിനാൽ ബൈക്ക് മാരകായുധമല്ലെന്ന വാദവും തള്ളി. വിചാരണക്കോടതി ഉത്തരവിൽ ഇടപെടാനാകില്ല. എന്നാൽ ചെറിയ പരിക്കായതിനാൽ ആറുമാസം വെറും തടവെന്ന ശിക്ഷ 'ഒരു ദിവസം കോടതി പിരിയും വരെ" എന്നാക്കി ചുരുക്കുകയായിരുന്നു. പിഴത്തുക കാമുകിയുടെ പിതാവിന് നൽകാനും ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |