സിറിയയിൽ അമേരിക്ക നടത്തിയ കമാൻഡോ ഓപ്പറേഷനിൽ ഐസിസിന്റെ തലവനായ കൊടുംഭീകരൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടതായി സ്ഥിരീകരണം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വർഷങ്ങളായി ബാഗ്ദാദി വേട്ടയ്ക്കായി ഇറങ്ങി പുറപ്പെട്ട അമേരിക്ക ഒടുവിൽ വിജയം കണ്ടിരിക്കുന്നു. അൽഖ്വയിദ തലവൻ ഒസാമ ബിൻലാദനുശേഷം അമേരിക്കയുടെ സൈനിക ഓപ്പറേഷനിലൂടെ ഐസിസ് തലവനും കൊല്ലപ്പെട്ടിരിക്കുകയാണ്. ലോകത്തിലെ ഒന്നാംനമ്പർ ഭീകരനെ വകവരുത്തി നീതി നടപ്പാക്കി എന്നാണ് ട്രംപ് വാർത്ത പുറത്തുവിട്ടുകൊണ്ട് അവകാശപ്പെട്ടത്. ബ്രിട്ടനോളം വലിപ്പമുള്ള ഒരു രാഷ്ട്രം സ്ഥാപിച്ച് ഭീകരപ്രവർത്തനം നടത്തിയ ബാഗ്ദാദിയുടെ അന്ത്യം എന്തുകൊണ്ടും ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതാണ്. ബാഗ്ദാദിയുടെ നേതൃത്വത്തിലാണ് ഐസിസ് ലോകത്തിലെ ഒന്നാംനമ്പർ ഭീകരപ്രസ്ഥാനമായി മാറി എന്നത് ഓർക്കേണ്ടതുണ്ട്.
പാകിസ്ഥാനിൽ ഒളിവിൽ കഴിഞ്ഞ ഭീകരൻ ഒസാമ ബിൻലാദനെ വധിച്ചതിനു ശേഷമാണ് അൽഖ്വയിദയുടെ തകർച്ചയ്ക്ക് വേഗം കൈവന്നത്. ലാദനുശേഷം ഭീകരപ്രസ്ഥാനത്തിലെ എണ്ണംപറഞ്ഞ തലകളെ കൊയ്‌തെടുക്കുവാൻ അമേരിക്കൻ സൈന്യത്തിന് അധികം കഷ്ടപ്പെടേണ്ടി വന്നില്ല എന്നതാണ് സത്യം. എന്നാൽ ഐസിസിന്റെ സ്ഥിതി ഇതിൽ നിന്നും വ്യത്യസ്തമാണെന്നാണ് വിദഗ്ദ്ധരുടെ അനുമാനം.
ലോകത്തിലെ ഏറ്റവും ശക്തനായ ഭീകരൻ ബാഗ്ദാദിയുടെ മരണം ഐസിസിന് ക്ഷീണമാണ്. പക്ഷേ ഐസിസ് എന്ന ഭീകരസംഘടന ഇല്ലാതാകുന്നില്ല. തങ്ങളുടെ ആശയപ്രചാരണം ശക്തമായി തുടരുകയും അതിനായി മനുഷ്യബോംബുകളായി പൊട്ടിത്തെറിക്കുകയും ചെയ്യും. ബാഗ്ദാദിയുടെ അന്ത്യവും മനുഷ്യബോംബായി തന്നെയായിരുന്നു. ഇത് അനുയായികൾക്ക് പ്രചോദനമാകുമെന്ന കാര്യത്തിൽ സംശയമില്ല. ഇതിന് മുൻപും ഐസിസിന്റെ രണ്ട് തലവൻമാർ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അവസാന കാലഘട്ടങ്ങളിൽ സുരക്ഷാകാരണങ്ങളാൽ ബാഗ്ദാദി വിശ്വസ്തരായ വളരെക്കുറച്ച് ആൾക്കാരുമായി മാത്രമാണ് ആശയവിനിമയം നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ ഐസിസിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നില്ല. സംഘം പ്രവർത്തിച്ചിരുന്നത് വളരെ വികേന്ദ്രീകൃതമായ നേതൃത്വസംവിധാനത്തിലാണ്. ഇത്തരം സംഘടനകളുടെ നേതാക്കൻമാർ ഇല്ലാതായാലും ചെറുസംഘങ്ങളായി അദൃശ്യരായി ഇവർ പ്രവർത്തിച്ചുകൊണ്ടിരിക്കും.
ഐസിസിന് വൻ തിരിച്ചടി നേരിട്ടതിനുശേഷവും ശ്രീലങ്ക, ഓസ്‌ട്രേലിയ, ഫ്രാൻസ്, ഫിലിപ്പൈൻസ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ പല രാജ്യങ്ങളിലും വൻതോതിലുള്ള ഭീകരാക്രമണങ്ങൾ ഇവർ നടത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ഒരു നിർദേശവും ഇല്ലാതെ ഐസിസ് അനുഭാവികൾ കഴിഞ്ഞ ഈസ്റ്റർദിനം ശ്രീലങ്കയിൽ നടത്തിയ അക്രമം ലോകത്തെയാകെ ഞെട്ടിച്ചതാണ്. ഇനി ബാഗ്ദാദിയുടെ മരണത്തിന് പ്രതികാരം വീട്ടാൻ സംഘടിച്ച് തുടങ്ങിയിട്ടുണ്ടാവണം. ഏകദേശം ഇരുപതിനായിരത്തോളം ഐസിസ് പോരാളികൾ ഇറാക്കിലും സിറിയയിലുമായിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലും ചില ആഫ്രിക്കൻ രാജ്യങ്ങളിലും ഐസിസ് ശക്തമാണ്. എന്തിനേറെപ്പറയുന്നു നമ്മുടെ കേരളത്തിൽ നിന്നുപോലും ഐസിസ് പോരാളികളായി പോയി കൊല്ലപ്പെട്ടവരുണ്ട്. ചുരുക്കത്തിൽ വളരെ വികേന്ദ്രീകൃത സ്വഭാവമുള്ള ഈ ഭീകരസംഘടന പല രൂപത്തിലും ഭാവത്തിലും പ്രവർത്തിച്ചുകൊണ്ടിരിക്കും.
ഐസിസിന് വൻ തിരിച്ചടി
ഡോ. സി.എ ജോസുകുട്ടി എഴുതിയ ഐസിസിന് തിരിച്ചടി എന്ന ലേഖനത്തിൻെറ പൂർണരൂപം വായിക്കാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |