തിരുവനന്തപുരം: വാറ്റ് കുടിശിക ഇൗടാക്കാൻ പുതിയ ആംനസ്റ്റി പദ്ധതി കൊണ്ടുവരുമെന്നും ഫെബ്രുവരിയിലെ ബഡ്ജറ്റിൽ പ്രഖ്യാപിക്കുമെന്നും ഇന്നലെ വിവിധ വ്യാപാരി പ്രതിനിധികളുമായി നിയമസഭാ മന്ദിരത്തിൽ നടത്തിയ ചർച്ചയിൽ ധനമന്ത്രി തോമസ് ഐസക് ഉറപ്പ് നൽകി. അതുവരെ വ്യാപാരികൾ നിലവിൽ ലഭിച്ച നോട്ടീസുകൾക്ക് മറുപടി നൽകുകയോ, കുടിശിക അടയ്ക്കുകയോ വേണ്ടെന്നും അതിന്റെ പേരിൽ ഒരുനടപടിയും സർക്കാർ സ്വീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
അൻപതിനായിരത്തോളം വ്യാപാരികൾക്കാണ് വാറ്റ് കുടിശിക നോട്ടീസ് നൽകിയിരിക്കുന്നത്. 2011 മുതലുള്ള കുടിശികയാണ് നോട്ടീസിലുള്ളത്. ഇതിൽ തെറ്റ് കടന്നുകൂടിയിട്ടുണ്ടെന്ന പരാതികൾ പരിഗണിച്ചാണ് തീരുമാനം. നിലവിൽ നിയമനടപടികളിലേക്ക് നീങ്ങിയ പരാതികൾക്കും ഇത് ബാധകമാക്കും.
വ്യാപാരി വ്യവസായി നേതാക്കളായ രാജു അപ്‌സര, ബി. പ്രമാനന്ദ്, ഗോൾഡ് ആൻഡ് ജുവലറി അസോസിയേഷൻ ട്രഷറർ എസ്. അബ്‌ദുൽ നാസർ, ബിൽഡേഴ്സ്, റബർ, സിമന്റ് തുടങ്ങി വിവിധ മേഖലകളിലെ വ്യാപാരി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |