SignIn
Kerala Kaumudi Online
Friday, 03 April 2020 3.19 AM IST

അച്ഛനമ്മമാർ എതിർത്തിട്ടും മലയാളത്തിൽ അഭിനയിക്കാനെത്തിയ 'കുഞ്ഞപ്പന്റെ' നായിക

kendy-zirdo

കെൻഡി സിർദോ. ഈ വിചിത്രമായ പേര് മലയാളി സിനിമാ പ്രേക്ഷകർ തീരെ കേൾക്കാൻ ഇടയില്ല. സൗബിൻ ഷാഹിർ, സൂരജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ 5.25' എന്ന ചിത്രത്തിലെ നായികയാണ്. വാഴയിലയിൽ വിളമ്പുന്ന മട്ടൻകറിയോട് പ്രിയമുള്ള, കേരളത്തിന്റെ തനത് കലകളായ തെയ്യവും കളരിപ്പയറ്റും ഇഷ്ടപ്പെടുന്ന കെൻഡി ഏറെ സ്നേഹിക്കുന്നത് അഭിനയകലയെയാണ്. അതിനുവേണ്ടിയാണ് തന്റെ മാതാപിതാക്കളിൽ നിന്നുപോലും നേരിട്ട എതിർപ്പ് അവഗണിച്ചുകൊണ്ട് കെൻഡി സിനിമയുടെ ഭാഗമാകാൻ എത്തിയത്. കെൻഡി തന്റെ വിശേഷങ്ങൾ കേരളകൗമുദി ഓൺലൈനായി പങ്കുവയ്ക്കുന്നു.

ആദ്യമായി ഒരു സിനിമയുടെ ഭാഗമാകുകയാണ്. അതും ഒരു മലയാള ചിത്രത്തിൽ. അഭിനയവുമായി ബന്ധമുള്ള ആളാണോ?

അതെ. ആദ്യമായാണ് ഞാൻ ഒരു സിനിമയിൽ അഭിനയിക്കുന്നത്. ആദ്യത്തെ അനുഭവം തന്നെയാണ്. നാടകത്തിലൂടെയാണ് അഭിനയവുമായി ഉള്ള എന്റെ ബന്ധം തുടങ്ങുന്നത്. നിരവധി നാടക പ്രൊഡക്‌ഷനുകളുടെ ഭാഗമായിട്ടുള്ളയാളാണ് ഞാൻ. കേരളത്തിൽ വരുംമുൻപ് ഹെൻറിക് ഇബ്സന്റെ ഒരു നാടകം ഞാൻ ചെയ്തിരുന്നു. ഷേക്സ്പ്പീരിയൻ, ഗ്രീക്ക്, മറാത്തി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സറിയിൽ പെർഫോമിംഗ് ആർട്സിൽ ബിരുദാനന്തര ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.

എങ്ങനെയാണ് ഒരു മലയാള ചിത്രത്തിലേക്ക് എത്തിച്ചേർന്നത്?

രതീഷ് സാറിൻെറയും(സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ) എന്റെയും ഒരു മ്യൂച്ച്വൽ ഫ്രണ്ട് വഴിയാണ് ഈ സിനിമയിലേക്ക് എത്തിച്ചേരുന്നത്. 'എന്തുകൊണ്ട് സിനിമയിൽ നിനക്കൊരു കൈ നോക്കികൂടാ' എന്ന് ഈ ഫ്രണ്ട് ഒരു ദിവസം എന്നോട് ചോദിച്ചു. അപ്പോഴാണ് ഞാനും അതേക്കുറിച്ച് ആലോചിച്ചത്. ശേഷം അയാൾ എന്റെ കുറച്ച് ചിത്രങ്ങൾ രതീഷ് സാറിന് അയച്ചുകൊടുത്തു. തുടർന്ന് രതീഷ് സാർ എന്നെ കൊച്ചിയിലേക്ക് ഒഡീഷനായി ക്ഷണിച്ചു. അങ്ങനെയാണ് 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ 5.25'യിൽ അഭിനയിക്കാൻ എന്നെ തിരഞ്ഞെടുത്തത്.

kendy1

മലയാള സിനിമാരംഗത്തെ ഏറ്റവും പ്രതിഭയുള്ള താരങ്ങളിൽ ഒരാളാണ് സൗബിൻ ഷാഹിർ. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോഴുള്ള അനുഭവം?

വലിയ തമാശക്കാരൻ തന്നെയാണ് അദ്ദേഹം. മാത്രമല്ല ഗംഭീര എനർജിയുമാണ് സൗബിൻ. സെറ്റിലെത്തുമ്പോൾ ചുറുചുറുക്കുള്ള ഒരു കൊച്ചുപയ്യനെ പോലെയാണ് സൗബിൻ പെരുമാറുക. ഷൂട്ടിംഗ് സഥലത്ത് എത്തുമ്പോൾ ഞങ്ങളെയെല്ലാം ചാർജ് ചെയ്യുന്നത് സൗബിനാണ്. സ്ക്രിപ്റ്റുമായി ബന്ധപ്പെട്ട് സൗബിൻ എന്നെ ഒരുപാട് ഹെൽപ്പ് ചെയ്തിരുന്നു. വളരെ കൈൻഡ് ഹാർട്ടഡ് ആയ ഒരു മനുഷ്യൻ കൂടിയാണ് അദ്ദേഹം.

നമുക്കിനി കെൻഡിയുടെ കഥാപാത്രത്തിലേക്ക് വരാം

പകുതി മലയാളിയും പകുതി ജാപ്പനീസുകാരിയുമായ ഒരു പെൺകുട്ടിയുടെ വേഷമാണ് ഈ ചിത്രത്തിൽ എനിക്ക് ലഭിച്ചിരിക്കുന്നത്. ഹിതോമി എന്നാണ് പേര്. റഷ്യയിൽ നിന്നും വരുന്ന പെൺകുട്ടിയാണ് അവൾ. സൗബിന്റെ കാമുകിയായായാണ് ഹിതോമി എത്തുന്നത്. ബാക്കി അറിയാൻ സിനിമ കാണണം(ചിരിക്കുന്നു).

മലയാളം സിനിമകൾ മുൻപ് കണ്ടിട്ടുണ്ടോ? മലയാളത്തിൽ ഇനിയും കെൻഡിയുടെ ചിത്രങ്ങൾ പ്രതീക്ഷിക്കാമോ?

ഈ സിനിമയിലേക്ക് വരുംമുൻപ് മലയാളം സിനിമാ ഇൻഡസ്ട്രിയെക്കുറിച്ച് യാതൊന്നും എനിക്ക് അറിയിലായിരുന്നു. എന്നാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് ഞാൻ കേട്ടിട്ടുണ്ടായിരുന്നു. പക്ഷെ ഇവരുടെയോ മലയാളത്തിലെ മറ്റ് ചിത്രങ്ങളോ ഞാൻ കണ്ടിട്ടിലായിരുന്നു. 'കുഞ്ഞപ്പനി'ലേക്ക് വന്നപ്പോൾ മുതലാണ് മലയാളം സിനിമാ ഇൻഡസ്ട്രിയെ കുറിച്ച് കാര്യമായി അറിയാൻ സാധിച്ചത്. പിന്നെ മലയാളത്തിൽ തുടരുന്ന കാര്യമാണെങ്കിൽ, എന്നെക്കുറിച്ചുള്ള ഇവിടുത്തെ സിനിമാ സംവിധായകരുടെ അഭിപ്രായത്തെ ആശ്രയിച്ചാണ് അക്കാര്യം. പക്ഷെ അവസരം ലഭിച്ചാൽ തീർച്ചയായും ഞാൻ മലയാളം സിനിമയിൽ ഉണ്ടാകും.

താരതമ്യേന ഒരു ചെറിയ ഇൻഡസ്ട്രിയാണ് മലയാള സിനിമ. അതിനോട് പ്രത്യേകമായി എന്തെങ്കിലും താൽപ്പര്യം ഉണ്ടായിരുന്നോ?

സിനിമകൾ തിരഞ്ഞെടുക്കുന്ന സമയത്ത് ഏത് മേഖല വേണമെന്നോ, ഏത് ഭാഷയിലെ സിനിമയുടെ ഭാഗമാകണമെന്നോ ഞാൻ ചിന്തിച്ചിരുന്നില്ല. അഭിനയിക്കാനായുളള അവസരം ലഭിക്കണം എന്നത് മാത്രമായിരുന്നു ചിന്ത. അഭിനയിക്കുക എന്നതായിരുന്നു പ്രധാനപ്പെട്ട കാര്യം. ഏത് ഇൻഡസ്ട്രിയുടെ ഭാഗമാകണം എന്നൊന്നും ഞാൻ ആലോചിച്ചിരുന്നില്ല.

kunjappan

ഭാഷ പ്രശ്നമായോ?

അതെ. അത് ചെറിയ പ്രശ്നമുണ്ടാക്കി. മലയാളം ഭാഷ വളരെ കട്ടിയുള്ളതാണ്. എനിക്ക് തോന്നുന്നു സംസാരിക്കാൻ ഏറ്റവും കടുപ്പമുള്ള ഭാഷകളിൽ ഒന്നാണ് മലയാളമെന്ന്. സ്ക്രിപ്റ്റ് പൂർണമായും വായിച്ച് മനസിലാക്കാൻ തന്നെ എനിക്ക് മൂന്ന് ദിവസം വേണ്ടിവന്നു. അതുതന്നെ വളരെ ബുദ്ധിമുട്ടായിരുന്നു എനിക്ക്.

കേരളത്തെ കുറിച്ച് എന്തൊക്കെ അറിയാം? ഇവിടെ മുൻപ് വന്നിട്ടുണ്ടോ?

തെയ്യം എന്ന കലാരൂപവുമായി ബന്ധപ്പെട്ടാണ് ഞാൻ കേരളത്തെ കുറിച്ച് ആദ്യമായി കേൾക്കുന്നത്. എനിക്ക് തീയറ്റർ പശ്ചാത്തലമുള്ളത് കൊണ്ടും പഠനത്തിന്റെ ഭാഗമായും ആ കലാരൂപം കേരളത്തിലാണ് രൂപം കൊണ്ടത് എന്ന് എനിക്ക് അറിയാമായിരുന്നു. കളരിപ്പയറ്റും അങ്ങനെ തന്നെ. കളരിപ്പയറ്റ് അടുത്തിടെ ഞാൻ പഠിച്ചിരുന്നു. ഈ രണ്ട് കലാരൂപങ്ങളിലൂടെയുമാണ് ഞാൻ കേരളത്തെ കുറിച്ച് മനസിലാക്കുന്നത്.

കേരളത്തിലെ ഭക്ഷണമൊക്കെ എങ്ങനെയുണ്ട്?

കഴിച്ചതിൽ മട്ടൻകറി എനിക്ക് വലിയ ഇഷ്ടമാണ്. പ്രത്യേകിച്ചും അത് വാഴയിലയിൽ വിളമ്പുമ്പോൾ.

നാടകവും സിനിമയും തമ്മിൽ ഏറെ അന്തരമുണ്ട്. എന്നിട്ടും സിനിമ ഒരു താൽപ്പര്യമായി വരാൻ കാരണം?

ഇവ രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. സത്യമാണ്. എന്നാൽ ഇതിൽ രണ്ടിലും പ്രധാനപ്പെട്ട കാര്യം അഭിനയമാണ്. തീയറ്ററിൽ നിങ്ങൾക്ക് നന്നായി അഭിനയിക്കാൻ ഒറ്റ അവസരം മാത്രമേ ലഭിക്കുകയുള്ളൂ. വേദിയിൽ തെറ്റ് സംഭവിക്കാൻ പാടില്ല. അത് കാണികൾ അംഗീകരിക്കില്ല. പക്ഷെ ക്യാമറക്ക് മുൻപിൽ തെറ്റ് സംഭവിക്കുകയാണെങ്കിൽ റീടേക്ക് എടുക്കാനുള്ള ഓപ്‌ഷൻ ഉണ്ട്. അതേസമയം തീയേറ്ററിന് ഒരു ഗുണമുണ്ട്. അവിടെ എനിക്ക് ആരുടേയും സഹോദരിയോ മകളോ ആയി അഭിനയിക്കാം. പക്ഷെ സിനിമയിൽ അങ്ങനെ ചെയ്‌താൽ നിങ്ങളുടെ അച്ഛനെ കാണാൻ നിങ്ങളെ പോലെ ഇല്ലല്ലോ, അല്ലെങ്കിൽ സഹോദരിയും നിങ്ങളും തമ്മിൽ കാണാൻ ചേർച്ചയില്ലല്ലോ എന്ന് പ്രേക്ഷകർ ചോദിക്കാൻ തുടങ്ങും. അത് സിനിമയും തീയേറ്ററും തമ്മിലുള്ള ഒരു വ്യത്യാസമാണ്. പക്ഷെ രണ്ടിലും പ്രധാനം അഭിനയം തന്നെയാണ്.

സിനിമാ പ്രവേശനത്തിൽ കുടുംബത്തിന് എതിർപ്പുണ്ടായിരുന്നോ?

ഞാൻ അരുണാചൽ പ്രദേശിൽ നിന്നുമാണ് വരുന്നത്. സിനിമാ പ്രവേശനത്തെ പൂർണമായും കുടുംബം എതിർത്തിരുന്നു. ഷൂട്ടിങ്ങിനായി റഷ്യയിൽ പോകേണ്ടി വന്നപ്പോഴും പോകരുതെന്നാണ് അവർ എന്നോട് പറഞ്ഞത്. പക്ഷെ സിനിമയോടുള്ള ഇഷ്ടം കാരണം ഞാൻ 'ആൻഡ്രോയിഡ് കുഞ്ഞപ്പനി'ലേക്ക് എത്തി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KENDY ZIRDO, ANDROID KUNJAPPAN, SOUBIN SHAHIR, KERALA, CINEMA, SURAJ VENJARAMOODU, INTERVIEW
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.