തൃശൂർ: അമ്മയുടെ ഒത്താശയോടെ, ഐ.പി.എസുകാരൻ ചമഞ്ഞ് ബാങ്കുകളിൽ വ്യാജരേഖകൾ നൽകി കോടികൾ തട്ടിയെടുക്കുകയും 16 കാറുകൾ വാങ്ങി മറിച്ചുവിൽക്കുകയും ചെയ്ത കണ്ണൂർ തലശേരി തിരുവങ്ങാട് മണൽവട്ടം കുനിയിൽ വിപിൻ കാർത്തിക്കിനെ (29) അറസ്റ്റ് ചെയ്തു. ഡൽഹിയിലും ബംഗളൂരുവിലും കോയമ്പത്തൂരിലുമുള്ള ലോഡ്ജുകളിലും പാസഞ്ചർ ട്രെയിനുകളിലുമായി ഒളിവിൽ കഴിഞ്ഞ വിപിനെ തൃശൂർ സിറ്റി പൊലീസ് ആസൂത്രിതമായി കുടുക്കുകയായിരുന്നുവെന്ന് ഡി.ഐ.ജി എസ്. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തട്ടിപ്പുകൾക്ക് ഒപ്പമുണ്ടായിരുന്ന വിപിന്റെ അമ്മ ശ്യാമള വേണുഗോപാലിനെ (58) ഒക്ടോബർ 27ന് ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മൊബൈൽ ഫോണും വ്യാജ സിമ്മും സംഘടിപ്പിച്ചിരുന്ന ഇയാൾ, കേരളത്തിലുള്ള പല സുഹൃത്തുക്കളെയും ഫോണിൽ വിളിച്ച് പണം ചോദിച്ചിരുന്നു. സുഹൃത്തുക്കൾ വഴി പൊലീസ് ഇത് തിരിച്ചറിഞ്ഞു. ഗോഹട്ടിയിലേക്ക് പോകണമെന്നും 25,000 രൂപ വേണമെന്നും ആവശ്യപ്പെട്ട് വിളിച്ചതോടെ ഒരു സുഹൃത്ത്, ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് വിവരം നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് വല വിരിച്ചു. കോയമ്പത്തൂരിലായിരുന്ന വിപിനോട് പണം വാങ്ങാൻ പാലക്കാട് തത്തമംഗലത്ത് എത്താൻ സുഹൃത്ത് പറഞ്ഞു. താൻ വരുന്ന ടാക്‌സി കാറിന്റെ നമ്പർ സുഹൃത്തിനെ വിപിൻ അറിയിച്ചു. ബുധനാഴ്ച അർദ്ധരാത്രിയോടെ കാറിലെത്തിയ വിപിൻ, പൊലീസ് സംഘത്തെ കണ്ട് ഓടിയെങ്കിലും കീഴ്‌പ്പെടുത്തുകയായിരുന്നു.
രണ്ട് വർഷമായി വിപിനും അമ്മ ശ്യാമളയും ഗുരുവായൂർ താമരയൂരിലുള്ള ഫ്ലാറ്റിലായിരുന്നു താമസം. ബാങ്കുകൾ, സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് വ്യാജരേഖകൾ ഹാജരാക്കി പണം, സ്വർണം എന്നിവ വാങ്ങിയെടുത്ത് മുങ്ങുകയാണ് ഇവരുടെ പതിവ്. ഗുരുവായൂർ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ശാഖയിൽ നിന്നും മറ്റു ആറു ബാങ്കുകളിൽ നിന്നും ആഡംബര കാറുകൾ വാങ്ങുന്നതിനും മറ്റുമായി ലക്ഷക്കണക്കിന് രൂപ വ്യാജരേഖ നൽകി തട്ടിയെടുത്തതിനാണ് അമ്മയ്ക്കും മകനുമെതിരെ ഗുരുവായൂർ പൊലീസ് കഴിഞ്ഞമാസം കേസെടുത്തത്. തുടർന്ന് ഇവർ ഗുരുവായൂർ വിട്ടിരുന്നു. കോഴിക്കോട്ടുള്ള വീട്ടിലുണ്ടെന്ന് സൂചന ലഭിച്ചപ്പോൾ പൊലീസ് സംഘം അവിടെ എത്തിയാണ് ശ്യാമളയെ പിടികൂടിയത്. വാതിൽ ചവിട്ടിപ്പൊളിക്കാൻ പാെലീസ് വീട്ടിലേക്ക് കടക്കുന്നതിനിടെ വിപിൻ പിൻവാതിലിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു.
ജയിലിൽ മൂന്ന് തവണ
വിദഗ്ദ്ധമായ രീതിയിലാണ് എല്ലാ ഇടപാടുകളും ഇയാൾ നടത്തിയിരുന്നത്.
പൊലീസ് കേസെടുത്തശേഷം ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളി.
വിപിനെതിരെ 20 കേസുകൾ നിലവിലുണ്ട്. മുമ്പ് വിവിധ കേസുകളിലായി മൂന്ന് തവണ തിരുവനന്തപുരത്തും തലശേരിയിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. രണ്ടു വർഷം കൊണ്ട് 28 കാറുകൾ വാങ്ങിയതിൽ ഒരു കാർ പൊലീസ് പിടിച്ചെടുത്തു. സിറ്റി പൊലീസ് കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ഗുരുവായൂർ എ.സി.പി ബിജു ഭാസ്‌കറിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് വിപിനെ കുടുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |