ന്യൂഡൽഹി: നെഹ്റു കുടുംബത്തിന് നൽകി വന്നിരുന്ന സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ്.പി.ജി) സുരക്ഷ പിൻവലിക്കാൻ കേന്ദ്ര സർക്കാർ നീക്കം. കോൺഗ്രസ് അദ്ധ്യക്ഷൻ സോണിയ ഗാന്ധി, മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് നൽകി വന്നിരുന്ന സുരക്ഷയാണ് പിൻവലിക്കുന്നത്. ഈയടുത്ത് നടന്ന സുരക്ഷ ആവലോകന യോഗത്തിലാണ് തീരുമാനം. എസ്.പി.ജി സുരക്ഷ പിൻവലിക്കുന്നതോടെ ഇവർക്ക് ഇനി മുതൽ സെഡ് പ്ലസ് സുരക്ഷയായിരിക്കും നൽകുക.
നിലവിൽ നെഹ്റു കുടുംബത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മാത്രമാണ് എസ്.പി.ജി സുരക്ഷ നൽകിയിരുന്നത്. സുരക്ഷ പിൻവലിക്കുന്ന കാര്യം നെഹ്റു കുടുംബത്തിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. നേരത്തെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ എസ്.പി.ജി സുരക്ഷയും കേന്ദ്രം പിൻവലിച്ചിരുന്നു. നിലവിൽ ഇദ്ദേഹത്തിന് സെഡ് പ്ലസ് സുരക്ഷയാണ് നൽകുന്നത്.
നേരത്തെ നെഹ്റു കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷാ മാനദണ്ഡങ്ങൾ കേന്ദ്രസർക്കാർ പുതുക്കിയിരുന്നു. നേതാക്കളുടെ വിദേശയാത്രകളിൽ ഇനിമുതൽ മുഴുവൻ സമയവും എസ്.പി.ജി അനുഗമിക്കണമെന്ന് നിർദേശിച്ചാണ് അന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സർക്കുലർ ഇറക്കിയത്. . വിദേശയാത്രകളിൽ എവിടെയൊക്കെ സന്ദർശനം നടത്തുന്നു, ആരെയൊക്കെ കാണുന്നു തുടങ്ങിയ വിവരങ്ങൾ അറിയിക്കണം. ഓരോ മിനിട്ടിലും സന്ദർശനത്തിന്റെ വിവരങ്ങൾ പുതുക്കി നൽകണമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ സർക്കുലറിൽ വ്യക്തമാക്കുന്നത്.
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം പ്രധാനമന്ത്രിമാർക്കും മുൻ പ്രധാനമന്ത്രിമാർക്കും കുടുംബത്തിനും സുരക്ഷ ഒരുക്കാനാണ് സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചത്. 1988ലാണ് എസ്.പി.ജി നിയമം പാർലമെന്റ് പാസാക്കിയത്. 1989ൽ രാജീവ് ഗാന്ധിക്കുള്ള എസ്.പി.ജി സുരക്ഷ വി.പി.സിംഗ് സർക്കാർ ഒഴിവാക്കി. എന്നാൽ 1991ൽ രാജീവ് കൊല്ലപ്പെട്ടതോടെ നിയമത്തിൽ ഭേദഗതി വരുത്തി. എല്ലാ മുൻ പ്രധാനമന്ത്രിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും കുറഞ്ഞത് പത്തു വർഷത്തേക്ക് എസ്.പി.ജി സുരക്ഷ നൽകാൻ തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |