ന്യൂഡൽഹി: കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ മുടക്കിയ തുകയുടെ വിവരം തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ സമർപ്പിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിലെയും അരുണാചൽ പ്രദേശ്, തെലങ്കാന, ഒഡിഷ, സിക്കിം നിയമസഭ തെരഞ്ഞെടുപ്പ് ചെലവുകൾ ഉൾപ്പെടുത്തിയാണ് കണക്ക് വിവരങ്ങളാണ് നൽകിയത്. എന്നാൽ ബി.ജെ.പി കണക്കുകൾ ഇതുവരെ നൽകിയിട്ടില്ല. നൽകിയ വിവരങ്ങൾ അനുസരിച്ച് കോൺഗ്രസാണ് ഏറ്റവും കൂടുതൽ രൂപ ചെലവാക്കിയത്.
820 കോടി രൂപയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവാക്കിയത്. കേരളത്തിൽ മാത്രം കോൺഗ്രസ് ചെലവാക്കിയത് 13 കോടിയാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതടക്കമുള്ള ചെലവാണിത്. അതേസമയം സി.പി.എം രാജ്യമാകെ ചെലവാക്കിയത് 73.1ലക്ഷമാണ്. തൃണമൂൽ കോൺഗ്രസ് (83.6 കോടി), ബി.എസ്.പി (55.4 കോടി), എൻ.സി.പി (72.3 കോടി) എന്നിവരാണ് കോൺഗ്രസിന് പിന്നിലുള്ളത്.
ഒക്ടോബർ 31നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ കോൺഗ്രസ് സത്യവാങ്മൂലം സമർപ്പിച്ചത്. കോൺഗ്രസ് 573 കോടി രൂപ ചെക്കായും കറൻസിയായി 14.33 കോടിയും ചെലവാക്കിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പ്രചാരണ പരസ്യത്തിനായി 356 കോടിയും ചെലവാക്കി. പോസ്റ്ററുകൾക്ക് 47 കോടി, പ്രചാരകരുടെ ഗതാഗത ചെലവ് 86.82 കോടി എന്നിങ്ങനെയാണ് ചെലവായ തുക. ഛത്തിസ്ഗഢ് (40 കോടി), ഒഡിഷ (40 കോടി), യു.പി (36 കോടി), മഹാരാഷ്ട്ര 18 കോടി), ബംഗാൾ(15 കോടി) എന്നിങ്ങനെയാണ് സംസ്ഥാനം തിരിച്ചുള്ള കണക്കുകൾ. ദേശീയ പാർട്ടികളിൽ ഏറ്റവും പണം കുറച്ച് ചെലവാക്കിയത് സി.പി.എമ്മാണ്.
2014ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ചെലവാക്കിയത് 516 കോടി രൂപയും ബി.ജെ.പി 714 കോടി രൂപയുമാണ് ചെലവാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |