ന്യൂഡൽഹി: അയോദ്ധ്യയിലെ രാമ ജന്മഭൂമി-ബാബറി മസ്ജിദ് കേസിൽ അടുത്തയാഴ്ച വിധിയുണ്ടാകുമെന്നായിരുന്നു ഇന്നലെ വൈകീട്ട് വരെ വന്ന റിപ്പോർട്ടുകൾ. എന്നാൽ അപ്രതീക്ഷിതമായി വെള്ളിയാഴ്ച രാത്രിയോടെയാണ് വിധി ശനിയാഴ്ച രാവിലെ 10.30 ന് ഉണ്ടാകുമെന്ന പ്രഖ്യാപനം വന്നത്. എന്തുകൊണ്ട് വിധി പ്രഖ്യാപനത്തിന് ഈ ദിവസം തിരഞ്ഞെടുത്തുവെന്ന് സംശയമുള്ള നിരവധിയാളുകൾ ഉണ്ട്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായി അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസിൽ വിധി പുറപ്പെടുവിപ്പിച്ചത്. ജസ്റ്റിസ് ഗൊഗോയ് നവംബർ 17 ന് വിരമിക്കും. കോടതിക്ക് ഏത് ദിവസവും കേസ് പരിഗണിക്കാനും വിധി പുറപ്പെടുവിക്കാനും കഴിയുമെങ്കിലും, നവംബർ 17 ഞായറാഴ്ചയാണ്. സാധാരണയായി ഒരു സുപ്രധാന കേസിലെ വിധി അവധി ദിനത്തിൽ പ്രഖ്യാപിക്കില്ല. കൂടാതെ ജഡ്ജിമാർ വിരമിക്കുന്ന ദിവസത്തിൽ കോടതി ഉത്തരവ് പുറപ്പെടുവിപ്പിക്കാറുമില്ല.
നവംബർ 16 ശനിയാഴ്ചയാണ്, മാത്രമല്ല ജസ്റ്റിസ് ഗൊഗോയിയുടെ അവസാന പ്രവൃത്തി ദിനം 15നാണ്. സാധാരണയായി കോടതി ഒരു വിധി പ്രഖ്യാപിക്കുകയാണെങ്കിൽ, അടുത്ത ദിവസം വാദി ഭാഗമോ അല്ലെങ്കിൽ പ്രതിഭാഗമോ തീരുമാനം വീണ്ടും പുന:പരിശോധിക്കാൻ കോടതിയോട് അഭ്യർത്ഥിക്കാറുണ്ട്. ഈ പ്രക്രിയയ്ക്ക് സാധാരണയായി ഒന്നോ രണ്ടോ ദിവസമെടുക്കും. അതിനാൽത്തന്നെ ഇത് അയോദ്ധ്യ കേസിന്റെ വിധി നവംബർ 14 അല്ലെങ്കിൽ നവംബർ 15 ന് ജസ്റ്റിസ് ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കേൾക്കുമെന്ന അനുമാനത്തിന് കാരണമായി.
എന്നിരുന്നാലും, അയോദ്ധ്യ കേസിലെ വിധി നവംബർ 14 ന് മുമ്പ് വരാമെന്ന് കോടതിയോ സർക്കാരോ നേരത്തെ സൂചിപ്പിച്ചിരുന്നില്ല. പെട്ടെന്ന് വെള്ളിയാഴ്ച രാത്രി അയോദ്ധ്യ കേസിലെ വിധി ശനിയാഴ്ച രാവിലെ 10.30 ന് പ്രഖ്യാപിക്കുമെന്ന് അറിയിക്കുകയായിരുന്നു.
പെട്ടെന്നുള്ള ഈ പ്രഖ്യാപനം സാമൂഹ്യവിരുദ്ധരെ അകറ്റി നിർത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നാണ് സൂചന. ഇത്തരത്തിൽ പെട്ടെന്നുള്ള പ്രഖ്യാപനം മൂലം ഒരു തരത്തിലുള്ള ഗൂഢാലോചന നടത്താനും ഇത്തരക്കാർക്ക് അവസരം ലഭിക്കില്ലെന്ന അനുമാനവും ഇതിന് പിന്നിലുണ്ട്. അതേസമയം, അയോദ്ധ്യ ഉൾപ്പെടെ രാജ്യത്തുടനീളം സമാധാനം ഉറപ്പാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും കേന്ദ്രസർക്കാർ സ്വീകരിച്ചുകഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |