തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ബി.ജെ.പി മുഖപത്രത്തിൽ ലേഖനം. മാവോയിസ്റ്റുകളെ പൊലീസ് നേരിട്ട കാര്യം വിഷയമാക്കിക്കൊണ്ടുള്ള ലേഖനം 'പിണറായിക്ക് ബിഗ് സല്യൂട്ട്' എന്ന തലക്കെട്ടിലാണ് പത്രത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലേഖനത്തിൽ മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തിയിട്ടുമുണ്ട്. മാവോയിസ്റ്റ് വേട്ടയിൽ പിണറായി വിജയന്റെ ഭാഗത്താണ് ശരിയെന്നും നരേന്ദ്രമോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ ഇരിക്കുന്നത് കാരണമാകാം മുഖ്യമന്ത്രിക്ക് ഈ മാറ്റം സംഭവിച്ചതെന്നും ലേഖനത്തിൽ പറയുന്നു. കെ.കുഞ്ഞിക്കണ്ണൻ എഴുതിയ ലേഖനം പത്രത്തിന്റെ 'മറുപുറം' എന്ന പംക്തിയിലാണ് അച്ചടിച്ച് വന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കകാലം പരാമർശിച്ചുകൊണ്ട് തുടങ്ങുന്ന ലേഖനത്തിൽ കോൺഗ്രസിനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ സഖ്യകക്ഷിയായ സി.പി.ഐക്കും വിമർശനമുണ്ട്.
ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ:
'പിണറായി വിജയന്റെ തത്ത്വങ്ങളെയും നയസമീപനങ്ങളെയും പെരുമാറ്റ രീതികളെയും നിരന്തരം വിമർശിക്കുന്നയാളാണ് ഈ ലേഖകൻ. സഖാവെന്ന നിലയിലും മന്ത്രി, മുഖ്യമന്ത്രി, പാർട്ടി നേതാവ് എന്ന നിലയിലുമുള്ള വിജയന്റെ പ്രവർത്തന രീതിയോട് ഒട്ടും മയമില്ലാതെ പ്രതികരിക്കുകയും ചെയ്തുപോന്നിട്ടുണ്ട്. എന്നാൽ ഇന്ന് ഒരു സത്യം പറയട്ടെ. മാവോയിസ്റ്റ് വേട്ടയിൽ പിണറായി വിജയനാണ് ശരി എന്ന് തോന്നിപ്പോവുകയാണ്. അഖിലേന്ത്യാതലത്തിലെ സ്രാവ് സഖാക്കൾക്ക് വിരുദ്ധ നിലപാട് സ്വീകരിക്കാൻ പിണറായി വിജയൻ തയാറായിരിക്കുന്നു. കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാരായതാകാം കാരണം.'
'പന്തീരാങ്കാവിൽ അറസ്റ്റിലായ മാവോവാദികളായ കുഞ്ഞാടുകൾ പാർട്ടിയുടെ പ്രാദേശിക നേതാക്കളാണെന്ന സത്യം അതല്ലെ വ്യക്തമാക്കുന്നത്. അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയ പോലീസിനെ തള്ളിപ്പറയാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയെ നിസ്സാരനായി കാണാൻ പറ്റില്ലല്ലോ. മുൻ ജനറൽ സെക്രട്ടറിയും പിബി മെമ്പർമാരും യു.എ.പി.എ ചുമത്തിയതിനെതിരെ അരിവാൾ വീശുമ്പോള്‍ അതവിടെ ഇരിക്കട്ടെ എന്ന നിലപാട് സ്വീകരിക്കാൻ വിജയനേ പറ്റൂ. അതുകൊണ്ടാണ് 'പിണറായിക്ക് ബിഗ് സല്യൂട്ട്' ഓഫർ ചെയ്യാൻ തോന്നിയത്.'
'മാവോവേട്ടകളിലെ കപടവേഷം അണിഞ്ഞാടുന്നവരാണ് സി.പി.ഐയും കോൺഗ്രസും. അട്ടപ്പാടിയിലെ വേട്ടയില്‍ 4 പേർ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്നാണ് സി.പി.ഐ പറയുന്നത്. കോൺഗ്രസ് അത് ഏറ്റുപാടുന്നു. കോൺഗ്രസ് ദേശീയ നേതൃത്വം മാവോയിസ്റ്റുകൾ ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്ന നിലപാടുകാരാണ്. ഏതായാലും ഇരട്ടച്ചങ്കനായാലും സ്റ്റാലിനിസ്റ്റായാലും മാവോയിസ്റ്റ് വിരുദ്ധ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെങ്കിൽ പിണറായിക്കായി കരുതിവയ്ക്കാം ഒരു ബിഗ് സല്യൂട്ട്.'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |