
2018ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുന്ന കാലത്താണ് ഡോ.അരുൺ എസ്.നായരിൽ സിവിൽ സർവീസ് മോഹമുദിച്ചത്. എല്ലാദിവസവും ഒരേ കാര്യങ്ങൾ തന്നെ ചെയ്ത്, തന്റെ കഴിവുകൾ പ്രകടിപ്പിക്കാനാകാതെ വീർപ്പുമുട്ടിയ അവസ്ഥയിലായിരുന്നു അദ്ദേഹം. വൈവിദ്ധ്യമാർന്ന എന്തെങ്കിലും ചെയ്യണമെന്ന തോന്നൽ കൂടിയായതോടെ തന്റെ മേഖല സിവിൽ സർവീസാണെന്ന് അദ്ദേഹം ഉറപ്പിച്ചു. കഠിനമായി പ്രയത്നിച്ചാൽ ഏത് സ്വപ്നവും സഫലമാക്കാൻ കഴിയുമെന്നതിന്റെ ഉദാഹരണമായി അദ്ദേഹം മാറി. ഒരുവർഷം കൊണ്ട് സിവിൽ സർവീസ് കരസ്ഥമാക്കിയ അദ്ദേഹം, നിലവിൽ എൻട്രൻസ് കമ്മിഷണറും സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ഡയറക്ടറും ശബരിമല എ.ഡി.എമ്മുമാണ്.
കടയ്ക്കൽ ഗവ.എച്ച്.എസ്.എസിലായിരുന്നു അരുൺ എസ്.നായർ പ്ലസ്ടു വരെ പഠിച്ചത്. ഡോക്ടർ ആകണമെന്ന ആഗ്രഹത്തോടെ എൻട്രൻസ് പരീക്ഷയെഴുതി. തുടർന്ന് നാലാം റാങ്ക് നേടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് ചേർന്നു. പി.ജി കൂടി എടുക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. എം.ബി.ബി.എസിനുശേഷം ഹൗസ് സർജൻസി തുടങ്ങി. എന്നാൽ അവിടെ വച്ചാണ് സ്ഥിരമായി ചെയ്യുന്ന ഒരേജോലി അദ്ദേഹത്തിന്റെ മനസിനെ മടുപ്പിച്ചത്.
തുടർന്ന് സ്വയം പരിശീലിച്ച് 2018ൽ ആദ്യമായി സിവിൽ സർവീസ് പരീക്ഷയെഴുതി. തൊട്ടുപിന്നാലെ അടുത്ത വർഷത്തെ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളും തുടങ്ങി. കോച്ചിംഗിന് ചേർന്നു. സൗഹൃദങ്ങൾക്കും വിശേഷങ്ങൾക്കും അവധി നൽകി ഒരുദിവസം മൂന്നുമുതൽ 15 മണിക്കൂർ വരെ പഠിച്ചു. നിരന്തരം മോക് ടെസ്റ്റുകളെഴുതി. 2019ലെ സിവിൽ സർവീസ് പരീക്ഷാഫലം വന്നപ്പോൾ 55-ാം റാങ്കോടെ മിന്നും വിജയം നേടി. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ, ഇടുക്കി സബ് കളക്ടർ, കൊല്ലം അസി.കളക്ടർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.
കൊല്ലം കടയ്ക്കൽ അരുണോദയത്തിൽ റിട്ട. സൈനികനായ സുരേന്ദ്രൻ നായരുടെയും ബിന്ദുവിന്റെയും മകനാണ്. സഹോദരി: അക്ഷയ.
ലക്ഷ്യം ഉറപ്പിച്ചയുടൻ
തയ്യാറെടുപ്പ് തുടങ്ങണം
സ്വപ്നം ഉണ്ടായാലുടൻ തയ്യാറെടുപ്പ് തുടങ്ങണം. ഇതാണ് പുതുതലമുറയോട് അരുൺ എസ്.നായർക്ക് പറയാനുള്ളത്. പരീക്ഷയ്ക്ക് എന്തൊക്കെയാണ് വേണ്ടതെന്ന് മനസിലാക്കി പഠിക്കണം. മുൻകാല ചോദ്യപേപ്പറുകൾ ഉൾപ്പെടെ എല്ലാകാര്യങ്ങളും പരിശോധിച്ച് പഠിക്കേണ്ട കാര്യങ്ങളുടെ രൂപരേഖ തയ്യാറാക്കണം. എല്ലാം പഠിക്കാൻ സമയം ലഭിക്കില്ല. അതിൽ കുറച്ച് പഠിച്ചശേഷം കൂടുതൽ തവണ റിവൈസ് ചെയ്യണം. പ്രിലിമിനറി മുതൽ മെയിൻ വരെ മോക് എക്സാമുകൾ പരമാവധി അറ്റൻഡ് ചെയ്യണം. ഇന്റർവ്യുവിന് മുൻപ് ആശയവിനിമയ ശേഷി ഭംഗിയായി വികസിപ്പിക്കണം. ആത്മവിശ്വാസത്തോടെ സംസാരിക്കാൻ കഴിയണം. ആശയം ഭംഗിയായി അവതരിപ്പിക്കാൻ കഴിയണം. മലയാളം തിരഞ്ഞെടുക്കാമെങ്കിലും ഇംഗ്ലീഷ് ആണ് സിവിൽ സർവീസ് ഇന്റർവ്യൂവിന് ഉചിതം. സിവിൽ സർവീസ് ഇന്റർവ്യു പേഴ്സണാലിറ്റി ടെസ്റ്റാണ്. അറിവിനേക്കാൾ ഇന്റർവ്യു ബോർഡ് വ്യക്തിത്വമാണ് അളക്കുന്നത്. നമ്മൾ നമ്മളായി തന്നെ ഇന്റർവ്യു അറ്റൻഡ് ചെയ്യണം. ഒരുപാട് തവണ സിവിൽ സർവീസ് പരീക്ഷ എഴുതുന്നവരുണ്ട്. അവർ പ്ലാൻ ബി കൂടി കരുതണം. അഥവാ സിവിൽ സർവീസ് കിട്ടിയില്ലെങ്കിൽ മികച്ച മറ്റൊരു സാദ്ധ്യത മനസിൽ ഉണ്ടാകണം. അരുൺ.എസ് നായർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |