ഒരോ വിഷയത്തിലുമുള്ള വ്യക്തമായ നിലപാടാണ് ഗീതു മോഹൻ ദാസ് എന്ന അഭിനേത്രിയുടെ ഏറ്റവും വലിയ പ്രത്യേകത. ഒന്ന് മുതൽ പൂജ്യം വരെ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലെത്തിയത്. നടിയുടെ പുതിയ സംവിധാന സംരഭമായ മൂത്തോൻ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തിയിരിക്കുകയാണ്.
നിവിൻ പോളി നായകനായെത്തിയ ചിത്രം ചർച്ച ചെയ്യുന്ന പ്രമേയം കൊണ്ട് വേറിട്ടു നിൽക്കുന്നതാണ്. ടൊറന്റോയിൽ രാജ്യാന്തര വേദിയിലും മുംബയിലുമൊക്കെ പ്രദർശിപ്പിച്ച സിനിമ പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത് കാമാത്തിപുരയിലും ലക്ഷദ്വീപിലുമാണ്.
കുപ്രസിദ്ധിക്ക് പേരുകേട്ട സ്ഥലമാണ് 'മുംബയിലെ കാമാത്തിപുര. അവിടത്തെ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവത്തെക്കുറിച്ച് ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുയാണ് ഗീതു മോഹൻദാസ്.
'കാമാത്തിപുരയിലെത്തുമ്പോൾ അവിടെയുള്ള ഗലികളിലും ഉൾഭാഗങ്ങളിലുമാണ് ഷൂട്ടിംഗ് നടത്തേണ്ടിയിരുന്നത്. അവിടെയുള്ളവർക്ക് എതിർപ്പുണ്ടാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ അവർ ഞങ്ങളെ അമ്പരപ്പിച്ചു കളഞ്ഞു. അത്രയേറെ സ്നേഹത്തോടെയും സഹകരണത്തോടെയുമാണ് പെരുമാറിയത്. അതോടെ അവരെ ബുദ്ധിമുട്ടിക്കാതെ ചിത്രീകരണം പൂർത്തിയാക്കണമെന്നായി ചിന്ത. അതുകൊണ്ട് ചെറിയൊരു ടീം മാത്രമാണ് അകത്തേക്ക് പോയത്'- ഗീതു മോഹൻദാസ് പറഞ്ഞു.
മൂത്തോനിലെ തന്റെ ബെസ്റ്റ് ചോയ്സ് നിവിൻ തന്നെയാണെന്നും, അത് ചിത്രം കാണുമ്പോൾ മനസിലാകുമെന്നും താരം പറയുന്നു. അതേസമയം, താനൊരു മോശം നടയാണെന്നാണ് തന്റെ വിലയിരുത്തലെന്നും അതിനാൽ അഭിനേതാവായി ഇനി പ്രേക്ഷകർക്ക് മുന്നിലെത്തില്ലെന്നും ഗീതു മോഹൻദാസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |