തിരുവനന്തപുരം: ഇക്കുറി ശബരിമല മണ്ഡലകാലത്ത് നിലയ്ക്കൽ- പമ്പ സർവീസിനായി കെ.എസ്.ആർ.ടി.സി അയയ്ക്കുന്നത് 337 ബസുകൾ. 275 നോൺ എ.സി ബസുകളും 62 എ.സി ബസുകളും. സാധാരണ ശബരിമല സീസണ് പുതിയ ബസുകളാണ് സർവീസിന് ഉപയോഗിക്കുന്നത്. എന്നാൽ, ഇക്കുറി സാമ്പത്തിക പരാധീനത കാരണം പുതിയ ബസുകൾ ഇറക്കുന്നില്ല. അതിനാൽ, മറ്റ് ഡിപ്പോകളിൽ നിന്നുള്ള ബസുകളാവും ശബരിമല സർവീസിനായി ഉപയോഗിക്കുന്നത്. അതിനാൽ, സംസ്ഥാനത്തിന്റെ പലഭാഗത്തും യാത്രക്ളേശം രൂക്ഷമാകാൻ ഇടയുണ്ട്. ശബരിമല സീസൺ മുന്നിൽകണ്ട് 250 ഇലക്ട്രിക് ബസുകൾ വാടകയ്ക്ക് എടുക്കാൻ ടെൻഡർ ക്ഷണിച്ചെങ്കിലും നടപടികൾ പൂർത്തിയായില്ല. ഈ ശബരിമല സീസണിൽ അത് നടക്കുമെന്ന് ഉറപ്പില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ തന്നെ പറയുന്നു. നിലയ്ക്കൽ-പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാവും സർവീസ് നടത്തുക. സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്.
തിരുവനന്തപുരം- എറണാകുളം, എറണാകുളം- കോഴിക്കോട് റൂട്ടിലോടുന്ന ജൻറം ബസുകളും ശബരിമല സർവീസിനായി ഉപയോഗിക്കുന്നതോടെ ഈ റൂട്ടുകളിലും യാത്രാ ക്ളേശത്തിന് ഇടയുണ്ട്.
നൂറു ബസുകൾ വാങ്ങിയ വകയിൽ അശോക് ലൈലാൻഡ് കമ്പനിക്ക് 18 കോടി രൂപ നൽകാനുണ്ട്. അതിനാൽ പുതിയ ബസ് വാങ്ങാൻ ഇപ്പോൾ സാഹചര്യമില്ലെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. വൻതുക കുടിശിക നൽകാനുള്ളത് കാരണം സ്കാനിയ ബസുകളിൽ ചിലത് സി.സിക്കാർ കൊണ്ട് പോയിരുന്നു. കുടിശിക തീർത്താൽ മാത്രം സർവീസ് നടത്താം എന്നാണത്രേ ഈ ഏജൻസികളുടെ നിലപാട്.
ഷെഡ്യൂൾ റദ്ദാക്കൽ ഇപ്പോഴും പല ഡിപ്പോകളിലുമുണ്ട്. അന്തർ സംസ്ഥാന സർവീസുകളിൽ ചിലതും വെട്ടിക്കുറച്ചിട്ടുണ്ട്. മധുര, കോയമ്പത്തൂർ, ബംഗളൂരു, തെങ്കാശി റൂട്ടുകളെല്ലാം ഇതിൽ ഉൾപ്പെടും. ആവശ്യത്തിന് ബസുകൾ ഇല്ല എന്നതാണ് കാരണമായി പറയുന്നത്.
മറ്റുള്ള സ്ഥലങ്ങളിൽ യാത്രാക്ലേശം ഉണ്ടാകാതെ മണ്ഡലകാലത്ത് സർവീസുകൾ നടത്തും. 250 ഇലക്ട്രിക് ബസുകൾക്ക് ടെൻഡർ വിളിച്ചുവെങ്കിലും അവ ഇത്തവണത്തെ മണ്ഡലകാല സീസണിൽ എത്തില്ല. നാൽപത് യാത്രക്കാരില്ലെങ്കിൽ ശബരിമല സർവീസ് നടത്തില്ല. ഇതിലൂടെ ഇന്ധന നഷ്ടം കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്.
പി.എം ഷരീഫ് മുഹമ്മദ്, എക്സിക്യുട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ്), കെ.എസ്.ആർ.ടി.സി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |