ധാക്ക: ബംഗ്ലാദേശിലെ ബ്രഹ്മൻബാരി ജില്ലയിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 16 പേർ മരിച്ചു. 60 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് ധാക്കയിൽ നിന്നുള്ള ഇന്റർസിറ്റി ട്രെയിനും ചിറ്റഗോംഗിലേക്ക് പോകുന്ന ലോക്കോമോട്ടീവും തമ്മിൽ കൂട്ടിയിടിച്ചത്. കൂട്ടിയിടിയിൽ ട്രെയിനുകളുടെ മൂന്ന് കോച്ചുകൾ തെറിച്ചുപോയി. ഇരു ട്രെയിനുകളുടേയും ലോക്കോ പൈലറ്റുമാർ സിഗ്നൽ പാലിക്കുന്നതിൽ വരുത്തിയ വീഴ്ചയും, ഒരേ ട്രാക്കിലൂടെ എത്തിയതുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
12 യാത്രക്കാർ സംഭവസ്ഥലത്ത് വച്ചും മറ്റുള്ളവർ ആശുപത്രിയിലേക്ക് പോകും വഴിയുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. തകർന്ന കോച്ചുകൾക്കിടയിൽ യാത്രക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയമുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നും പ്രാദേശിക പൊലീസ് സ്റ്റേഷൻ മേധാവി ശ്യാമൾ കാന്തി ദാസ് പറഞ്ഞു. അപകടത്തെ തുടർന്ന് ധാക്കയിൽ നിന്നുള്ള ട്രെയിൻ സർവീസുകൾ നിറുത്തിവച്ചു. ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുൾ ഹമീദ്, പ്രധാനമന്ത്രി ഷേഖ് ഹസീന എന്നിവർ അനുശോചനം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റെയിൽവേ അധികൃതർ പറഞ്ഞു. ട്രെയിൻ അപകടങ്ങൾ ബംഗ്ലാദേശിൽ സാധാരണമാണ്. കൂടുതലും സിഗ്നലിലെയോ അടിസ്ഥാന സൗകര്യങ്ങളിലെയോ പിഴവ് കാരണം സംഭവിക്കുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |