മാന്നാർ: വെൺമണിയിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയതിനെപ്പറ്റി ഭാവഭേദമില്ലാതെ പൊലീസിനോട് വിവരിച്ച് പ്രതികൾ. ചെറിയാൻ ജുവലിന്റെ അടിയേറ്റും ലില്ലി ലബ്ളുവിന്റെ അടിയേറ്റുമാണ് കൊല്ലപ്പെട്ടത്. ഇന്നലെ വിശദമായ ചോദ്യം ചെയ്യലിലാണ് ഇവർ പൊലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതികളെ ഇന്ന് മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. തുടർന്ന് പത്ത് ദിവസം കസ്റ്റഡിയിൽ വാങ്ങുന്നതിന് അപേക്ഷ നൽകും. പിടിയിലായവർ ബംഗ്ളാദേശികളായതിനാൽ ഇക്കാര്യം വിദേശകാര്യ മന്ത്രാലയത്തെയും അറിയിക്കും.
11ന് ഉച്ചയ്ക്ക് ശേഷം ആയിരുന്നു കൊല നടത്തിയത്. ഈ സമയത്ത് ശക്തമായ മഴയുണ്ടായിരുന്നു. തേങ്ങയിടാനായി കയറുന്നതിനായി തെങ്ങിന്റെ ചുവട്ടിലുള്ള വേര് നീക്കം ചെയ്യാൻ ചെറിയാനോട് ജുവൽ കമ്പിപ്പാര ആവശ്യപ്പെട്ടു. ഇതിനായി വീടിന് സമീപമുള്ള സ്റ്റോർ മുറിയിലേക്ക് ചെറിയാൻ കയറിയപ്പോൾ ജുവൽ ഹസൻ (22) പുറകേ പാഞ്ഞു ചെന്ന് പാര കൈയ്ക്കലാക്കി തലയുടെ പുറകിൽ ശക്തമായി പ്രഹരമേല്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. മഴ ശക്തമായതിനാൽ ചെറിയാന്റെ ഉച്ചത്തിലുള്ള നിലവിളി ഭാര്യ ലില്ലിയ്ക്ക് കേൾക്കാനായില്ല.
സ്റ്റോർ റൂമിൽ നിന്ന് തൂമ്പയും കൈക്കലാക്കി അടുക്കളയിലേക്ക് ചെന്ന ലബ്ലു ഹസൻ (36) ലില്ലി ചെറിയാനോട് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാൻ ലില്ലി അടുക്കളയിലേക്ക് പോയപ്പോൾ ലബ്ലൂ പിന്നിലൂടെ ചെന്ന് തൂമ്പ ഉപയോഗിച്ച് തലയ്ക്ക് നിരവധി തവണ അടിക്കുകയായിരുന്നു. ലില്ലിയും നിലവിളിച്ചെങ്കിലും മഴ കാരണം ശബ്ദം പുറത്തുകേട്ടില്ല. അടുക്കളയിൽ വച്ചിരുന്ന കുപ്പിയിലെ വെള്ളം ഉപയോഗിച്ച് കൈയിലെ രക്തക്കറ ഇരുവരും കഴുകിക്കളഞ്ഞു. പിന്നീട് മൂന്ന് മുറികളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും അയ്യായിരത്തോളം രൂപയും കവർന്നു.
കോരിച്ചൊരിയുന്ന മഴയത്തുതന്നെ ഇരുവരും അവിടെ നിന്ന് അരകിലോമീറ്റർ അകലെയുള്ള പാറചന്ത ജംഗ്ഷനിലേക്ക് നടന്ന് ചെന്ന് ആട്ടോറിക്ഷയിലാണ് ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിലേക്ക് പോയത്. വൈകിട്ടത്തെ ചെന്നൈ മെയിലിൽ കയറിയ ഇവർ ട്രെയിനിൽ വച്ചാണ് രക്തകറ പുരണ്ട ഷർട്ടുകൾ മാറിയത്. ലബ്ലൂ ഹസന് നാട്ടിൽ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കവർച്ച ലക്ഷ്യമാക്കിയാണ് ഇവർ ഈ വീട്ടിൽ കയറിപ്പറ്റിയതും കൃത്യമായ ആസൂത്രണത്തോടെ കൊല നടത്തിയതും. വെണ്മണിയിൽ ഇവർ ജോലിക്കെത്തിയിട്ട് പത്ത് ദിവസമേ ആയുള്ളുവെന്നും പൊലീസ് പറഞ്ഞു.
കൊലയ്ക്ക് ഉപയോഗിച്ച വസ്തുക്കൾ മൃതദേഹത്തിനരികിൽ ഉപേക്ഷിച്ചാണ് കടന്നുകളഞ്ഞത്. ലുക്കൗട്ട് നോട്ടീസിനായി പൊലീസ് ഉപയോഗിച്ച ഫോട്ടോ കൊലയ്ക്ക് തലേദിവസം പ്രതികളും സഹതൊഴിലാളികളും ചേർന്ന് ചെറിയാന്റെ വീട്ടിൽ വച്ച് എടുത്ത സെൽഫിയിൽ നിന്നാണ് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |