തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ആശയവ്യക്തത വരുത്തിയ ശേഷം സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധി നടപ്പിലാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ശബരിമല കേസിലെ റിവ്യു, റിട്ട് ഹർജികളിന്മേൽ സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുത്തുവെന്നമട്ടിൽ പുറത്തുവരുന്ന മാദ്ധ്യമ വാർത്തകളിൽ പലതും ഭാവന മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീ-പുരുഷ സമത്വം എല്ലാ രംഗത്തുമുണ്ടാകണമെന്നതാണ് പാർട്ടി നിലപാടെന്നും അതത് കാലത്തെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും കോടതിവിധികളുടെയും അടിസ്ഥാനത്തിലാണ് സർക്കാരുകൾ പ്രവത്തിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ സുപ്രീംകോടതി വിധിയും നടപ്പിലാക്കലാണ് സർക്കാരിന്റെ ഉത്തരവാദിത്തം. എന്നാൽ, ഈ വിധി വലിയ ആശയക്കുഴപ്പമുള്ളതാണെന്ന പൊതു അഭിപ്രായം നിയമവൃത്തങ്ങളിൽ ഉൾപ്പെടെയുണ്ട്. അതുകൊണ്ട് ആശയ വ്യക്തത വരുത്തി എന്താണോ സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധി നിഷ്‌കർഷിക്കുന്നത് അത് നടപ്പിലാക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് സംസ്ഥാന സർക്കാർ നിർവഹിക്കുകയെന്നും കോടിയേരി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ശബരിമല കേസിലെ റിവ്യു, റിട്ട് ഹർജികളിന്മേൽ സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുത്തുവെന്നമട്ടിൽ പുറത്തുവരുന്ന മാധ്യമ വാർത്തകളിൽ പലതും ഭാവന മാത്രമാണ്. സ്‌ത്രീ-പുരുഷ സമത്വം എല്ലാ രംഗത്തുമുണ്ടാകണമെന്നതാണ് പാർടി നിലപാട്. എന്നാൽ, അതത് കാലത്തെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും കോടതിവിധികളുടെയും അടിസ്ഥാനത്തിലാണ് സർക്കാരുകൾ പ്രവർത്തിക്കേണ്ടത്. 1991-ലെ കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് 2018 സെപ്‌റ്റംബർ 28 വരെ ശബരിമല സ്‌ത്രീപ്രവേശന കാര്യത്തിൽ എൽഡിഎഫ് സർക്കാരുകൾ പ്രവർത്തിച്ചത്. സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി വന്നതിന് ശേഷം അത് നടപ്പിലാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വത്തവും നിര്‍വ്വഹിച്ചു.
ഇപ്പോഴത്തെ സുപ്രീംകോടതി വിധിയും നടപ്പിലാക്കലാണ് സർക്കാരിന്റെ ഉത്തരവാദിത്തം. എന്നാല്‍, ഈ വിധി വലിയ ആശയക്കുഴപ്പമുള്ളതാണെന്ന പൊതു അഭിപ്രായം നിയമവൃത്തങ്ങളിൽ ഉൾപ്പെടെയുണ്ട്. അതുകൊണ്ട് ആശയ വ്യക്തത വരുത്തി എന്താണോ സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധി നിഷ്‌കർഷിക്കുന്നത് അത് നടപ്പിലാക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് സംസ്ഥാന സർക്കാര്‍ നിർവ്വഹിക്കേണ്ടത്. ഇക്കാര്യം മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ നിരാശരാക്കിയിട്ടുണ്ടെന്നാണ് വാർത്തകളിൽ പ്രതിഫലിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |