
ശബരിമല : തീർത്ഥാടക സഹസ്രങ്ങൾക്ക് സുകൃതമായി സന്നിധാനത്ത് അയ്യപ്പവിഗ്രഹത്തിൽ തങ്കഅങ്കി ചാർത്തി നടന്ന പൂജയോടെ മണ്ഡലകാല തീർത്ഥാടനത്തിന് പരിസമാപ്തിയായി. ജനുവരി 14നാണ് മകരവിളക്ക്.
ഇന്നലെ രാവിലെ 10.10നും 11.30നും മദ്ധ്യേ കുംഭം രാശി മുഹൂർത്തത്തിൽ നടന്ന മണ്ഡലപൂജയ്ക്ക്
തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരിയും കാർമ്മികത്വം വഹിച്ചു.
കലശപൂജയ്ക്കും കളഭാഭിഷേകത്തിനും ശേഷം നടഅടച്ച് തങ്കഅങ്കി ശോഭയിൽ മണ്ഡലപൂജയും ഉച്ചപൂജയും നടന്നു. തുടർന്ന് തീർത്ഥാടകർക്ക് ദർശനം നൽകി ഒരുമണിക്ക് നടഅടച്ചു.
അത്താഴപൂജയ്ക്കുശേഷം അയ്യപ്പനെ ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് യോഗനിദ്രയിലാക്കി ഹരിവരാസനം പാടി നടഅടച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ, ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ, എ.ഡി.ജി.പി എസ്.ശ്രീജിത്ത്, ദേവസ്വം കമ്മിഷണർ ബി.സുനിൽകുമാർ, സെക്രട്ടറി പി.എൻ.ഗണേശൻ പോറ്റി, ദേവസ്വം വിജിലൻസ് എസ്.പി.സുനിൽകുമാർ, തിരുവാഭരണം കമ്മിഷണർ ആർ.റജിലാൽ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി.ബിജു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീനിവാസ് എന്നിവർ പങ്കെടുത്തു.
മകരവിളക്ക് ഉത്സവത്തിന്
30ന് നട തുറക്കും
മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് 5ന് നട തുറക്കും. ജനുവരി 19ന് രാത്രി നടയടയ്ക്കും. ശേഷം മാളികപ്പുറത്ത് വലിയ ഗുരുതി നടക്കും. 20ന് പുലർച്ചെ ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കി ശബരിമല നട അടയ്ക്കുന്നതോടെ മകരവിളക്ക് തീർത്ഥാടനത്തിനും പരിസമാപ്തിയാകും.
ശബരിമലയിൽ റെക്കാഡ് വരുമാനം; 332.77കോടി രൂപ
ശബരിമല : മണ്ഡലകാല തീർത്ഥാടന കാലയളവിൽ ശബരിമലയിലെ ആകെ വരുമാനം 332,77,05,132 രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള വരുമാനമാണിത്. കഴിഞ്ഞവർഷം 41 ദിവസം പിന്നിട്ടപ്പോൾ 297,06,67,679 രൂപയായിരുന്നു വരുമാനം. ഈ വർഷം 40 ദിവസം പിന്നിട്ടപ്പോൾ 35.70 കോടി രൂപ അധികം ലഭിച്ചു. കാണിക്കയായി ലഭിച്ചത് 83,17,61,509 രൂപയാണ്. കഴിഞ്ഞവർഷം ഇത് 80,25,74,567 രൂപയായിരുന്നു. അരവണ വില്പനയിലൂടെ ഇത്തവണ 145.67 കോടി രൂപ ലഭിച്ചു.
മണ്ഡലപൂജയ്ക്കായി നടതുറന്ന നവംബർ 16 മുതൽ ഇന്നലെ വരെ 36,71,191 തീർത്ഥാടകരാണ് സന്നിധാനത്ത് ദർശനം നടത്തിയത്. കഴിഞ്ഞ വർഷം മണ്ഡലകാലം പൂർത്തിയായപ്പോൾ 32,49,756 പേർ ദർശനം നടത്തിയിരുന്നു.
പൊലീസും ജീവനക്കാരും ഒത്തൊരുമിച്ചതിലൂടെ ശബരിമലയിൽ കഴിഞ്ഞ 40 ദിവസവും സുഖദർശനം ഉറപ്പാക്കാനായി.
കെ. ജയകുമാർ,
പ്രസിഡന്റ് ,
തിരുവിതാംകൂർ ദേവസ്വം ബോർഡ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |