മുംബയ്: റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ (ആർകോം) ഡയറക്‌ടർ സ്ഥാനം അനിൽ അംബാനി ഒഴിഞ്ഞു. നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാംപാദമായ ജൂലായ്-സെപ്‌തംബറിൽ കമ്പനിയുടെ നഷ്‌ടം 30,142 കോടി രൂപയായി കുതിച്ചുയർന്ന പശ്‌ചാത്തലത്തിലാണ് രാജി. ഛായ വിറാനി, റയന കറാനി, മഞ്ജരി കാക്കർ, സുരേഷ് രംഗാചർ എന്നീ ഡയറക്‌ടർമാരും രാജിവച്ചുവെന്ന് ബോംബെ സ്‌റ്രോക്ക് എക്‌സ്‌ചേഞ്ചിന് നൽകിയ കത്തിൽ ആർകോം വ്യക്തമാക്കി.
ഇന്ത്യൻ ടെലികോം രംഗത്ത് പ്രതിസന്ധി അതിരൂക്ഷമെന്ന് വ്യക്തമാക്കുന്നതാണ് ആർകോമിന്റെ തകർച്ച. 33,000 കോടി രൂപയുടെ കടക്കെണിയിലായ ആർകോമിന്റെ ആസ്‌തികൾ വിറ്റഴിച്ച് കടംവീട്ടാനുള്ള നടപടികൾ പുരോഗമിക്കവേയാണ് അനിൽ അംബാനി ഉൾപ്പെടെയുള്ള ഡയറക്‌ടർമാരുടെ രാജി. കമ്പനിയുടെ മറ്റൊരു ഡയറക്‌ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ (സി.എഫ്.ഒ) വി. മണികണ്‌ഠനും നേരത്തേ രാജി സമർപ്പിച്ചിരുന്നു.
₹30,142 കോടി
നടപ്പുവർഷം ജൂലായ്-സെപ്‌തംബർ പാദത്തിൽ റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ നഷ്‌ടം 30,142 കോടി രൂപ. ഒരിന്ത്യൻ കമ്പനിയുടെ രണ്ടാമത്തെ വലിയ ത്രൈമാസ നഷ്‌ടമാണിത്. കഴിഞ്ഞപാദത്തിൽ വൊഡാഫോൺ ഐഡിയ 50,922 കോടി രൂപയുടെ നഷ്‌ടം കുറിച്ചതാണ് റെക്കാഡ്. 23,000 കോടി രൂപയുടെ നഷ്‌ടവുമായി ഭാരതി എയർടെല്ലും ഒപ്പമുണ്ട്.
₹1,141 കോടി
കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2018-19) ജൂലായ് - സെപ്തംബറിൽ ആർകോം 1,141 കോടി രൂപയുടെ ലാഭം നേടിയിരുന്നു.
₹33,000 കോടി
റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ മൊത്തം കടബാദ്ധ്യത 33,000 കോടി രൂപ.
ആസ്‌തി വില്‌പന
ആർകോമിന്റെ ആസ്‌തികൾ വിറ്രഴിച്ച് കടംവീട്ടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഭാരതി എയർടെല്ലും ഭാരതി ഇൻഫ്രയുമാണ് ആസ്‌തി ഏറ്രെടുക്കാൻ മുൻപന്തിയിലുള്ളത്.
അനിൽ അംബാനിയുടെ സഹോദരനും റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ചെയർമാനുമായ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ആർകോം ഏറ്രെടുക്കുന്നതിനുള്ള താത്പര്യപത്രം സമർപ്പിച്ചിട്ടില്ല.
₹0.59
ആർകോമിന്റെ ഓഹരിവില ഇപ്പോൾ വെറും 59 പൈസയാണ്. 2008ലെ 844 രൂപയിൽ നിന്നാണ് ഓഹരികളുടെ ഈ ദയനീയ തകർച്ച.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |