
ന്യൂഡൽഹി: ഇന്നലെ ഡൽഹിയിൽ നിന്ന് പൂനെയിലേക്കുള്ള ഇൻഡിഗോ 6E 2608 വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായിരുന്നതായി വിവരം. ഇന്നലെ രാത്രി 8.40ന് പൂനെയിൽ എത്തേണ്ടിയിരുന്ന വിമാനം രാത്രി 9.27നാണ് ലാൻഡ് ചെയ്‌തത്. ബേ നമ്പർ മൂന്നിൽ പാർക്ക് ചെയ്യുകയും ചെയ്‌തു. വിമാനം നിലത്തിറങ്ങിയ ഉടൻ ഭീഷണി സന്ദേശം ലഭിച്ചുവെന്നും എന്നാൽ, പരിശോധനയിൽ സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്നും അധികൃതർ അറിയിച്ചു.
ബോംബ് ഭീഷണി സന്ദേശം വന്നയുടൻ തന്നെ എയർ ട്രാഫിക് കൺട്രോൾ വിവരം ആപ്രോൺ കൺട്രോളിനെ അറിയിച്ചു. ആപ്രോൺ കൺട്രോൾ ഉടൻ തന്നെ ബന്ധപ്പെട്ട എല്ലാ ഏജൻസികളെയും അറിയിച്ചു. തുടർന്ന് വിമാനം ബേ നമ്പർ മൂന്നിൽ നിന്ന് ഐസൊലേഷൻ ബേയിലേക്ക് മാറ്റി. ബോംബ് ത്രെട്ട് അസസ്‌മെന്റ് കമ്മിറ്റി ഉൾപ്പെടെയെത്തി പൂർണമായ പരിശോധനയും നടത്തി. എന്നാൽ, സംശയാസ്‌പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പരിശോധനകൾക്ക് ശേഷം വിമാനം സാധാരണ പ്രവർത്തനങ്ങൾക്കായി വിട്ടുനൽകി. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയ്‌ക്കും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഇൻഡിഗോ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |