പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിന്റെ അന്വേഷണത്തിൽ വീഴ്ചപറ്റിയത് സംബന്ധിച്ച് റിപ്പോർട്ട് കിട്ടിയെന്ന് മന്ത്രി എ.കെ ബാലൻ. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും, ഇനി ഒരു പ്രോസിക്യൂഷനും ഇത്തരത്തിൽ കേസ് നടത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ശക്തമായ നടപടിയെടുക്കുമെന്നും, ആ നടപടികൾ വരും ദിവസങ്ങളിൽ കാണാമെന്നും മന്ത്രി വ്യക്തമാക്കി. വാളയാർ കേസ് അന്വേഷിച്ച പൊലീസുകാർക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് എ.കെ ബാലന്റെ പ്രതികരണം.
കേസിൽ പ്രതിചേർക്കപ്പെട്ട വി. മധു, ഷിബു, എം. മധു എന്നിവരെ ഒക്ടോബർ 25ന് പോക്സോ കോടതി വെറുതേ വിട്ടിരുന്നു. പെൺകുട്ടികൾ പീഡനത്തിനിരയായെന്ന് കണ്ടെത്തിയെങ്കിലും പ്രതികൾ ഇവരാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ബലാത്സംഗം, ആത്മഹത്യാപ്രേരണ, ബാലപീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെ കേസിൽ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. മൂന്നാം പ്രതി പ്രദീപ് കുമാറിനെ തെളിവില്ലെന്ന് കണ്ട് കോടതി നേരത്തെ വെറുതേ വിട്ടിരുന്നു. കേസിന്റെ തുടക്കത്തിൽ തന്നെ അന്വേഷണം അട്ടിമറിക്കപ്പെടുന്നതായി സ്ഥലം എം.എൽ.എയും ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനുമായ വി.എസ്. അച്യുതാനന്ദൻ ആരോപിച്ചിരുന്നു.
അതേസമയം ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുതിയ വിധിയിൽ പ്രായോഗിക സ്റ്റേ ഉണ്ടെന്നും മന്ത്രി എ.കെ ബാലൻ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |