
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ജമാ അത്തെ ഇസ്ലാമിക്കെതിരായ സി.പി.എം നേതാവ്എ.കെ ബാലന്റെ പരാമർശത്തിൽ സി.പി.ഐയിൽ അതൃപ്തി. തദ്ദേശ തിരഞ്ഞെടുപ്പി എ തിരിച്ചടിക്ക് പ്രധാന കാരണങ്ങളിലൊന്ന് ന്യൂനപക്ഷ വോട്ടുകളുടെ കുറവാണെന്ന് സി.പി.എം വിലയിരുത്തിയിരുന്നു. ബാലന്റെ പ്രസ്താവന അതിന് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തൽ..
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ജമാ അത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്നും, അപ്പോൾ പല മാറാടുകളും ആവർത്തിക്കുമെന്നാണ് ബാലൻ പറഞ്ഞത്. ജമാ അത്തെ ഇസ്ലാമിയേക്കാൾ വലിയ വർഗീയതയാണ് ലീഗിന്റേതെന്നും ബാലൻ പറഞ്ഞു. യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് ജമാ അത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയുമായി ചേർന്നാണെന്ന് സി.പി.എം ആരോപിച്ചിരുന്നു. യു.ഡി.എഫിനെയാണ് ലക്ഷ്യമിട്ടതെങ്കിലും മാറാടും പരാമർശിക്കപ്പെട്ടതോടെ വർഗീയ നിറം കലർന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ നിരവധി വാർഡുകളിലെ ന്യൂനപക്ഷ ഏകീകരണം ഇടതു മുന്നണിക്ക് തിരിച്ചടിയായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും അഭിപ്രായപ്പെട്ടിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടാനുള്ള പ്രവർത്തനം സജീവമാക്കുമെന്നും പറഞ്ഞിരുന്നു. അതിനിടെയാണ് ബാലന്റെ പരാമർശം വിവാദമായത്. ഇന്നും നാളെയുമായി കൂടുന്ന സി.പി.ഐ സെക്രട്ടേറിയറ്റിലും എക്സിക്യൂട്ടീവിലും ഇത് ചർച്ച ചെയ്യും. ബി.ജെ.പി പോലും ഉന്നയിക്കാത്ത ആരോപണമാണ് ബാലന്റെതെന്നും സംഘപരിവാർ അജണ്ട സി.പി.എം ഏറ്റുപിടിക്കുകയാണെന്നും കോൺഗ്രസ് വിമർശിക്കുന്നു. ഇടതുമുന്നണി ന്യൂനപക്ഷങ്ങളെ കൈവിടുകയാണെന്ന പ്രചാരണം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം.
സി.പി.എം നടത്തുന്നത് വർഗീയധ്രുവീകരണം: ജമാ അത്തെ ഇസ്ലാമി
ഭൂരിപക്ഷ വോട്ടു ബാങ്ക് ലക്ഷ്യമിട്ടുള്ള അപകടകരമായ വർഗീയ ധ്രുവീകരണ രാഷ്ട്രീയമാണ് സി.പി.എം നടത്തുന്നതെന്നും ഇതിൽ നിന്നവർ പിന്തിരിയണമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി.മുജീബുറഹ്മാൻ. സി.പി.എമ്മിനെ എഴുതിത്തള്ളണമെന്ന അഭിപ്രായം ജമാഅത്തെ ഇസ്ലാമിക്കില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു .
അധികാരത്തിന് വേണ്ടി സി.പി.എം സ്വീകരിക്കുന്ന രാഷ്ട്രീയം അപകടകരമാണ്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ ഇടതു സർക്കാറിന്റെ അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിക്കുന്ന സി.പി.എമ്മിനെ പത്ത് വർഷം മുൻപ് ചിന്തിക്കാനേ ആകുമായിരുന്നില്ല. നിരന്തരം വർഗീയത ആരോപിക്കുന്ന സി.പി.എമ്മിന് ,ജമാഅത്തെ ഇസ്ലാമി നടത്തിയ വർഗീയ പ്രവർത്തനം എന്താണെന്ന് വ്യക്തമാക്കാനുള്ള ഉത്തരവാദിത്തമുണ്ട്.
ഒരുപാട് കൊലപാതകങ്ങളുടെ രക്തക്കര പുരണ്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്, ഇന്നു വരെ ഒരാളുടെ രക്തം പൊടിഞ്ഞതിന് പോലും പേര് പരാമർശിക്കപ്പെടാത്ത ജമാഅത്തെ ഇസ്ലാമിക്ക് മേൽ നിരുത്തവാദപരമായ പരാമർശം എങ്ങനെ ഉന്നയിക്കാനാവും. ബുൾഡോസൾ രാജ് നടപ്പാക്കുന്ന യോഗി ആദിത്യനാഥിനെയും മുസ്ലിമുകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളും രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളാണെന്ന് എഴുതി വച്ച ആർ.എസ്.എസിനെയും വിമർശിക്കണമെങ്കിൽ സി.പി.എമ്മിന് കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ നെഞ്ചത്ത് കയറണമെന്ന് പറയുന്നതിന്റെ യുക്തിയെന്താണെന്ന് അദ്ദേഹം ചോദിച്ചു.ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, അസിസ്റ്റന്റ് സെക്രട്ടറി സമദ് കുന്നക്കാവ്, സംസ്ഥാന കൂടിയാലോചന സമിതി അംഗം എൻ.എം അബ്ദുറഹ്മാൻ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |