അത്യാധുനിക പോർവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നു. നിലവിലുള്ള ഏകദേശം 1400 യുദ്ധവിമാനങ്ങളിൽ നിന്ന് 2000 ആയി ഉയർത്താനാണ് ഇന്ത്യൻ വ്യോമസേന ലക്ഷ്യമിടുന്നത്. 33 പോർവിമാനങ്ങൾ അടങ്ങിയ 25 സേനാവ്യൂഹങ്ങളാണ് വ്യോമസേനക്കുള്ളത്. പാക്കിസ്ഥാന്റെ ഒരു വ്യോമസേനാവ്യൂഹത്തിന് ബദലായി ഇന്ത്യക്കുള്ളത് 1.3 പോർവിമാന വ്യൂഹമാണ്.
ഇപ്പോഴത്തെ സാഹചര്യം നോക്കുകയാണെങ്കിൽ വരുംവർഷങ്ങളിൽ കൂടുതൽ പോർവിമാനങ്ങൾ വേണ്ടതുണ്ടെന്ന് വ്യോമസേനയും നേവിയും അറിയിച്ചിട്ടുണ്ട്. ഉടൻ തന്നെ വ്യോമസേന വിമാനങ്ങളുടെ എണ്ണം 2,000 ആയി ഉയരുമെന്നും ഇത് എം.എസ്.എം.ഇ മേഖലയ്ക്ക് പഴയ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താനും ഓവർഹോൾ ചെയ്യാനും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അടുത്ത 10 മുതൽ 20 വർഷത്തിനുള്ളിൽ വലിയ തോതിൽ വിമാനങ്ങൾ ആവശ്യമാണെന്ന് വ്യോമസേനയുടെ എയർ മാർഷൽ ആർ. കെ. എസ്. ഷെറ പറഞ്ഞു.
വ്യോമസേനയിൽ ഇടത്തരം ഗതാഗത വിമാനമായ എയർബസ് സി 295 ന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസിലെ ഡസ്സോൾട്ട് ഏവിയേഷനിൽ നിന്ന് റഫാൽ ജെറ്റുകളെ സേനയിൽ ഇതിനകം ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇവ കൂടാതെ നിരവധി ആളില്ലാ വിമാനങ്ങൾ, ചെറു ഡ്രോണുകൾ, മറ്റ് യന്ത്രങ്ങൾ എന്നിവയും വ്യോമസേനയുടെ ഭാഗമാകുമെന്ന് വ്യോമസേനയുടെ മെയിന്റനൻസ് കമാൻഡ് മേധാവി ഷെറ പറഞ്ഞു. 1960 ലെ വിന്റേജ് അവ്രോ എയർക്രാഫ്റ്റുകൾ മുതൽ അത്യാധുനിക സി 17, സി 130 ജെ ട്രാൻസ്പോർട്ടറുകൾ വരെ വ്യോമസേനയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഉടൻ തന്നെ എയർബസിൽ നിന്ന് സി 295 ലഭ്യമാകുമെന്നും ഷെറ പറഞ്ഞു.
ഇന്ത്യന്‍ വ്യോമസേനയുടെ 14 മിഗ് 21, മിഗ് 27 സേനാവ്യൂഹങ്ങളുടെ കാലാവധി 2024ൽ അവസാനിക്കും. ഇതിന് ബദലായി 123 തേജസ് പോർവിമാനങ്ങളെയാണ് ഇന്ത്യ ഒരുക്കുന്നത്. എന്നാൽ 2025ൽ മാത്രമേ ഇവ ഇന്ത്യൻ സേനയുടെ ഭാഗമാകൂ. അതേസമയം ശേഷിയുടെ കാര്യത്തിൽ ഇന്ത്യൻ വ്യോമസേനയിലെ പോർവിമാനങ്ങൾ പാകിസ്ഥാനേക്കാൾ മുന്നിലാണ്. ഇന്ത്യൻ സേനയുടെ ഭാഗമായ റാഫേൽ,സുഖോയ്, മിറാഷ് 2000 എസ് എന്നീ പോർവിമാനങ്ങൾക്കൊപ്പം നിൽക്കാവുന്നവ മുഖ്യ ശത്രുക്കളായ പാകിസ്ഥാൻ സേനയിലില്ലെന്നാണ് കരുതപ്പെടുന്നത്.
ജെ.എഫ് 17 പോര്‍വിമാനങ്ങളാണ് താരതമ്യേന പാക്ക് കൈവശമുള്ളതിൽ മെച്ചപ്പെട്ടത്. ചൈനയുടെ സാങ്കേതിക സഹായത്തിലാണ് പാകിസ്ഥാൻ ഈ പോർവിമാനങ്ങൾ നിർമിച്ചത്. പാക്കിസ്ഥാന് തൊണ്ണൂറോളം ജെ.എഫ് 17 പോർവിമാനങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |