
വാഷിംഗ്ടൺ: ഗ്രീൻലൻഡിന്റെ നിയന്ത്രണം നേടാനുള്ള തന്റെ ശ്രമങ്ങളെ സമാധാന നോബലുമായി ബന്ധിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നോർവേ പ്രധാനമന്ത്രി ജോനാസ് ഗാർ സ്റ്റോറിനയച്ച അസാധാരണ കത്തിലാണ് ട്രംപിന്റെ പുതിയ അവകാശവാദങ്ങൾ.
' എട്ടിലേറെ യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടും നോർവേ തനിക്ക് സമാധാന നോബൽ നൽകിയില്ല. സമാധാനമെന്നത് പ്രധാനം തന്നെ, എന്നാൽ ഇപ്പോൾ സമാധാനത്തെ കുറിച്ച് മാത്രം ചിന്തിക്കേണ്ട ബാദ്ധ്യത തനിക്ക് ഇല്ല. പകരം, യു.എസിന് നല്ലതും ഉചിതവും ഏതാണോ, അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു" - ട്രംപ് കത്തിൽ പറയുന്നു.
ഗ്രീൻലൻഡിനെ റഷ്യയിൽ നിന്നും ചൈനയിൽ നിന്നും സംരക്ഷിക്കാൻ ഡെൻമാർക്കിന് കഴിയില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. അതേ സമയം, നോബൽ കമ്മിറ്റി പൂർണമായും സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്നും നോർവീജിയൻ സർക്കാർ കമ്മിറ്റിയിൽ ഇടപെടില്ലെന്നും ഗാർ സ്റ്റോർ വ്യക്തമാക്കി (സ്വതന്ത്ര നോബൽ കമ്മിറ്റി വഴി നോർവേയിൽ വച്ചാണ് സമാധാന നോബൽ നൽകുന്നത്).
ഗ്രീൻലൻഡിനെ സ്വന്തമാക്കാനുള്ള തങ്ങളുടെ പദ്ധതിയെ എതിർക്കുന്നതിന്റെ പേരിൽ നോർവേ, യു.കെ, ഡെൻമാർക്ക്, ജർമ്മനി, ഫ്രാൻസ്, ഫിൻലൻഡ്, നെതർലൻഡ്സ്, സ്വീഡൻ എന്നീ നാറ്റോ രാജ്യങ്ങൾക്ക് ഫെബ്രുവരി 1 മുതൽ 10 ശതമാനം അധിക തീരുവ ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 1ന് ഇത് 25 ശതമാനമായി ഉയർത്തും. ഗ്രീൻലൻഡ് വാങ്ങാനുള്ള കരാറിൽ യു.എസ് എത്തും വരെ തീരുവ തുടരും.
ഡെൻമാർക്കിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണാധികാരമുള്ള ദ്വീപായ ഗ്രീൻലൻഡിനെ യു.എസിന് വേണമെന്നാണ് ട്രംപിന്റ ആവശ്യം. പണം നൽകിയോ, വേണ്ടി വന്നാൽ സൈന്യത്തെ ഉപയോഗിച്ചോ അത് നേടുമെന്നും പറയുന്നു. ഗ്രീൻലൻഡിനെ വില്പനയ്ക്ക് വച്ചിട്ടില്ലെന്നാണ് ഡെൻമാർക്കിന്റെ നിലപാട്. ദ്വീപിനെ യു.എസ് ഏറ്റെടുക്കുന്നതിനോട് ഗ്രീൻലൻഡിലെ ജനങ്ങളും എതിരാണ്.
തിരിച്ചടിക്കാൻ യൂറോപ്പ്
ട്രംപിന്റെ തീരുവയ്ക്കെതിരെ തിരിച്ചടി നൽകാൻ വ്യാഴാഴ്ച ബ്രസൽസിൽ യൂറോപ്യൻ യൂണിയന്റെ അടിയന്തര യോഗം ചേരും. യു.എസ് ടെക് ഭീമൻമാർക്കും നിക്ഷേപങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യമുണ്ട്. എന്നാൽ യു.കെ തിരിച്ചടി തീരുവകളെ എതിർക്കുന്നുണ്ട്. തീരുവ കൊണ്ടുള്ള 'ബ്ലാക്ക് മെയിലി"ന് വഴങ്ങില്ലെന്ന് ജർമ്മനിയും ഫ്രാൻസും പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |