തിരുവനന്തപുരം: വാളയാർ കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ലത ജയരാജിനെ സർക്കാർ പുറത്താക്കി. ഇന്ന് രാവിലെയാണ് പബ്ലിക് പ്രോസിക്യൂട്ടറായ ലത ജയരാജിനെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചത്. അന്വേഷണത്തിൽ വീഴ്ച വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും, ഉണ്ടെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടയെടുക്കുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
കോടതിയുടെ പരിഗണനയിലായ കേസായതിനാൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാൻ ഇപ്പോൾ സാധിക്കില്ലെന്നാണ് തനിക്ക് ലഭിച്ച നിയമോപദേശമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, പ്രതികളെ വെറുതെ വിട്ടതിനെതിരെ മേൽകോടതിയിൽ അപ്പീൽ നൽകുമെന്നും മികച്ച അഭിഭാഷകരെ കേസ് നടത്തിപ്പ് ഏൽപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണത്തിൽ വീഴ്ചപറ്റിയത് സംബന്ധിച്ച് റിപ്പോർട്ട് കിട്ടിയെന്ന് നിയമമന്ത്രി എ.കെ ബാലൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ശക്തമായ നടപടിയെടുക്കുമെന്നും, ആ നടപടികൾ വരും ദിവസങ്ങളിൽ കാണാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പീഡനത്തിനിരയായ 13 വയസുകാരിയെ 2017 ജനുവരി 13 നും സഹോദരിയായ ഒമ്പതു വയസുകാരിയെ 2017 മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളുടെ ലെെംഗിക പീഡനം സഹിക്കാനാവാതെ പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നാണ് കേസ്.
കേസിൽ പ്രതിചേർക്കപ്പെട്ട വി. മധു, ഷിബു, എം. മധു എന്നിവരെ കഴിഞ്ഞ ഒക്ടോബർ 25ന് പോക്സോ കോടതി വെറുതേ വിട്ടിരുന്നു. പെൺകുട്ടികൾ പീഡനത്തിനിരയായെന്ന് കണ്ടെത്തിയെങ്കിലും പ്രതികൾ ഇവരാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിരുന്നില്ല. ബലാത്സംഗം, ആത്മഹത്യാപ്രേരണ, ബാലപീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെ കേസിൽ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. മൂന്നാം പ്രതി പ്രദീപ് കുമാറിനെ തെളിവില്ലെന്ന് കണ്ട് കോടതി നേരത്തെ വെറുതേ വിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |