ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായി മാറിയ ജമ്മുകാശ്‌മീരിലെ പ്രമുഖ രാഷ‌്‌ട്രീയ നേതാക്കൾ കരുതൽ തടങ്കലിൽ തുടരുന്നത് നീതികേടും ജനാധിപത്യ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി പാർലമെന്റിന്റെ ഇരു സഭകളിലും ഇന്നലെ പ്രതിപക്ഷം സർക്കാരിനെതിരെ പ്രതിഷേധിച്ചു. നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്‌ദുള്ളയ്‌ക്ക് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കണമെന്ന് പ്രതിപക്ഷം സ്‌പീക്കർ ഓം ബിർളയോട് ആവശ്യപ്പെട്ടു. സോണിയ, രാഹുൽ എന്നിവരുടെ എസ്.പി.ജി സുരക്ഷ ഒഴിവാക്കിയതും കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണം, സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളും ശീതകാല സമ്മേളനത്തിന്റെ ആദ്യദിവസം ഇരു സഭകളെയും പ്രക്ഷുബ്‌ദ്ധമാക്കി.രാവിലെ ലോക‌്‌ഭ സമ്മേളിച്ചയുടൻ 'ഫറൂഖ് അബ്‌ദുള്ള എവിടെ' എന്ന മുദ്രാവാക്യം വിളി പ്രതിപക്ഷത്തുനിന്നുയർന്നു. വീട്ടു തടങ്കലിലുള്ള ഫറൂഖ് അബ്‌ദുള്ളയെ മോചിപ്പിക്കാൻ സ്‌പീക്കർ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. സോണിയയ്‌ക്കും രാഹുലിനുമുള്ള എസ്.പി.ജി സംരക്ഷണം ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയ മുദ്രാവാക്യം വിളിച്ചു. അതേസമയം, എൻ.ഡി.എ വിട്ട ശിവസേന എം.പിമാർ ഇന്നലെ ഇരുസഭകളിലും പ്രതിപക്ഷ നിരയിലാണ് ഇരുന്നത്. ലോക‌്‌സഭയിൽ കാർഷിക വിഷയം ഉന്നയിച്ച് രാവിലെ 18 എം.പിമാരും വാക്കൗട്ട് നടത്തി.
പുതിയ നാല് അംഗങ്ങളുടെ സത്യപ്രതിഞ്ജയോടെ ആരംഭിച്ച സമ്മേളനം അന്തരിച്ച മുൻ അംഗങ്ങളും കേന്ദ്രമന്ത്ര്രമാരുമായ അരുൺ ജയ്‌റ്റലി, സുഷമാ സ്വരാജ്, രാംജത് മലാനി എന്നിവർക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് കാര്യപരിപാടിയിലേക്ക് കടന്നത്.
രാജ്യസഭ വഴി തടയലിന് വേദിയാവരുത്: മോദി
പാർലമെന്ററി വ്യവസ്ഥയിൽ പരിശോധനയും സന്തുലനവും ഉറപ്പാക്കുന്നത് രാജ്യസഭാണെങ്കിലും അത് ബില്ലുകളുടെ അവതരണം തടസപ്പെടുത്തുന്നതിനും വഴി തടയലിനുമുള്ള വേദിയാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എൻ.ഡി.എയ്ക്ക് ഭൂരിപക്ഷമില്ലാത്ത സഭയിൽ ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ലോക്സഭ കടന്നെത്തിയ മിക്ക ബില്ലുകളും രാജ്യസഭയിൽ കുടുങ്ങിയ സാഹചര്യം ഓർമ്മപ്പെടുത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ വികസന ചരിത്രം പ്രതിഫലിച്ച ചിന്തകളും ആശയങ്ങളും നിറഞ്ഞതായിരുന്നു രാജ്യസഭയുടെ കഴിഞ്ഞ 250 സെഷനുകൾ. ജമ്മുകാശ്മീരിന്റെ പ്രത്യേക അവകാശം എടുത്തു കളഞ്ഞ ബിൽ, ജി.എസ്.ടി ബിൽ, മുത്തലാഖ് ബിൽ എന്നിവ പാസാക്കി രാജ്യസഭ അവസരത്തിനൊത്ത് ഉയർന്നുവെന്നും മോദി ചൂണ്ടിക്കാട്ടി. മഹത്തരമായ പാരമ്പര്യമുള്ള രാജ്യസഭയിൽ തങ്ങളുടെ സംഭാവനകളെയും പ്രവൃത്തികളെയും കുറിച്ച് അംഗങ്ങൾ സ്വയം വിലയിരുത്തണമെന്ന് അദ്ധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു. അംഗങ്ങളുടെ പ്രകടനവും സഭയുടെ ക്രിയാത്മകതയും വർദ്ധിപ്പിക്കാൻ പത്ത് നിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടു വച്ചു. ധൃതിപിടിച്ച് ബില്ലുകൾ പാസാക്കുന്നത് തടയാൻ രാജ്യസഭയ്ക്ക് ഉത്തരവാദിത്വമുണ്ടെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പറഞ്ഞു.
രാജ്യസഭയുടെ ചരിത്രം:
1952മുതൽ പാസാക്കിയത് : 3,817 ബില്ലുകൾ
ഇതുവരെ : 2,282 അംഗങ്ങൾ (208 വനിതകൾ, 137 നോമിനേറ്റഡ്)
ഏറ്റവും കൂടുതൽ കാലം അംഗം: ഏഴുതവണ സഭയിലെത്തിയ ഡോ. മഹേന്ദ്ര പ്രസാദ്
(മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ്, നജ്മാ ഹെപ്തുള്ള, അന്തരിച്ച രാംജത്ത് മലാനി -6 തവണ, എ.കെ. ആന്റണി -5 തവണ)
വനിതകൾ 1952ൽ: 15. ഇപ്പോൾ: 26
-
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |