മെഡൽ കിട്ടിയിട്ടും ജാതി സർട്ടിഫിക്കറ്രില്ലാത്തതിനാൽ ജോലി കിട്ടാതെ മുത്തുരാജിന്റെ ചേട്ടൻ
കണ്ണൂർ: നാടോടി ജീവിതത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് മാങ്ങാട്ടുപറമ്പിലെ ചുട്ടു പൊള്ളുന്ന ട്രാക്കിൽ ജൂനിയർ ആൺ കുട്ടികളുടെ മൂന്ന് കിലോമീറ്റർ നടത്തത്തിൽ സ്വർണത്തെ വെല്ലുന്ന തിളക്കത്തോടെ മുത്തുരാജ് വെള്ളി നേടിയെങ്കിലും ആ നേട്ടത്തിൽ സന്തോഷിക്കാൻ അവനും കുടുംബത്തിനും കഴിയുന്നില്ല. എല്ലാ യോഗ്യതയും മെഡലും ഉണ്ടായിട്ടും തന്റെ മൂത്ത ചേട്ടൻ ശിവന് ജാതി ഏതെന്ന് തെളിയിക്കാൻ കഴിയാത്തതിന്റെ പേരിൽ ആർമിയിൽ കിട്ടിയ ജോലി നഷ്ടമായതാണ് ഈ നാടോടി കുടുംബത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മുത്തുരാജ് വെള്ളിയിലേക്ക് നടന്നു കയറുന്നതിന് സാക്ഷിയായി പിതാവ് ശേഖരനും അമ്മ വല്ലിയും അവന്റെ അഞ്ച് സഹോദരങ്ങളും ട്രാക്കിന് സമീപമുണ്ടായിരുന്നെങ്കിലും ആഹ്ലാദത്തെക്കാൾ തങ്ങളുടെ ഭാവിയെപ്പറ്റിയുള്ള ആശങ്കകൾ ആയിരുന്നു അവരുടെയെല്ലാം മുഖത്തുണ്ടായിരുന്നത്.
യൂണിവേഴ്സിറ്റി ചാമ്പ്യനായിരുന്ന ശിവൻ വില്ലേജ് ഓഫീസിൽ ജാതി സർട്ടിഫിക്കറ്രിനായി ചെന്നപ്പോൾ മാതാപിതാക്കളുടെ വിദ്യാഭ്യാസ രേഖകളും അടുത്തുള്ളവരുടെ സാക്ഷ്യപ്പെുത്തിയ ഒപ്പും വേണമെന്നായി അധികൃതർ. എന്നാൽ തമിഴ്നാട്ടിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് കണ്ണൂരിലെത്തിയ ഇവരുടെ കൈവശം ഒരു രേഖയുമില്ല. ടെന്റ് കെട്ടി കൂട്ടമായി താമസിച്ചിരുന്ന ഇവർ ഇപ്പോൾ കണ്ണൂർ - കാസർകോട് അതിർത്തിയിലുള്ള കാങ്കോൽ ചീമേനിയെന്ന സ്ഥലത്ത് ബന്ധുക്കൾക്കൊപ്പം ചെറിയ വീട് വച്ച് താമസിക്കുകയാണ്. ശേഖരൻ തന്റെ പെട്ടി ആട്ടോയിൽ ആക്രി പെറുക്കി കച്ചവടം നടത്തിക്കിട്ടുന്ന വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. ഇതിനിടെ വല്ലിക്ക് ശരീരത്തിൽ വെള്ളിപ്പാണ്ട് പോലുള്ള രോഗം ബാധിച്ചത് കുടുംബത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി.
ശിവന് ജോലി കിട്ടിയാൽ കുടുംബം രക്ഷപ്പെടുമെന്ന് കരുതി പലയിടത്തും ചെന്നെങ്കിലും ആരും സഹായിച്ചില്ല. പ്രതീക്ഷ നശിച്ച ശിവൻ ഇപ്പോൾ പുല്ലുവെട്ടാനും അച്ഛനൊപ്പം ആക്രി പെറുക്കാനും പോവുകയാണ്. വേളാങ്കണ്ണി എന്ന പേരിട്ടിരിക്കുന്ന പെട്ടി ഓട്ടോയിൽ കുടുംബ സമേതമാണ് എല്ലാ സ്കൂൾ മീറ്രുകൾക്കും ശേഖരനും കുടുംബവും എത്തുന്നത്.
നാടേതെന്ന് അറിയില്ല
തമിഴ്‌നാട്ടിൽ എവിടെയോ ആണ് കുടുംബവേരുകൾ ഉള്ളതെന്ന് മാത്രമേ ശേഖരന് അറിയൂ. പണ്ട് കേരളത്തിലേക്ക് വന്ന നാടോടിസംഘത്തിലുണ്ടായിരുന്നയാളാണ് ശേഖരന്റെ അമ്മ. ചിറക്കലിൽ വച്ചാണ് ശേഖരൻ ജനിക്കുന്നത്. ഇവിടെ വച്ചാണ് വല്ലിയെ ഒപ്പം കൂട്ടുന്നത്. ആറ് മക്കളാണ് ഇവർക്കുള്ളത്. ശിവൻ, മൂർത്തി,മുത്തു,മുത്തുരാജ്,മനു,കൃഷ്ണപ്രിയ.
കായിക കുടുംബം
ശേഖരന്റെ മക്കളെല്ലാം കായിക താരങ്ങളാണ്.മൂത്ത ചേട്ടൻ ശിവൻ ക്രോസ് കൺട്രി, 5000, 10000 മീറ്രറുകളിൽ കണ്ണൂർ യൂണിവേഴ്സിറ്റി ചാമ്പ്യനായിരുന്നു. പ്ലസ് ടു വിദ്യാർത്ഥി മൂർത്തി നടത്തത്തിൽ മികവ് തെളിയിച്ചിട്ടുണ്ട്. പ്ലസ് വൺ വിദ്യാർത്ഥിയായ മുത്തു ഇവിടെ 400, 400 മീറ്രർ ഹർഡിൽസ് എന്നിവയിൽ മത്സരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |