തിരുവനന്തപുരം: നിയമസഭയിൽ തന്റെ ഡയസിൽ കയറി മുദ്രാവാക്യം വിളിച്ചതിന് നാല് എം.എൽ.എമാർക്കെതിരെ നടപടിയെടുത്ത് സ്പീക്കർ. സഭയുടെ മര്യാദകൾ ലംഘിച്ചെന്ന കാരണം കാണിച്ച് പ്രതിപക്ഷ എം.എൽ.എമാരായ റോജി.എം.ജോൺ, കെ.സി ബാലകൃഷ്ണൻ, എൽദോസ് കുന്നപ്പള്ളി, അൻവർ സാദത്ത് എന്നിവർക്ക് താൻ ശാസന നൽകുന്നുവെന്നാണ് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സഭയിൽ പറഞ്ഞത്. കോൺഗ്രസ് എം.എൽ.എ ഷാഫി പറമ്പിലിനെ മർദിച്ച സംഭവത്തിലാണ് എം.എൽ.എമാർ സ്പീക്കറുടെ ഡയസിൽ കയറി മുദ്രാവാക്യം വിളിച്ചത്.
ഇന്നലെ മുതൽ ഈ വിഷയത്തിൽ നിയസഭയിൽ പ്രതിപക്ഷ പ്രതിഷേധം പുകയുകയായിരുന്നു. ഇന്നലെ എം.എൽ.എമാർ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് സ്‌പീക്കർ തന്റെ കസേരയിൽ നിന്നും ഇറങ്ങിപോയിരുന്നു. അസാധാരണമായി ബഹളങ്ങൾ ഉണ്ടായാൽ സഭാനടപടികൾ നിർത്തി വയ്ക്കുന്നതായോ, പിരിയുന്നതായോ സ്പീക്കർ മൈക്കിലൂടെ അറിയിക്കണമെന്നാണ് കീഴ്‌വഴക്കം. എന്നാൽ സഭ നിർത്തി വയ്ക്കുകയാണ് എന്ന് അറിയിക്കാതെ സ്പീക്കർ ഇന്നലെ കസേരയിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു.
അതേസമയം, എം.എൽ.എമാർക്കെതിരെ നടപടി ഉണ്ടായപ്പോൾ 2015 മാർച്ച് 13ന് മുൻ ധനമന്ത്രി കെ.എം മാണിയുടെ ബഡ്ജറ്റ് അവതരണത്തിനിടെ എൽ.ഡി.എഫ്. എം.എൽ.എമാർ സഭയിൽ പ്രതിഷേധിച്ച സംഭവം പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അന്നത്തെ സംഭവത്തിനിടെ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉൾപ്പെടെ പ്രതിഷേധകർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും പ്രതിപക്ഷം ഉയർത്തിക്കാട്ടിയിരുന്നു. വാളയാർ സംഭവം, മാർക്ക്ദാന വിവാദം എന്നീ വിഷയങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് നടന്ന കെ.എസ്.യു മാർച്ചിനിടെ ഉണ്ടായ പൊലീസ് മർദ്ദനത്തിൽ ഷാഫി പറമ്പിലിന് പരിക്കേറ്റിരുന്നു. ഇതിനെ തുടർന്നാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |