തിരുവനന്തപുരം : യൂണിവേഴ്സിറ്രി കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്..എഫ്..ഐ,കെ..എസ്..യു വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് റോഡിൽ മുഖാമുഖം കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കിയതോടെ .കോളേജിന് മുൻവശത്ത് എം..ജിറോഡിൽ ഇന്നലെ വൈകിട്ട് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.ഇവരുടെ നടുക്ക് സംഘർഷം നിയന്ത്രിക്കാൻ പൊലീസും നിലയുറപ്പിച്ചു.ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. യൂണിവേഴ്‌സിറ്റി കോളേജിലെ ഒന്നാം വർഷ എക്കണോമിക്സ് ബിരുദ വിദ്യാർത്ഥിയും കെ.എസ് .യു നേതാവുമായ അമൽ സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ എസ് .എഫ്.ഐ പ്രവർത്തകർ അമലിനെ ആക്രമിച്ചു.
ആക്രമണം വിവരം അറിഞ്ഞ കെ.എസ് .യു പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തിൽ ഏഴോളം പേർ യൂണിവേഴ്‌സിറ്റി കോളേജിലേക്ക് എത്തി. ഗേറ്റിനടുത്തെത്തിയപ്പോൾ കോളേജിന് അകത്തുനിന്നും അൻപതോളം വരുന്ന എസ് .എഫ്.ഐ പ്രവർത്തകർ ഇവരെ കല്ലെറിഞ്ഞു. കല്ലേറിൽ അഭിജിത്ത്, നബീൽ കല്ലമ്പലം എന്നീ കെ.എസ് .യു നേതാക്കൾക്ക് തലയ്ക്ക് പരിക്കേറ്റു. അഭിജിത്തിന്റെ ചെവിയിൽ നിന്നും രക്തം ഒഴുകി. നബീലിന്റെ തലയ്ക്ക് മാരകമായ മുറിവേറ്റു. കൂടുണ്ടായിരുന്നവർക്കും കല്ലേറിൽ പരിക്ക് പറ്റി .കെ.എസ് .യു പ്രവർത്തകരും കോളേജിലേക്ക് തിരിച്ച് എറിഞ്ഞെങ്കിലും ആൾബലം കുറവായതിനാൽ കല്ലേറിൽ നിന്നും പിന്മാറി . കല്ലേറേറ്റ അഭിജിത്തും സംഘവും സാഫല്യം കോംപ്ലക്‌സിന് മുന്നിൽ റോഡിൽ കിടന്നു പ്രതിഷേധിച്ചു. നേതാക്കളായ നസീർ കഴക്കൂട്ടം, സെയ്ദാലി കായ്പാടി , ശരത് ശൈലേശ്വരൻ എന്നിവരുടെ നേതൃത്വത്തിൽ പെൺകുട്ടികളടക്കമാണ് റോഡിൽ പ്രതിഷേധം നടത്തിയത്. സംഭവമറിഞ്ഞ് പൊലീസെത്തി ഇവരെ റോഡിൽ നിന്നും മാറ്റാൻ ശ്രമമുണ്ടായെങ്കിലും ഇവർ വഴങ്ങിയില്ല
തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകർ റോഡിലിറങ്ങി മുദ്രാവാക്യം വിളിതുടങ്ങി. കോളേജിലേക്ക് കല്ലെറിഞ്ഞ കെ.എസ് .യു പ്രവർത്തകരെ അറസ്റ്റ് ചെയ്യണമന്ന് ആവശ്യപ്പെട്ടായിരുന്നു ഇവരുടെ ബഹളം.എസ് .എഫ്.ഐ ജില്ലാ പ്രസിഡന്റ് അഭിജിത്, യൂണിറ്റ് സെക്രട്ടറി റിയാസ്, യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ ജോബിജോസ് ,എസ് .എഫ്.ഐ ജില്ലാ സെക്രട്ടറി റിയാസ് വഹാബ് എന്നിവരുടെ നേതൃത്വത്തിൽ പെൺകുട്ടികളടക്കം അൻപതിലധികം പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തങ്ങളുടെ പ്രവർത്തകർക്കും പരിക്കേറ്റെന്ന് എസ് .എഫ്.ഐയും ആരോപിച്ചു. ഇരുകൂട്ടരും റോഡിന് ഇരുവശത്തുമായി പ്രതിഷേധം തുടർന്നതോടെ മണിക്കൂറുകളോളം എം.ജിറോഡിൽ ഗതാഗതം സ്തംഭിച്ചു.ഇവരുടെ നടുക്ക് നിന്ന് സംഘർഷം നിയന്ത്രിക്കാൻ പൊലീസും നിലയുറപ്പിച്ചു. സംഘർഷ സാദ്ധ്യത മുന്നിൽക്കണ്ട് എ.സി.പി ഹർഷിത അട്ടല്ലൂരി, ഡി.സി.പി ആദിത്യ എന്നിവരുടെ നേതൃത്വത്തിൽ മൂന്നൂറോളം പൊലീസുകാർ സ്ഥലത്തിയിരുന്നു.
വിവരമറിഞ്ഞ് എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എം ഹസൻ , നെയ്യാറ്റിൻകര സനൽ, ജ്യോതികുമാർ ചാമക്കാല, എം.വിൻസന്റ് എം.എൽ.എ, കെ.മോഹൻകുമാർ ഉൾപ്പെടെയുള്ള നേതാക്കളും റോഡ് ഉപരോധത്തിൽ പങ്കെടുത്തു. അക്രമികൾ ക്യാംപസിനുള്ളിലുണ്ടെന്നും അവർക്കെതിരെ നടപടിയെടുക്കണമെന്നും എ.സി.പിയോട് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. അക്രമികൾക്കെതിരെ കേസെടുക്കാമെന്ന് എ.സി.പി അറിയിച്ചെങ്കിലും അറസ്റ്റു ചെയ്യാതെ പിൻമാറില്ലെന്ന് കെ.എസ്.യു നേതാക്കൾ പറഞ്ഞു. അക്രമികളുടെ പട്ടിക പ്രതിപക്ഷനേതാവ് പൊലീസിനു കൈമാറി. സംഭവത്തിലെ കുറ്റക്കാരെ പിടികൂടിയില്ലെങ്കിൽ റോഡ് ഉപരോധം അവസാനിപ്പിക്കില്ലെന്ന് അദ്ദേഹം പോലീസിനോട് പറഞ്ഞു. പരിക്കേറ്റവർ രക്തമൊലിപ്പിച്ച് കിടന്നിട്ടും ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും പൊലീസ് തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. പൊലിസ് നൽകിയ ഉറപ്പുലംഘിച്ചാൽ ശക്തമായ പ്രതിഷേധവുമായി ഇനിയുമെത്തുമെന്നും സർക്കാറിന്റെ പിന്തുണയോടെ കോളജിൽ സാമൂഹ്യ വിരുദ്ധരും ഗുണ്ടകളും വിളയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സംഭവത്തിൽ ഇന്നലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താൻ യു.ഡി.എഫ് പ്രവർത്തകരോട് ആഹ്വാനം ചെയ്തതായും പ്രതിപക്ഷനേതാവ് അറിയിച്ചു. അക്രമികൾക്കുനേരെ പൊലിസ് നടപടിയെടുക്കുന്നതുവരെ സമരം തുടരുമെന്ന് കെ.എസ്. യു. പ്രസിഡന്റ് അഭിജിത് മാധ്യമങ്ങളോട് പറഞ്ഞു. ഏതെങ്കിലും തരത്തിൽ പൊലിസ് നൽകിയ ഉറപ്പുലംഘിച്ചാൽ സമരവുമായി വീണ്ടും യൂണിവേഴ്സിറ്റി കോളജിലെത്തുമെന്നും അഭിജിത് വ്യക്തമാക്കി. തുടർന്നാണ് എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കാൻ പൊലീസ് തയ്യാറായത്. മുപ്പതോളം വരുന്ന എസ് .എഫ്.ഐ പ്രവർത്തകരെ ഏറെ നേരത്തെ ബലപ്രയോഗത്തിന് ശേഷം അറസ്റ്റ് ചെയ്തു നീക്കി. വൈകുന്നേരം 7.10 ഓടെ ഉപരോധത്തിൽ നിന്ന് പിൻമാറുന്നതായി പ്രതിപക്ഷനേതാവ് അറിയിച്ചു. തുടർന്ന് പൊലീസ് ആംബുലൻസിൽ പരിക്കേറ്റ കെ.എസ് .യു പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെയാണ് സംഘർഷത്തിന് അയവുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |