സിനിമയ്ക്കുള്ളിലെ പരസ്യമായ രഹസ്യമാണ് ചില നടീനടന്മാരുടെയും അണിയറ പ്രവർത്തകരുടെയും ലഹരി, മയക്കുമരുന്ന് ഉപയോഗം. സിനിമാ മേഖലയെ സാരമായി ബാധിക്കുന്ന വിധത്തിൽ സെറ്റിലും ലഹരി ഉപയോഗം അസഹനീയമായതോടെയാണ് നിർമ്മാതാക്കൾ തന്നെ തുറന്നുപറച്ചിലിന് തയ്യാറായത്. മുൻകാലങ്ങളിൽ മദ്യവും കഞ്ചാവും ലൈംഗികതയുമായിരുന്നു ലഹരിയെങ്കിൽ, വിദേശി ഉൾപ്പെടെ വിലപിടിപ്പുള്ള മുന്തിയ ഇനം മയക്കുമരുന്നുകളാണ് ന്യൂജെൻ എന്നു വിളിക്കപ്പെടുന്നവരിൽ ചിലർക്ക് പ്രിയങ്കരം.
ലഹരി വിഷയമാക്കി നിരവധി സിനിമകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. സിനിമക്കാർ ലഹരി ഉപയോഗിക്കുന്നതും പുതിയ കാര്യമല്ല. മുൻപ് ചിത്രീകരണ സ്ഥലങ്ങളിൽ ലഹരിക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. എന്നാലിന്ന് സ്ഥിതിയാകെ മാറിയെന്നാണ് സിനിമാരംഗത്ത് പ്രവർത്തിക്കുന്നവർ സ്വകാര്യമായി വെളിപ്പെടുത്തുന്നത്. മദ്യമല്ല, കുത്തിവയ്ക്കാനും ശ്വസിക്കാനും ഉപയോഗിക്കുന്ന വീര്യമേറിയ ലഹരി വസ്തുക്കളാണ് ഇപ്പോഴത്തെ ഹിറ്റ്. വിദേശയിനങ്ങൾ സെറ്റിൽ വരെ എത്തിക്കാൻ കണ്ണികളും രംഗത്ത് പ്രവർത്തിക്കുന്നുണ്ട്.
ന്യൂജെൻ വില്ലന്മാരാകുന്നോ?
മലയാള സിനിമയിൽ പത്തുവർഷത്തിനിടെയാണ് ലഹരി ഉപയോഗം വർദ്ധിച്ചത്. ന്യൂജനറേഷൻ സിനിമാപ്രവർത്തകരിൽ ചിലരുടെ വരവാണ് ഇതിന് ശക്തി കൂട്ടിയത്. സെറ്റുകളിൽ കാരവനുകളുടെ എണ്ണം പെരുകിയത് ഏതുസമയത്തും മയക്കുമരുന്ന് ഉപയോഗിക്കാൻ വഴിതെളിച്ചു. കാരവൻ ഉപയോഗിക്കുന്ന നടീനടന്മാർക്കും കാമറാമാൻമാർ ഉൾപ്പെടെ സാങ്കേതികപ്രവർത്തകർക്കും ഇതിൽ പങ്കുണ്ട്.
രണ്ടു മുറികളുള്ള കാരവനുകൾ സെറ്റുകളിലെ പതിവ് കാഴ്ചയാണ്. മാനേജർക്ക് പുറമെ പി.എ എന്ന പേരിലും പ്രമുഖർക്ക് സഹായികളുണ്ട്. അവരാണ് ലഹരി എത്തിക്കുന്നതിൽ പങ്ക് വഹിക്കുന്നതത്രെ. ന്യൂജെൻ സിനിമകളുടെ സെറ്റുകളിലാണ് ലഹരി വ്യാപകമാകുന്നത്. നടീനടന്മാരും സംവിധായകരും അണിയറ പ്രവർത്തകരും താരതമ്യേന ചെറുപ്പക്കാരായിരിക്കും. ഒരേ മനോനിലയും ചിന്തയും ആഘോഷങ്ങളോട് താത്പര്യവുമുള്ള ഇവർ സെറ്റുകളിലും ഹോട്ടൽ മുറികളിലും ഒരുമിച്ചുകൂടി മയക്കുമരുന്ന് ഉപയോഗിക്കും. പുലർച്ചെ വരെ ഹോട്ടൽ മുറികളിൽ ആഘോഷം പതിവാണ്. രാവിലെ വൈകി ഉണരുന്നതിനാൽ പലർക്കും സമയത്ത് സെറ്റിൽ എത്താനും കഴിയാറില്ല.
കാരവൻ എന്തിനും മറ
ഓരോ ഷോട്ട് കഴിഞ്ഞാലുടൻ കാരവനിൽ കയറുന്നതാണ് പുതിയ രീതി. അടുത്ത ഷോട്ടിന് ഒരുക്കങ്ങൾ പൂർത്തിയായാലും ചിലർ പുറത്തു വരില്ല. സമീപകാലത്ത്, ചിത്രീകരണത്തിനിടെ കാരവനിൽ കയറിയ യുവതാരങ്ങൾ തിരികെയെത്താൻ വൈകിയപ്പോൾ വനിത നിർമ്മാതാവ് അന്വേഷിച്ചുപോയി. കാരവനിൽ മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്നു നടന്മാർ. വിളിക്കാൻ ചെന്ന വനിതയെ ഇവർ ആക്രമിക്കാൻ ശ്രമിച്ചു. സിനിമ മുടങ്ങുമെന്ന ആശങ്കയും ഭയവും മൂലം നിർമ്മാതാവ് പരാതി നൽകിയില്ല.
കാരവനുകളാണ് ലഹരി ഉപയോഗത്തിന്റെ പ്രധാന കേന്ദ്രമെന്നാണ് സിനിമാവൃത്തങ്ങൾ തന്നെ നൽകുന്ന സൂചന. കാരവനുകൾ റെയ്ഡ് ചെയ്യണമെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ ആവശ്യം ഇക്കാര്യം സ്ഥിരീകരിക്കുന്നു. എൽ.എസ്.ഡി പോലെ ലഹരിയ്ക്കൊപ്പം മതിഭ്രമവും ഉണ്ടാക്കുന്ന മയക്കുമരുന്നുകളാണ് ഭൂരിപക്ഷം പേരും ഉപയോഗിക്കുന്നത്. ലഹരി ഉപയോഗിക്കുന്നവരിൽ എഴുത്തുകാരും നിർമ്മാതാക്കളുമുണ്ട്. താരങ്ങളുടെ ലഹരി ഉപയോഗത്തിന് മൗനാനുവാദം നൽകുന്ന നിർമ്മാതാക്കളും സംവിധായകരും മലയാളത്തിലുണ്ടെന്നതും വസ്തുത.
ഒന്നോ രണ്ടോ സിനിമ വിജയിച്ചാൽ പ്രതിഫലം കുത്തനെ വർദ്ധിപ്പിക്കുന്നവരാണ് യുവനടീനടന്മാരും സാങ്കേതിക പ്രവർത്തകരും. കൈനിറയെ പണത്തിനൊപ്പം സിനിമയിലും പുറത്തും ബന്ധങ്ങളും വിപുലമാകുമ്പോൾ ജീവിതം ലഹരിയിലൂടെ ആഘോഷമാക്കുന്നു ഇവർ.
സഹികെട്ട് നിർമ്മാതാക്കൾ
സിനിമാ സെറ്റുകളിൽ സംവിധായകനും നിർമ്മാതാവിനും മേൽക്കൈയുണ്ടായിരുന്ന കാലം മാറിയെന്ന് നിർമ്മാതാക്കൾ പറയുന്നു. താരങ്ങളും താരപ്പകിട്ടുള്ള സാങ്കേതിക പ്രവർത്തകരിൽ ചിലരും തീരുമാനിക്കുന്നത് അംഗീകരിക്കേണ്ട അവസ്ഥയിലാണ് നിർമ്മാതാക്കൾ. പഴയ താരങ്ങളും സാങ്കേതികപ്രവർത്തകരും നേരിട്ട കോടമ്പാക്കം പട്ടിണിയും ദുരിതവും പുതിയ തലമുറയ്ക്കില്ല. ചിത്രീകരണം മുതൽ മുഴുവൻ ജോലികളും കേരളത്തിൽ തന്നെയായതോടെ രീതികൾ മാറി. അച്ചടക്കമില്ലായ്മയാണ് ഏറ്റവും വലിയ ദോഷമെന്ന് നിർമ്മാതാക്കൾ പറയുന്നു. ഗതികേടു കൊണ്ടാണ് രഹസ്യമാക്കി വച്ചിരുന്ന പലതും തുറന്നു പറയേണ്ടി വന്നതെന്നും അവർ സ്വകാര്യമായി സമ്മതിക്കുന്നുണ്ട്.
പുതുമയില്ലെന്നും വാദം
താരങ്ങളുടെ സെറ്റിലെ പെരുമാറ്റവും ലഹരി ഉപയോഗവും പുതിയ കാര്യമല്ലെന്ന് മുതിർന്ന സിനിമാപ്രവർത്തകരിൽ ചിലർ പറയുന്നു. ഇപ്പോഴത്തെ സംഭവങ്ങളിൽ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് ഒരു പ്രമുഖ സാങ്കേതികപ്രവർത്തകൻ പറഞ്ഞത്. താരങ്ങൾക്കും മറ്റും മുമ്പ് മദ്യമായിരുന്നു ലഹരി. അവ നിർമ്മാതാക്കൾ തന്നെ നൽകിയിരുന്നു. പുതിയ തലമുറ മയക്കുമരുന്നിലേക്ക് മാറി. അവ ലഭിക്കാൻ സ്വന്തം നിലയിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നു മാത്രം. അവരുടെ സ്വകാര്യതയിൽ കടന്നുകയറേണ്ട കാര്യമില്ലെന്നും അദ്ദേഹം പറയുന്നു.
സംഭവങ്ങൾ നിരവധി
2015 ൽ യുവതാരവും സഹസംവിധായികയും മയക്കുമരുന്നുമായി കൊച്ചിയിൽ അറസ്റ്റിലായിരുന്നു. കഴിഞ്ഞ വർഷം സിനിമ ടി.വി നടിയും അറസ്റ്റിലായി. ഏതാനും മാസം മുമ്പ് കൊച്ചിയിൽ ഒരു കപ്പലിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയിരുന്നു. ഒരു ദ്വീപിൽ നടന്ന സിനിമ ചിത്രീകരണ സ്ഥലത്തേക്ക് കടത്താൻ ശ്രമിച്ചതാണ് ഇതെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. മയക്കുമരുന്നിന്റെ ലഹരിയിൽ ഫ്ളാറ്റിലെ അയൽക്കാരിയായ യുവതിയെ തിരക്കഥാകൃത്ത് കടന്നുപിടിച്ച സംഭവവും കൊച്ചിയിലുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |