ഈയാഴ്ച എന്റെ തലയ്ക്കുള്ളിൽ മൂളിപ്പറക്കുന്ന പാട്ട് ''കണ്ടിട്ടില്ല ഞാനീ വിധം മലർച്ചെണ്ടുപോലുള്ള മാനസം"" എന്നതാണ്. അത് മൂളിപ്പറക്കുന്നത് രാജമ്മചേച്ചിയുടെ നുണക്കുഴി പുഞ്ചിരിയുടെ അകമ്പടിയോടെയാണ്. എന്നാണ് ഞാൻ രാജമ്മചേച്ചിയെ ആദ്യം കണ്ടത്?
രാജമ്മചേച്ചിയെ തിരുവനന്തപുരത്തുകാർക്ക് പരിചയപ്പെടുത്തുവാൻ ഒരു പ്രയാസവുമില്ല. ഏറെ നാൾ അവർ മെഡിക്കൽ കോളേജിലും വിരമിച്ചതിനുശേഷം പ്രമുഖ സ്വകാര്യ ആശുപത്രികളിലും ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് എന്ന നിലയിൽ വിലപ്പെട്ട സേവനം അനുഷ്ഠിച്ചിരുന്നു. മാത്രമല്ല, ചേച്ചിയുടെ ഭർത്താവ് ഡോ. രാജൻ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലായിരുന്നു. രണ്ടുപേരും നൈപുണ്യം കൊണ്ടും സാന്ത്വനസ്പർശം കൊണ്ടും കലർപ്പില്ലാത്ത സൗമനസ്യം കൊണ്ടും ആരുടേയും മനസ് കീഴടക്കുന്ന ഡോക്ടർമാർ ആയിരുന്നു. ഇപ്പോൾ ഇരുവരും ജീവിച്ചിരിപ്പില്ല. ഈ അടുത്ത കാലത്താണ് രാജമ്മചേച്ചി മരിച്ചത്, കുറച്ചുമുമ്പേ രാജൻ ചേട്ടനും.
ഞാൻ രാജമ്മചേച്ചിയുടെ അച്ഛൻ സർജൻ ജനറൽ ഡോ. കെ.പി. രാമൻ പിള്ളയുടെ ഇളയ അനുജത്തിയുടെ മകളാണ്. ദില്ലിയിൽ എം.ബി.ബി.എസിന് പഠിക്കാൻ പോകുന്നതിന് മുമ്പ് അച്ഛന്റെ സഹോദരിമാരോട് യാത്ര പറയാൻ ഞങ്ങളുടെ നാടായ കുത്തിയതോട്ടിൽ വന്നപ്പോഴാണ് രാജമ്മചേച്ചി എന്റെ മനസിൽ പതിയുന്നത്. അതിനുമുമ്പ് കണ്ടിരിക്കാം. ഓർമ്മയില്ല. അന്ന് ആറുവയസ് മാത്രം പ്രായമുള്ള ഞാൻ രാജമ്മചേച്ചിയുടെ കടുത്ത ആരാധികയായി മാറി. സ്വൈര്യം കൊടുക്കാതെ അവരുടെ വാലേൽ തൂങ്ങി നടന്നു.
ഒരിക്കൽ കിണറ്റിൻകരയ്ക്കരികിൽ ഇരിക്കുന്ന രാജമ്മചേച്ചിയുടെ മുടി പിന്നിക്കോട്ടെ എന്നു ചോദിച്ചു. എന്തെല്ലാം പിന്നലറിയാം എന്നായി രാജമ്മച്ചേച്ചി. സഞ്ചിപ്പിന്നൽ, സാധാരണ പിന്നൽ... പിന്നെ... പിന്നെ... ഏതായാലും ഞാൻ മുതുകത്ത് ചാഞ്ഞ് കിടന്ന് പിന്നാൻ തുടങ്ങി. എന്റെ പ്രാവീണ്യം മുഴുവൻ പ്രദർശിപ്പിക്കാൻ ശ്രമിച്ചു. ഇപ്പോൾ വർഷങ്ങൾക്കുശേഷം കോളേജിയറ്റ് ഡയറക്ടർ ഓഫീസിൽനിന്ന് റിട്ടയർ ചെയ്ത് വീട്ടിലിരിക്കുമ്പോഴാണ് അവരെ എത്രമാത്രം കഷ്ടപ്പെടുത്തിക്കാണണം എന്ന തോന്നൽ ഉണ്ടാവുന്നത്.
രാജമ്മചേച്ചിയെ കൊണ്ടുപോകാൻ അവരുടെ അച്ഛൻ വന്നപ്പോൾ ഞാൻ പനി പിടിച്ച് കിടപ്പാണ്. അത്രനാളും കണ്ടിട്ടില്ലാത്തത്ര വലിയ ഒരു പെട്ടി ചോക്ലേറ്റും കൊണ്ടാണ് അദ്ദേഹം വന്നതെങ്കിലും രാജമ്മചേച്ചിയെ കൊണ്ടുപോകുന്നത് സഹിക്കാതെ ഞാൻ കരയാൻ തുടങ്ങി. കരഞ്ഞ് അസുഖം കൂട്ടരുതെന്നും പനി നിശേഷം മാറാതെ വെയിലത്ത് ഇറങ്ങി നടക്കരുതെന്നും ഉപദേശിച്ച് അവർ പോയി. പിന്നെ രാജമ്മചേച്ചിയെ കാണുന്നത് എത്രയോ നാളിന് ശേഷം തിരുവനന്തപുരത്തുവച്ചാണ്. അപ്പോഴേക്കും എനിക്ക് തിരുവനന്തപുരത്ത് ജോലിയാവുകയും രാജമ്മചേച്ചി മെഡിക്കൽ കോളേജിൽ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് ആവുകയും ചെയ്തിരുന്നു. മാത്രമല്ല മൂന്ന് ആൺകുട്ടികളുടെ അമ്മയും, സർവോപരി കൂടുതൽ സുന്ദരിയും! കുട്ടികളെ നിയന്ത്രിക്കുന്നതിനിടയിൽ എനിക്ക് നാരങ്ങ വെള്ളവും കൈതച്ചക്ക മുറിച്ചതും ഒക്കെ തന്ന് സത്ക്കരിക്കുന്നതും ഞാൻ ഇന്ദ്രജാലം പോലെ കണ്ടിരുന്നു.
പിന്നീടെന്റെ കണ്ണിൽ ഒരു കുരു കൂടു കെട്ടി മാറാതായപ്പോൾ രാജൻചേട്ടനും മറ്റൊരു ഡോക്ടറും കൂടി അത് കീറി പഴുപ്പ് കളഞ്ഞ് വലിയൊരു കെട്ടുംകെട്ടി വിട്ടു. ഹോസ്റ്റലിൽ തിരിച്ചെത്തിയ ഉടനെ ഞാൻ കെട്ടഴിച്ചുകളഞ്ഞു. രാജമ്മചേച്ചിക്ക് പറ്റിയ ഭർത്താവ് തന്നെ എന്നെനിക്ക് തോന്നി. രാജൻ ചേട്ടൻ സുപ്രസിദ്ധ ഡോക്ടറായ ഡോ. നാരായണന്റെ മകനായിരുന്നു.
പിന്നീട് എന്തു കാര്യം ഉണ്ടെങ്കിലും രാജമ്മചേച്ചിയെ കാണാൻ പോകുന്നത് എന്റെ പതിവായി. ഓരോ തവണ കാണുംതോറും രാജമ്മചേച്ചിക്ക് സൗന്ദര്യം കൂടിക്കൂടി വരുന്നതുപോലെ. ശർമ്മിള ടാഗൂറിനെപ്പോലെ രണ്ട് കവിളിലും നുണക്കുഴി ഉണ്ട്. ചിരിക്കുമ്പോൾ അവ കൂടാതെ നെറ്റിയിലും ഒരു ചുഴി വരും - അതും ശർമ്മിള ടാഗോറിനെപ്പോലെ തന്നെ! ഞാൻ അങ്ങനെ നോക്കിയിരിക്കും.
എന്റെ അമ്മ കാൻസർ രോഗി ആയപ്പോഴാണ് രാജമ്മചേച്ചിയുടെയും രാജൻ ചേട്ടന്റെയും മനോഗുണം ഞാൻ ശരിക്കറിഞ്ഞത്. മെഡിക്കൽ കോളേജിൽ അമ്മ കിടന്നപ്പോൾ ഇവർ രണ്ടുപേരും ഇല്ലായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു. നന്മയിൽ ഇങ്ങനെ പരസ്പരം പൂരകമാകുന്ന ഭാര്യാഭർത്താക്കൻമാരെ അതിനുമുമ്പോ പിമ്പോ ഞാൻ കണ്ടിട്ടില്ല. രണ്ടുപേരും രാവിലെ ജോലി തുടങ്ങുന്നതിനു മുമ്പും ഉച്ചയ്ക്ക് ഒരു മണിക്കും വൈകുന്നേരം അഞ്ച് മണിക്കും മുടങ്ങാതെ വന്നുപോന്നു. അവരുടെ ഓരോ വരവിനും വേണ്ടിയാണ് എന്റെ അമ്മ ഓരോ നിമിഷവും കാത്തു കിടന്നത്. രക്ഷപ്പെടാൻ ഒരു പഴുതും ഇല്ലെന്ന് തീർച്ചയുണ്ടായിരുന്നിട്ടും ഓരോ ചെറിയ കാര്യങ്ങളിലും ശ്രദ്ധ കാട്ടി അവരവിടെ ചെലവഴിക്കും. എന്റെ അനുജത്തി ശ്യാമള കഴിഞ്ഞാൽ അവർ രണ്ടുപേരുമാണ് എന്റെ അമ്മയെ ഏറ്റവും അധികം നോക്കിയിരുന്നത്; മക്കൾ നാലുപേർ അമ്മയ്ക്ക് വേറെ ഉണ്ടായിരുന്നെങ്കിലും. നാട്ടിൽ തിരിച്ചുപോയ അമ്മയ്ക്ക് രോഗം കൂടുതലാണെന്ന് ടെലിഗ്രാം കിട്ടിയപ്പോൾ ഞാൻ എന്തുവേണമെന്നറിയാതെ എന്റെ മകനെയും വീട്ടിലെ എന്റെ സഹായിയെയും കൂട്ടി രാജമ്മചേച്ചിയുടെ അടുത്തേക്ക് പാഞ്ഞു.
അവിടെവച്ചാണ് അമ്മ മരിച്ചുകഴിഞ്ഞു എന്ന് ഞാൻ അറിയുന്നത്. പിറ്റേദിവസം രാവിലെ രണ്ടാളുംകൂടി ഞങ്ങളെ കുത്തിയതോട്ടിലേക്ക് ബസ് കയറ്റിവിട്ടു. അവിടെയെത്തിയപ്പോൾ അമ്മയുടെ ചിത കത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്റെ അനുജത്തി ശ്യാമള മാത്രമേ എന്നോടു സംസാരിച്ചുള്ളു. അന്യമതസ്ഥനെ കല്യാണം കഴിച്ചതിന്റെ പേരിൽ മറ്റെല്ലാവർക്കും ഞാൻ ആരുമല്ലാതായി. മരണാനന്തര കർമ്മങ്ങളിലൊന്നും എന്നെ പങ്കെടുപ്പിച്ചില്ല. എന്തുവേണമെന്ന് വളരെ ആലോചിച്ചതിനുശേഷം അടുത്തുള്ള ഒരു ഉമ്മാച്ചുവിന്റെ വീട്ടിൽനിന്ന് കുറച്ച് ഉണക്കനെൽ വാങ്ങി അവിടെവച്ചു കുത്തി അരിയാക്കിയെടുത്തു. അത് കവറിലാക്കി ഭർത്താവിനൊപ്പം ആലുവയിൽ പോയി. ആലുവ പുഴയിൽ കുളിച്ച് ഉണക്കലരി നനച്ച് ബലിയിട്ടു. ഇടുന്ന സമയം മുഴുവൻ ഒരു കാക്ക എന്റെ മുണ്ടിന്റെ അറ്റം കൊത്തി വലിക്കുന്നുണ്ടായിരുന്നു. എന്റെ കണ്ണ് നിറഞ്ഞൊഴുകിക്കൊണ്ടിരുന്നെങ്കിലും മനസിന്റെ വിങ്ങലും ഭാരവും അതോടെ ഗണ്യമായി കുറഞ്ഞു.
അമ്മ നഷ്ടപ്പെട്ടു കഴിഞ്ഞപ്പോൾ ഞാൻ രാജമ്മചേച്ചിയോട് കൂടുതൽ ചാഞ്ഞു. ഒരിക്കൽ ഞാൻ ചെന്നപ്പോൾ അവർ രണ്ടാളും കൂടി റവന്യൂ മന്ത്രിയായിരുന്ന കെ.ആർ. ഗൗരിയമ്മയ്ക്ക് തൊണ്ടയ്ക്ക് എന്തോ പ്രശ്നമുള്ളത് നോക്കാൻ വഴുതക്കാട് സാനഡുവിലേക്ക് പോകാൻ ഇറങ്ങുകയായിരുന്നു. 'സരസേം വാ" എന്നു പറഞ്ഞ് അവർ എന്നെയും കൂട്ടി. തണൽമരങ്ങളുടെ ചുവട്ടിൽ കാർ പാർക്ക് ചെയ്തിട്ട് രണ്ടുപേരും കൂടി അകത്തേക്ക് പോയി. ആ മന്ത്രിമന്ദിരത്തിന്റെ പ്രൗഢഗംഭീരമായ ഭംഗിയും അവിടത്തെ വൃക്ഷങ്ങളടേയും പൂന്തോട്ടങ്ങളുടെയും വിന്യാസവും കാറ്റിന്റെ തലോടലും ഒക്കെക്കൂടി തലയ്ക്കുപിടിച്ച് ഞാൻ മന്ത്രമുഗ്ദ്ധയായി ഇരുന്നു. പിന്നെ എനിക്കുണ്ടായ നഷ്ടം രാജമ്മചേച്ചിയായിരുന്നു. മരിച്ചു കഴിഞ്ഞുമാത്രമേ എനിക്കു അവരെ കാണാൻ കഴിഞ്ഞുള്ളൂ. എന്റെ കൊച്ചേട്ടൻ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തു. അമ്മ മരിക്കുന്നതിനുമുമ്പ് അഭ്യർത്ഥിച്ചതനുസരിച്ച് എന്റെ ഭർത്താവിന് ഓഫീസർ ഗ്രേഡിലുള്ള ജോലി തന്നെ അവർ രണ്ടാളും കൂടി വാങ്ങിക്കൊടുത്തതൊക്കെ അപ്പോൾ ഓർമ്മിച്ചു. അവസാനമായി ഒന്ന് കാണുവാൻ കഴിയാത്തതിന്റെ വേദന ഇപ്പോഴുമുണ്ട്. ഇനി നൂറ് വർഷം ജീവിച്ചാലും അവരുടെ നഷ്ടം എന്നിൽ നിന്ന് മായില്ല, ആ വേർപാട് എന്നെ ദരിദ്രയാക്കി. പക്ഷേ ഒരിക്കൽ ആ സ്നേഹം ലഭിച്ചതിൽ ദൈവത്തോട് നന്ദി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |